ആ പഴയ സാരിയും ചുരിദാറും അല്ല: എന്തുകൊണ്ടാണ് ഈ മാറ്റം, മീര ജാസ്മിന്‍ ആദ്യമായി തുറന്ന് പറയുന്നു
2000-കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുമ്പോള്‍ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു പാഠം ഒന്ന്: ഒരു വിലാപം. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മീര ജാസ്മിന് ലഭിച്ചു.
2015 ന് ശേഷം താരം സിനിമയില്‍ അത്ര സജീവമായിരുന്നില്ല. 2016 ല്‍ പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച താരം 2018 ല്‍ പൂമരത്തിലെ അതിഥി വേഷത്തിലൂടെയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്. 2022 ല്‍ മകള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രധാന വേഷത്തിലേക്ക് മടങ്ങിയെത്തി. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന 'ക്വീൻ എലിസബത്ത്' എന്ന സിനിമയിൽ ടൈറ്റിൽ റോളിലെത്തുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്ത.

തിരിച്ച് വരവിന് ഒരുങ്ങുന്ന മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍. പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു മീര ജാസ്മിനെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പലരും കണ്ടത്. എന്തുകൊണ്ടാണ് ഈ മാറ്റം എന്ന് പലരും പരസ്പരം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം താരം തന്നെ നല്‍കുകയാണ്.
തന്റെ പഴയ സിനിമകള്‍ കണ്ട പ്രേക്ഷകരുടെ മനസ്സില്‍ എനിക്കൊരു സ്ഥനാമുണ്ട്. എപ്പോഴും സാരിയും ചുരിദാറും ഒക്കെ ഇട്ട് നടക്കുന്ന ആളായിട്ടാണ് ആളുകള്‍ക്ക് എന്നെ പരിചയമുള്ളത്. അതല്ലാതെ മറ്റൊരു ഭാഗം ആരും കണ്ടിട്ടില്ല. എനിക്ക് വേറൊരു ജീവിതം കൂടെയുണ്ട്. അത് ആളുകളെ കാണിക്കണം, എന്റെ ജീവിതം ഇങ്ങനെയാണ് എന്ന് പറയണമായിരുന്നു. അതുകൊണ്ട് ഇന്‍സ്റ്റഗ്രാമിലെ ഇത്തരം ചിത്രങ്ങളെന്നും മീര പറയുന്നു.
ജീവിതത്തിന്റെ കളര്‍ഫുള്‍ ആയിട്ടുള്ള ഒരു സൈഡ് കൊണ്ടുവരണം എന്നാഗ്രഹിച്ചിട്ട് കൊണ്ടുവന്നതാണ് ഇന്‍സ്റ്റഗ്രാമിലെ ലുക്ക്. പിന്നെ നമ്മള്‍ എല്ലാവരും മാറ്റത്തിന് അനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുകയാണല്ലോ? ഓരോ ദിവസവും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. പത്ത് വര്‍ഷം മുന്‍പത്തെ ആളെ പോലെ എനിക്ക് ഇപ്പോഴും ഇരിക്കാന്‍ സാധിക്കില്ലല്ലോയെന്നും ക്വീന്‍ എലിസിബത്തിന്റെ പ്രമോഷന് ഇടയില്‍ മീര ജാസ്മിന്‍ പറയുന്നു.
അതേസമയം, കഥ കേള്‍ക്കാനായി താന്‍ ഒരു ടീം രൂപീകരിച്ചതിനെക്കുറിച്ചും മീര തുറന്ന് പറയുന്നുണ്ട്. ഒരു കഥ കേട്ടാൽ അത് അവരോട് ചർച്ചചെയ്യും. എന്നിട്ടാണ് തീരുമാനത്തിലെത്തുക. അതോടൊപ്പം തന്നെ സിനിമ മൊത്തത്തില്‍ പഠിക്കും. ക്യാരക്ടർ എന്താണ്? സംവിധായകൻ ആരാണ്? എന്നിങ്ങനെ പല ഘടകങ്ങളും ശ്രദ്ധിക്കും. ഒപ്പം മറ്റ് താരങ്ങളെക്കുറിച്ചും അന്വേഷിക്കാറുണ്ട്.
അഭിനയിക്കാതിരുന്ന സമയത്ത് ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു ഞാന്‍. സിനിമകളൊക്ക കാണുമായിരുന്നു. അഭിനയത്തിൽനിന്ന് മാത്രമാണ് ബ്രേക്കെടുത്തത്. ജീവിതത്തിലെ ബാക്കി എല്ലാ ഇഷ്ടങ്ങളും തുടർന്നു. യൂറോപ്പും അമേരിക്കയുമൊക്കെയായി ഒരുപാട് യാത്രകള്‍ ചെയ്തു. അഭിനയിക്കുമ്പോൾ സിനിമയെപ്പറ്റി മാത്രം ആലോചിക്കും. യാത്രയിലാകുമ്പോൾ അതിനെക്കുറിച്ചും. - മീര പറയുന്നു.












Click it and Unblock the Notifications