എമ്പുരാൻ ഒരുങ്ങുന്നത് 400 കോടിക്കോ? മോഹൻലാലിന്റെ പ്രതിഫലം ഇതോ?; ബജറ്റ് കണക്കിലും ഞെട്ടിക്കും പൃഥ്വി പടം
കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന 'L2 എമ്പുരാൻ' (L2 Empuraan). 'ലൂസിഫറിന്റെ' രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിൽ ആരാധകരെ ത്രില്ലടിപ്പിക്കാൻ പാകത്തിലുള്ള ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ നിന്ന് വ്യക്തം. മലയാള സിനിമയിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നടക്കമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിശദമായി അറിയാം
മലയാളത്തിലെ വമ്പൻ ഹിറ്റുകളുലൊന്നായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മോഹൻലാൽ ചിത്രം 200 കോടിയായിരുന്നു നേടിയത്. ബോക്‌സോഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ സിനിമ കേരളത്തിലെ രണ്ടാമത്തെ വേള്‍ഡ് വൈഡ് ഗ്രോസര്‍ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 130 കോടിയോളം രൂപയായിരുന്നു ചിത്രം ആഗോള തലത്തിൽ നിന്നും നേടിയത്.

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിന് ശേഷം മറ്റൊരു ഹിറ്റ് സമ്മാനിക്കാൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എമ്പുരാൻ മോഹൻലാലിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി കഴിഞ്ഞു. രണ്ടാം ഷെഡ്യൂൾ ചെന്നെയിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. ഇതിനായി ഗംഭീര സെറ്റൊരുക്കാനുള്ള ഓട്ടത്തിലാണ് അണിയറ പ്രവർത്തകർ എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. എന്നാൽ 2024 ൽ ചിത്രം റിലീസ് ചെയ്തേക്കില്ലെന്ന് സൂചനയുണ്ട്.
ബിഗ് ബജറ്റിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 400 കോടി ബജറ്റിലാണ് ചിത്രം എത്തുകയെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ സിനിമ 150 കോടി ബജറ്റിലാവും പൂർത്തീകരിക്കുക എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മലയാളത്തിൽ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങിയ ചിത്രം മോഹൻലാൽ നായകനായ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' ആയിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അതേസമയം ചിത്രത്തിനായി എത്രയായിരിക്കും മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. ഒരു സിനിമയ്ക്ക് എട്ട് കോടി വരെയാണ് താരം വാങ്ങാറുള്ളതെന്നാണ് റിപ്പോർട്ട്.
അതിനിടെ ചിത്രത്തിൽ വൻ താരനിര തന്നെയുണ്ടാകുകയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിനും പ്രധാന റോൾ ഉണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാലിന്റെ നായികയായി എത്തുന്നത് പാകിസ്ഥാനിലെ മുൻനിര നായികയായ മഹിറ ഖാൻ ആണെന്നുള്ള വാർത്തകളും ഉണ്ട്.












Click it and Unblock the Notifications