'മീരാ ജാസ്മിൻ മൂഡ് അനുസരിച്ചാണ് പെരുമാറുക,അവരോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ..മോഹൻലാൽ നേരത്തേ വന്നു'; അളഗപ്പന്‍
മോഹൻലാലിനേയും മീരാ ജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ പടമാണ് രസതന്ത്രം. പ്രശസ്ത ക്യാമറാമാനായ അളഗപ്പനായിരുന്നു സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. ഇപ്പോഴിതാ സഫാരി ചാനലിലൂടെ അന്നത്തെ സിനിമ അനുഭവം പങ്കുവെയ്ച്ചിരിക്കുകയാണ് അദ്ദേഹം. വാക്കുകളിലേക്ക്
'രസതന്ത്രത്തിൽ ആൺവേഷത്തിൽ മീരാ ജാസ്മിൻ കടയിൽ പോകുന്നൊരു സീനുണ്ട്. ആ സീൻ വേണോയെന്ന് കൺഫ്യൂഷൻ ഉണ്ടായിരുന്നു. പഴയ കാലത്തെ പോലെ ആയിപ്പോകുമോയെന്നൊക്കെ. എന്നാൽ മീരാ ജാസ്മിൻ ചായക്കടയിൽ ആ വേഷത്തിൽ അങ്ങനെ പോയപ്പോൾ ആർക്കും മനസിലായില്ല. അത് നാച്വറൽ സീനായിരുന്നു. ആ പടം വിജയിക്കുമെന്ന് അപ്പോൾ തോന്നി.

രസതന്ത്രത്തിന്റെ ഷൂട്ടിങ് നടന്നത് തൊടുപുഴയിലായിരുന്നു. അവിടെ അതിരാവിലെ പുഴയിൽ കോട വരുന്നത് ശ്രദ്ധയിൽ പെട്ടു. അത് വെച്ചൊരു ഷോട്ട് എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു ഷഓട്ട് എടുക്കണമെങ്കിൽ പുലർച്ചെ അഞ്ചരയ്ക്ക് അവിടെ പോകണം. ആദ്യത്തെ സൺ ലൈറ്റ് വരുമ്പോഴായിരിക്കും ആ സീൻ കിട്ടുക. മോഹൻലാൽ സാറിനോട് ഞാൻ ഈ ഷോട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ റെഡിയാണ് എത്ര മണിക്ക് വരണമെന്ന് പറഞ്ഞാൽ മതിയെന്ന്. സാർ വളരെ കൃത്യനിഷ്ഠയുള്ള ആളാണ്.
ഞാൻ സത്യേട്ടനോട് ഇത് പറഞ്ഞു, സമയം തെറ്റിയാൽ പിന്നെ ഷോട്ട് കിട്ടില്ലെന്ന് പറഞ്ഞു. മീരാ ജാസ്മിനോട് എന്നോട് തന്നെ സംസാരിക്കാൻ അദ്ദേഹം പറഞ്ഞു. ഞാൻ മീരയോട് പറഞ്ഞു, പ്രധാനപ്പെട്ടൊരു ഷോട്ടാണ് ഇത്. മീര പറയുന്ന സമയത്തിൽ നിന്നും കുറച്ച് സ്കിപ്പ് ആകുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം. മൂഡ് അനുസരിച്ചാണ് പുള്ളിക്കാരി പെരുമാറുക. ഒരുപാട് പടത്തിൽ അവർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ച് അനുഭവം ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞു മീര അതിരാവിലെ 5.45 ന് വന്നാലാണ് ആ ഷോട്ട് എടുക്കാനാകുക. ഇല്ലെങ്കിൽ ആ ഷോട്ട് എടുക്കാനാകില്ല, വരാമെന്ന് പറഞ്ഞിട്ട് പിന്നെ ആരുടെയെങ്കിലും അടുത്ത് പിണങ്ങി വരാൻ സാധിക്കില്ല, വണ്ടി ലേറ്റായി എന്നൊക്കെ ഒഴിവുകിഴിവുകൾ പറഞ്ഞാൽ ശരിയാവില്ലെന്ന് പറഞ്ഞു. എന്താ അളഗപ്പൻ ചേട്ടാ അങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മീരയുടെ ചോദ്യം. നിങ്ങളുടെ പ്രകൃതം എനിക്ക് അറിയാവുന്നത് കൊണ്ടാണെന്ന് ഞാൻ മറുപടി നൽകി.
