'മിഴിരണ്ടിൽ' നിന്നും പിന്മാറിയതല്ല, മാറ്റിയതാണെന്ന് 'സഞ്ജു'; സംഭവിച്ചത് എന്താണെന്ന് പറഞ്ഞ് സൽമാൻ
കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സീരിയലുകളിൽ ഒന്നാണ് മിഴിരണ്ടിലും. ഈ സീരിയലിലെ നായക കഥാപാത്രമായ സഞ്ജുവിനെ അവതരിപ്പിക്കുന്നത് സൽമാൻ ഉൽ ഫാരീസാണ്. എന്നാൽ സഞ്ജുവിന് ഇനി പുതിയ മുഖം എന്ന് പറഞ്ഞ് ചാനൽ പുറത്തുവിട്ട പുതിയ പ്രൊമോ സഞ്ജുവിന്റെ ആരാധകർക്ക് ഞെട്ടലായിരിക്കുകയാണ്. ഇതിന് പിന്നാലെ എന്തിനാണ് സൽമാൻ ഈ സീരിയലിൽ നിന്ന് പിന്മാറുന്നത് എന്ന് ആരാധകർ ചോദിച്ചിരുന്നു.
മറ്റൊരു സീരിയലിൽ അവസരം ലഭിച്ചതിനാൽ ആണ് സഞ്ജു പിന്മാറുന്നത് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ എന്താണ് സംഭവം എന്ന് വ്യക്തമാക്കുകയാണ് സൽമാൻ. മുൻ സഞ്ജുവിന്റെ വിശദീകരണം എന്ന് പറഞ്ഞാണ് സൽമാൻ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയത്. സീരിയലിൽ നിന്ന് താൻ പിന്മാറിയതല്ല തന്നെ മാറ്റിയതാണ് എന്നാണ് സൽമാൻ പറയുന്നത്.

ആർട്ടിസ്റ്റുകളുടെ സീരിയൽ ഷെഡ്യൂൾ പ്രകാരം മാസത്തിലെ ആദ്യത്തെ പതിനഞ്ച് ദിവസമാണ് ഡേറ്റ് കൊടുക്കുന്നത്. അല്ലെങ്കിൽ 16 മുതൽ 30 വരെയുള്ള ഡേറ്റ് നൽകും. മാസത്തിൽ പകുതി ഒരു സീരിയലിന് കൊടുത്തുകഴിഞ്ഞാൽ അടുത്ത പതിനഞ്ച് ദിവസം ആർടിസ്റ്റുകൾക്ക് എന്തും ചെയ്യാം. മറ്റൊരു സീരിയൽ എടുത്താലും വിഷയമില്ല. പക്ഷേ ഞങ്ങൾ മിഴി രണ്ടിലും സീരിയലിൽ അഭിനയിക്കുന്ന പ്രധാന കഥാപാത്രങ്ങളാരും മറ്റ് സീരിയലുകളിൽ ഒന്നും കമിറ്റഡ് ആയിരുന്നില്ല എന്നാണ് താരം പറയുന്നത്.
പൊതുവേ എഴുത്തുകാരൻ കഥയുടെ വൺലൈൻ ഉണ്ടാക്കിക്കഴിഞ്ഞ്, അതിന് ചാനലിന്റെ അപ്രൂവ് വാങ്ങിയതിന് ശേഷം കഥ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. ആ വൺ ലൈൻ ആർട്ടിസ്റ്റുകളോട് പറഞ്ഞ് ഡേറ്റ് വാങ്ങുകയും ചെയ്യും. പക്ഷേ പലപ്പോഴും ഞങ്ങളുടെ എഴുത്ത് സ്ലോ ആണ്. അത് കാരണം ഷൂട്ട് 15 വരെ എന്നുള്ളത് 20 വരെയൊക്കെ പോവും.
