'ആ വീഡിയോ അച്ഛന് ആരോ വാട്സ് ആപ്പിൽ അയച്ച് കൊടുത്തു, അച്ഛൻ അമ്മയോട് പറഞ്ഞത്'; മീനാക്ഷി പറയുന്നു
കൊച്ചി: മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഷോയിലൂടെ ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഷോയ്ക്ക് ശേഷം സിനിമയിലും താരത്തിന് അവസരങ്ങൾ ലഭിച്ചു. നിരവധി ചിത്രങ്ങളിൽ മീനാക്ഷി വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മീനാക്ഷിയുടെ വസ്ത്രധാരണമാണ് പലരേയും ചൊടിപ്പിക്കുന്നത്.
അടുത്തിടെ ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ ചിലർ കടുത്ത അധിക്ഷേപമാണ് ഉയർത്തിയത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ചിലർ പ്രതികരിച്ചത്. ഇപ്പോഴിതാ ഇത്തരം സൈബർ ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് മീനാക്ഷി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പൊതുവെ വിവാദങ്ങൾക്ക് മറുപടി പറയാൻ പോകുന്ന ആളല്ല ഞാൻ, അതിന് സമയം കണ്ടെത്താറുമില്ല, സംസാരിക്കാറുമില്ല. അടുത്തിടെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് തോന്നുന്ന രീതിയിൽ ഒരു വീഡിയോ ഇറങ്ങി. ഞാൻ പ്രൊഡക്ഷനിലാണ് ഇതേക്കുറിച്ച് സംസാരിച്ചത്. അവർ പറഞ്ഞു മീനാക്ഷി നേരിട്ട് സംസാരിക്കേണ്ട, ഞങ്ങൾ സംസാരിച്ചോളാം എന്ന്. അവർ സംസാരിച്ച് ആ വീഡിയോ നീക്കം ചെയ്തു എന്നാണ് വിശ്വാസം. അതിന്റെ കൂടുതൽ അപ്ഡേറ്റ്സ് ഞാൻ എടുത്തിട്ടില്ല. എനിക്ക് അതിന്റെ പിന്നാലെ നടക്കാൻ വയ്യ. എനിക്ക് അല്ലാതെ തന്നെ നൂറ് ടെൻഷനും സ്ട്രസും ഉണ്ട്.അതിനിടയിൽ എന്റെ ഡ്രെസിന്റെ അളവ് ആരെടുത്തു എന്ന് നോക്കാനൊന്നും എനിക്ക് വയ്യ. ഏത് അഭിമുഖത്തിലും ചോദിക്കും ഞാൻ ഒകെയാണോയെന്ന്.
ഞാൻ ഓക്കെ ആണ്. എനിക്ക് കുഴപ്പമില്ല. എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ ഉള്ള ആളൊന്നുമല്ല. വിരമിച്ചപ്പോൾ ആണ് അദ്ദേഹം യുട്യൂബൊക്കെ ഒന്ന് എക്സ്പ്ലോർ ചെയ്ത് തുടങ്ങിയത്. അച്ഛന് ആരോ വാട്സാപ്പിൽ അയച്ച് കൊടുത്തു. അത് കണ്ടപ്പോൾ അച്ഛൻ ചോദിച്ചത് എടോ ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് പറയുന്നത്, എന്താ ഇപ്പോൾ പ്രശ്നം എന്താണ് എന്നാണ്. എന്താണെന്ന് എനിക്കും അറിയില്ല, ആളുകളൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്, പോകാൻ പറ എന്നാണ്. ഞാനത്രയും ലിബറലായ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. എനിക്ക് അതുകൊണ്ട് വിഷയമുള്ള കാര്യമല്ല.
ഒരുപരിപാടിക്ക് നമ്മൾ മൂന്ന് പേരും പോകുകയാണ്. നമ്മൾ മൂന്ന് പേരും ഒരുപോലെ പ്രാധാന്യമുള്ളവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് എന്നെ മാത്രം ഷൂട്ട് ചെയ്യുന്നത്.എന്റെ സ്വകാര്യതയെ കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ പറഞ്ഞ് കേട്ടത് പൊതുസ്ഥലത്ത് വന്നിട്ട് പ്രൈവസിയെ കുറിച്ച് എന്തിനാണ് സംസാരിക്കുന്നത് എന്നാണ്. അത് ശരിയാണെന്ന് തോന്നുന്നുണ്ടോ? എവിടെയാണെങ്കിലും ഒരു പരിധി കഴിഞ്ഞാൽ അതെന്റെ പ്രൈവസി എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്റെ വസ്ത്രധാരണം ഒന്നിനോടുമുള്ള യെസ് ആണെന്ന് ഞാൻ കരുതുന്നില്ല. അവിടെയാണ് ഞാൻ അൺകംഫർട്ടബിൾ ആകുന്നത്', മീനാക്ഷി പറഞ്ഞു.












Click it and Unblock the Notifications