പിറ്റേന്ന് രാവിലെ 5.30 ക്ക് ഞങ്ങൾ അവിടെ എത്തി. നോക്കുമ്പോൾ മോഹൻലാൽ സാർ അവിടെ ഒറ്റക്ക് ഇരിക്കുകയാണ്. ഇപ്പുറത്ത് നോക്കുമ്പോൾ മീര ജാസ്മിനും അവിടെ ഇരിക്കുന്നുണ്ട്. ശരിക്കും സർപ്രൈസ് ആയിരുന്നു. ശരിക്കും ആ സീൻ താരങ്ങളുടെ ഡെഡിക്കേഷനും ഉള്ളത് കൊണ്ടാണ് സംഭവിച്ചത്. ലാൽ സാർ വളരെ ഡെഡിക്കേറ്റഡ് ആണ്. അദ്ദേഹത്തിനൊപ്പം ചെയ്ത എട്ട് പടങ്ങളിലും അദ്ദേഹം ഈ രീതിയുൽ തന്നെയാണ് വർക്ക് ചെയ്തിട്ടുള്ളത്.
രസതന്ത്രത്തിൽ മാക്സിമം എനിക്ക് സ്വാതന്ത്ര്യം തന്നിരുന്നു സത്യേട്ടൻ. ലാലിന്റെ അച്ഛൻ മരിച്ച് കഴിഞ്ഞ് വരുന്നൊരു സീനുണ്ട്. അത് കടൽ തീരത്ത് വെച്ച് എടുക്കാമെന്ന് തീരുമാനിച്ചു. വർക്കലയിൽ പോയി രണ്ട് ദിവസം നോക്കി. പുലർച്ചെ കൃത്യമായി തിരമാലകളൊക്കെ കിട്ടുന്നുണ്ട്. അങ്ങനെ സെറ്റിനെ മുഴുവൻ കൊണ്ടുപോയി. എന്നാൽ ഷൂട്ട് ചെയ്യാൻ നോക്കിയപ്പോൾ തിരമാല വരുന്നില്ല, ഞാൻ വളരെ സങ്കടപ്പെട്ടു. കുറേ സമയം ആയി. ഇതോടെ സൺലൈറ്റ് വന്നാൽ ബുദ്ധിമുട്ടാകില്ലേയെന്ന് സത്യേട്ടൻ ചോദിച്ചു, അങ്ങനെ തിരമാലകൾ ഇല്ലാതെ ആ സീൻ എടുക്കാൻ തീരുമാനിച്ചു. കാമറ ലോ ആങ്കിളിൽ വെച്ച് സീൻ എടുത്തു വരുമ്പോൾ എവിടെ നിന്ന് അറിയില്ല വലിയൊരു തിരമാല അടിച്ചുകൊണ്ടിരുന്നു. ആ സീൻ കണ്ട് ശരിക്കും ഞാൻ കരഞ്ഞുപോയി, കട്ട് പറഞ്ഞതിന് ശേഷം ലാൽ സാർ വന്ന് നോക്കിയപ്പോൾ ഞാൻ കരയുകയാണ്, ഏത് വയസിലാണ് ഞാൻ പ്രേമിച്ച് തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു, എല്ലാവരും ആ നേരം ചിരിച്ചു', അളഗപ്പൻ പറഞ്ഞു.












Click it and Unblock the Notifications