' നീ ആരോടും പറയേണ്ട, ദിലീപിന്റെ കല്യാണമാ, അതീവരഹസ്യമാണ്'; ദിലീപ്-മഞ്ജു വിവാഹത്തെക്കുറിച്ച് കണ്ണൻ സാഗർ
ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് പ്രശസ്ത മിമിക്രി താരം കണ്ണൻ സാഗർ. 'അവയ് ഷണ്മുഖൺ' എന്ന കോമഡി ഡ്രാമ കൊച്ചിൻ സാഗറിന്റെ ബാനറിൽ റിഹേഴ്സൽ ക്യാംമ്പ് നടക്കുന്ന സമയത്താണ് ദീലിപിന്റെ വിവാഹത്തെക്കുറിച്ച് താൻ അറിഞ്ഞതെന്ന് കണ്ണൻ പറയുന്നു.
കലാഭവൻ രാജൻ ഇടുക്കിയാണ് ദീലിപിന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം രാവിലെ ഏഴുമണിക്ക് മുൻപ് പോകുന്നത് കണ്ടപ്പോൾ എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോഴാണ് നീ ആരോടും പറയേണ്ട ദിലീപിന്റെ കല്യാണം നടക്കുന്നു. അതീവ രഹസ്യമാണ് അബിയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കണ്ണൻ പറയുന്നു.

കണ്ണൻ സാഗർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
ആലുവ ടാസ്സ് ഓഡിറ്റോറിയത്തിൽ സ്റ്റേജ് ഷോകളിൽ ഒരു പുതിയ അധ്യായത്തിന് തിരിതെളിച്ചു 'അവയ് ഷണ്മുഖൺ' എന്ന കോമഡി ഡ്രാമ കൊച്ചിൻ സാഗറിന്റെ ബാനറിൽ റിഹേഴ്സൽ ക്യാംമ്പ് നടക്കുന്ന സമയം ഒരുദിനം രാവിലെ ഓഡിറ്റോറിയത്തിന് കുറച്ചുമാറിയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒരു വിവാഹം നടക്കുന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല.
ആരുടെ കല്യാണമാണ് അവിടെ എന്നറിയാനുള്ള ആകാംഷ കൂടി. ഇടുക്കി രാജൻ മാഷ് (കലാഭവൻ രാജൻഇടുക്കി) ഒരുങ്ങുന്നു എന്റെ ഓർമ്മയിൽ രാവിലെ ഏഴുമണിക്ക് മുൻപാണ് ഒരുക്കം എന്താ മാഷേ എങ്ങോട്ടാ രാവിലെ എന്ന് ഞാൻ ചോദിച്ചു. നീ ആരോടും പറയേണ്ട ദിലീപിന്റെ കല്യാണം നടക്കുന്നു , അതീവരഹസ്യമാണ് അബിയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ ഞങ്ങൾ ഒന്നിച്ചു സഹകരിച്ചവരാ അറിഞ്ഞ സ്ഥിതിക്ക് അവിടെവരെ പോകുവാ ആളും പേരും ഒക്കെ കുറവായിരിക്കും പത്രക്കാരു പോലും അറിഞ്ഞിട്ടില്ല.
എനിക്കും കൗതുകം കൂടി ആരായിരിക്കും വധു അന്നേരം മാഷ് പറഞ്ഞത് സല്ലാപത്തിലെ നായിക മഞ്ജുവാര്യരാ വധു. ഞാനും ഞെട്ടി ധൃതിയിൽ മാഷ് നടന്നുപോയി രാത്രിമുഴുവൻ റിഹേഴ്സൽ കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്നതുകൊണ്ട് എഴുന്നേറ്റപാടെയാ ഇതൊക്കെ നടക്കുന്നത്. മാഷേ ഞാനും വരട്ടെയെന്നു പറഞ്ഞാൽ ചെല്ലാൻ പറയും. പക്ഷേ ഞാൻ ഒന്നേന്ന് തുടങ്ങണം ഒരുങ്ങണം അപ്പോഴേക്കും കല്യാണം കഴിച്ചവർ ദൂരങ്ങൾ താണ്ടിയിരിക്കും.
മാഷ് വന്ന് കല്യാണവിശേഷങ്ങൾ പറഞ്ഞു. പത്തുപേരിൽ താഴയേ ആളുകൾ ഉണ്ടായിരുന്നുള്ളൂ. നാദിർഷാ ഉണ്ടായിരുന്നു. പിന്നെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾ ആരൊക്കെയോ വന്നിരുന്നു. ക്ഷേത്രനടയിൽ താലികെട്ടി അന്നേരമേ അവർ അവിടുന്ന് പോയി ഞാൻ പോരുമ്പോൾ പത്രക്കാരു കേട്ടറിഞ്ഞു വന്നുകൊണ്ടിരുന്നു. പോകാഞ്ഞതിൽ എനിക്ക് നിരാശത്തോന്നി 'ഛെ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ പോകാമായിരുന്നു'....
അബിയിക്കായുടെ വീട്ടിൽ അന്ന് പ്രോഗ്രാമിന് പോകാൻ എല്ലാവരും ഒത്തുകൂടിയ സമയം ഒരു കാർ വന്നുനിന്നു അതിൽനിന്നും ആ വധൂവരന്മാർ ഇറങ്ങി വന്നു അത്ഭുതവും ആവേശവും അലയടിച്ച നിമിഷം കുറേനേരം അവിടെ ചിലവഴിച്ച് ചായയും ഒക്കെ കുടിച്ചു ദിലീപേട്ടനും മഞ്ജുചേച്ചിയും ഞങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് രണ്ടുപേരും പോയി. അപ്പോഴും പത്രങ്ങളിൽ ഈ ദമ്പതികളെ കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരുന്നു. ..
ആ നിമിഷം പകർത്തിയഫോട്ടോയാണിത്. ദിലീപേട്ടനെ പിടിച്ചുകൊണ്ടു നിൽക്കുന്നതാണ് ഞാൻ. ഒരു സിനിമാതാരത്തെ തൊടുവാൻ കിട്ടിയ അവസരം ഞാൻ വിട്ടില്ല അങ്ങ് പുറകിൽ നിൽക്കുന്ന ഞങ്ങളുടെ സൗണ്ട്എഞ്ചിനീയർ റോയ്മോൻ പാലായുടെ കയ്യിൽ ഇരിക്കുന്ന ആ കുഞ്ഞാണ് മലയാള സിനിമയുടെ യുവതാരം അബിയിക്കായുടെ ഓമനപുത്രൻ ഷെയ്ൻനിഗം.
ഞങ്ങൾ നിലം തൊടാതെ താലോലിക്കുന്ന ചാനുകുട്ടൻ. കാലങ്ങൾക്കിപ്പുറം ഓർമ്മകൾ പങ്കുവെക്കാൻ ഒരു ഫോട്ടോ യാതൃശ്ചികമായി കിട്ടി വെറും കഥകളല്ല യാഥാർഥ്യങ്ങളുടെ കയ്യൊപ്പുകളാണ് തെളിവോടെ കുറിക്കാൻ കിട്ടിയ ചിത്രങ്ങളാണ്,
ചിത്രത്തിന് മിഴിവ് അൽപ്പം കുറഞ്ഞാലും എന്റെ കലാചരിത്രത്തിനു പറയാൻ ഇത് ധാരാളം. ..












Click it and Unblock the Notifications