'കാണാനാകുമെന്ന പ്രതീക്ഷയിൽ ഞാൻ ഐസിയുവിന്റെ മുന്നിൽ തന്നെ നിന്നു, എന്റെ ഭാര്യയും': എം ജി ശ്രീകുമാർ
അപ്രതീക്ഷിതമായിരുന്നു സംവിധായകൻ സിദ്ദീഖിന്റെ മരണം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് അദ്ദേഹത്തിന്റെ വേർപാട് ഇതുവരെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സിദ്ദീഖുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് ഗായകൻ എം ജി ശ്രീകുമാർ. സിദ്ദീഖ് മരിക്കുന്ന സമയത്ത് താനും ഭാര്യ ലേഖയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും എം ജി ശ്രീകുമാർ പറഞ്ഞു.

തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ഓർമകൾ എന്ന പരമ്പരയിൽ ആണ് എം ജി ശ്രീകുമാർ സിദ്ദീഖിനെക്കുറിച്ച് പറഞ്ഞത്. സിദ്ദീഖ് നമ്മോടൊപ്പം ഇല്ലെന്ന വിഷമം തനിക്ക് ഇപ്പോഴും ഉണ്ടെന്നും ഒരു പുതിയ സിനിമയുടെ ഭൂരിഭാഗം ജോലിയും അദ്ദേഹം ചെയ്ത് വെച്ചിരുന്നതാണെന്നും പക്ഷേ അത് പൂർത്തിയാക്കാനാവാതെ വിടവാങ്ങി, എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് പോലും അറിയില്ലെന്നും എം ജി ശ്രീകുമാർ പറയുന്നു.
തനിക്ക് മാനസികമായ ഒരു അടുപ്പം അദ്ദേഹത്തോടുണ്ടായിരുന്നുവെന്നും അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും എം ജി ശ്രീകുമാർ പറയുന്നു. അദ്ദേഹം ജീവൻ വെടിയുന്നതിന് അര മണിക്കൂർ മുൻപ് ഞാനും എന്റെ ഭാര്യ ലേഖയും ആശുപത്രിയിൽ എത്തി. അദ്ദേഹം അപ്പോൾ ഐ സി വിയുവിൽ ആയിരുന്നു. ബന്ധുക്കളെല്ലാം അടുത്തൊരു മുറിയിലുണ്ട്. സിദ്ദീഖിനെ ഒന്ന് കാണാൻ സാധിക്കുമോ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു, അല്പം ഗുരുതരമാണ്, നോക്കിയിട്ട് പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കാണാനാകുമെന്ന പ്രതീക്ഷയിൽ താൻ ഐസുവിന്റെ മുന്നിൽ തന്നെ നിന്നുവെന്നും തന്റെ ഭാര്യയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് മുറിക്കുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ കരച്ചിൽ കേട്ടു. മരിച്ചുപോയി എന്ന് അപ്പോഴും തനിക്ക് വിശ്വസിക്കാൻ ആയില്ലെന്നും എം ജി ശ്രീകുമാർ പറയുന്നു. അപ്പോൾ ഡോക്ടർ വന്നിട്ട് പുറത്തുനിന്ന തന്നോട് ഹീ ഹാസ് ഗോൺ എന്ന് പറഞ്ഞെന്നും അത് കേട്ടപ്പോൾ താൻ അറിയാതെ കരഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.
എത്രയോ വർഷമായിട്ടുള്ള പരിചയമായിരുന്നു സിദ്ദീഖുമായിട്ട്. ഒരുപാടൊരുപാട് ഓർമകളുണ്ട്. വലിയ ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. പെട്ടെന്ന് അദ്ദേഹം വിട പറഞ്ഞെന്ന് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ താൻ നിശ്ശബ്ദനായെന്നും അദ്ദേഹം പറയുന്നു. ആരോടും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ, എം ജി ശ്രീകുമാർ പറഞ്ഞു.
അദ്ദേഹവുമായി വലിയ ആത്മബന്ധം ഉള്ളതുകൊണ്ടാണ് മരിക്കുന്നതിന് മുൻപെ തനിക്കവിടെ എത്താൻ സാധിച്ചതെന്ന് താന്ഡ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. 2023 ആഗസ്റ്റ് 8 ന് ആണ് സിദ്ദീഖ് മരിക്കുന്നത്. കരൾ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.












Click it and Unblock the Notifications