ഞങ്ങളാരും മറ്റ് സീരിയിലുകൾ കമ്മിറ്റ് ചെയ്യാത്തത് കാരണം ആ വിഷയത്തിൽ പ്രശ്നം ഇല്ലായിരുന്നു. എന്നാൽ ഇടയ്ക്ക് ഉമ്മച്ചിക്ക് സുഖമില്ലാതായപ്പോൾ വരുമാനം കൂട്ടണം എന്ന ഘട്ടത്തിൽ എത്തിയെന്നും തന്റെ ടീമിന്റെ സമ്മതത്തോടെയാണ് മറ്റൊരു സീരിയലിൽ കൂടി ട്രൈം ചെയ്തതെന്നും താരം പറയുന്നു. സൺ ടിവിയിൽ നല്ല ഒരു പ്രൊജക്റ്റ് വന്നെന്നും അതിന്റെ ആദ്യ ഘട്ടം മുതൽ ഞാൻ എന്റെ ടീമിനെ അറിയിക്കുന്നുണ്ടായിരുന്നു.
ഡേറ്റ് ഒന്ന് ഓകെയാക്കണം എനിക്ക് തമിഴ് സീരിയലും ചെയ്യണം എന്ന് പറഞ്ഞപ്പോൾ നല്ല രീതിയിലുള്ള സഹകരമാണ് ലഭിച്ചത്. പക്ഷേ തമിഴ് സീരിയലിൽ എനിക്ക് ഷൂട്ട് തുടങ്ങുന്ന സമയമായിട്ടും ഇവിടെ എഴുത്ത് കഴിഞ്ഞില്ല. അത് കാരണം പല തവണ തമിഴ് ടീമിനോട് ഡേറ്റ് മാറ്റി ചോദിക്കേണ്ടി വന്നു. തുടങ്ങാൻ പോകുന്ന പോകുന്ന സീരിയലിന്റെ ടീമിനോട് ഒഴിവുകഴിവുകൾ പറയുന്നത് ഒരു ബാഡ് ഇംപ്രഷനാണ് എന്നറിഞ്ഞിട്ടും നാലഞ്ച് തവണ താൻ ഡേറ്റ് മാറ്റി എന്നും സൽമാൻ പറഞ്ഞു.
എന്നിട്ടും ഇവിടെ കഥ റെഡിയായില്ല എന്നും അവസാന ഘട്ടം തനിക്ക് വേണ്ടി തത്ക്കാലത്തേക്ക് ഒരു അഡീഷണൽ കഥാപാത്രത്തെ കൊണ്ടുവന്ന് ഒരാഴ്ചത്തെ എപ്പിസോഡ് നീട്ടിക്കൊണ്ടുപോകാമെന്ന് മിഴി രണ്ടിലും ടീം പറഞ്ഞെന്നും എന്നാൽ അതിന് ചാനൽ സമ്മതിച്ചില്ല എന്നുമാണ് തനിക്ക് കിട്ടിയ വിവരം എന്നാണ് സൽമാൻ പറഞ്ഞത്.
സഞ്ജു എന്ന കഥാപാത്രമില്ലാതെ കഥ മുന്നോട്ട് പോകില്ല. അങ്ങനെ വന്നാൽ എപ്പിസോഡ് ബ്രേക്കാവും ഒരു എപ്പിസോഡ് കട്ട് ആയാൽ ലക്ഷങ്ങൾ നിർമാതാവ് ചാലിന് കൊടുക്കണം. അത് പരിഹരിക്കാനാണ് അഡീഷണലായി ഒരാഴ്ചത്തേക്ക് ഒരു കഥാപാത്രത്തെ കൊണ്ടുവരാം എന്ന് പറഞ്ഞത്. പക്ഷേ ചാനലുകാർ സമ്മതിച്ചില്ലത്രെ. നായകനെ മാറ്റാം എന്നാണ് അവർ സജഷനായി പറഞ്ഞത്. അത് പോലെ തന്നെ ചെയ്യുകയും ചെയ്തു, സൽമാൻ പറഞ്ഞു.
സഞ്ജു എനിക്കത്രയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രമാണ്. അത്രയും ഇമോഷണലോടെയും ഇഷ്ടത്തോടെയുമാണ് താൻ ആ സീരിയൽ ചെയ്യുന്നതെന്നും മാറ്റുന്ന കാര്യം തന്നെ ഒന്ന് അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് ഏറെ വേദനിപ്പിച്ചതെന്നാണ് കണ്ണുനീർതുടച്ച് സൽമാൻ പറഞ്ഞത്.












Click it and Unblock the Notifications