ഓപ്പണിംഗ് ഡേ കളക്ഷനില്‍ റെക്കോഡിട്ട് മോഹന്‍ലാല്‍; ആദ്യ അഞ്ചില്‍ നാലും ലാല്‍ ചിത്രങ്ങള്‍!
മലയാള സിനിമാ വിപണി കഴിഞ്ഞ കുറച്ച് നാളുകളായി വളര്‍ച്ചയുടെ പാതയാണ് കാണിക്കുന്നത്. സിനിമയുടെ ലാഭനഷ്ടക്കണക്കുകളെ കുറിച്ച് തര്‍ക്കങ്ങളുണ്ടെങ്കിലും മലയാളി സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം സാങ്കേതിക മികവിനൊപ്പം മികച്ച പ്രമേയങ്ങളുള്ള ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും സിനിമ ഒരു വ്യവസായമായതിനാല്‍ തന്നെ അതിന്റെ കളക്ഷന്‍ കണക്കുകള്‍ക്ക് പ്രാധാന്യമുണ്ട്.
അത് വെച്ച് നോക്കുമ്പോള്‍ 2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു എന്ന് പറയാം. ആവേശം, പ്രേമലു, ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്സ്, അജയന്റെ രണ്ടാം മോഷണം, സൂക്ഷ്മദര്‍ശിനി, കിഷ്‌കിന്ധാകാണ്ഡം, ഗുരുവായൂരമ്പലനടയില്‍, വാഴ, വര്‍ഷങ്ങള്‍ക്ക് ശേഷം, മാര്‍ക്കോ തുടങ്ങിയ ഒരുപറ്റം മികച്ച കളക്ഷന്‍ നേടിയ സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമാണ് 2024.

2025 ഉം മലയാള സിനിമയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റായപ്പോള്‍ പൊന്‍മാനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയും തിയേറ്റര്‍ കളക്ഷനില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ ബോക്സോഫീസിന് തീകൊളുത്തിയത് എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാനാണ്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കളക്ഷനുമായാണ് എമ്പുരാന്‍ എത്തിയത്.
എമ്പുരാന്‍ തിയേറ്ററില്‍ തീര്‍ത്ത ഓളം അവസാനിക്കും മുന്‍പെ തുടരും റിലീസ് ചെയ്തു. തിയേറ്ററില്‍ ഈ സിനിമയും നിറഞ്ഞോടുകയാണ്. ഈ രണ്ട് സിനിമകളിലും നായകന്‍ മോഹന്‍ലാല്‍ ആണ് എന്നുള്ളത് മറ്റൊരു അപൂര്‍വത. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം പിടിച്ച രണ്ട് സിനിമയിലെ നായകന്‍ എന്ന റെക്കോഡും മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുകയാണ്.
എമ്പുരാന്‍ റിലീസ് ചെയ്ത് 40 മണിക്കൂറിനുള്ളില്‍ ആണ് 100 കോടി ക്ലബില്‍ കയറിയത് എങ്കില്‍ തുടരും നാലാം ദിവസം തന്നെ 100 കോടി ക്ലബില്‍ സ്ഥാനമുറപ്പിച്ചു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ 100 കോടി ക്ലബ് സിനിമയുള്ള താരം എന്ന റെക്കോഡും മോഹന്‍ലാലിന് തന്നെ. എമ്പുരാന്‍ (265 കോടി), പുലിമുരുകന്‍ (136 കോടി), ലൂസിഫര്‍ (129 കോടി), തുടരും (100 കോടി*) എന്നിവയാണ് മോഹന്‍ലാലിന്റെ 100 കോടി ക്ലബ് സിനിമകള്‍.
അതേസമയം മലയാളത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് 5 ഓപ്പണിംഗ് കളക്ഷന്‍ ലഭിച്ച ചിത്രങ്ങളിലും മോഹന്‍ലാലിന് അപൂര്‍വമായ റെക്കോഡുണ്ട്. ഈ കാറ്റഗറിയിലെ ആദ്യ അഞ്ചില്‍ നാലും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ആദ്യ ദിനം തന്നെ 68.20 കോടി രൂപ കളക്ഷന്‍ നേടിയ എമ്പുരാന്‍ ആണ് ലിസ്റ്റില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ( 20.40 കോടി ) ആണ്.
മൂന്നാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ആണ്. 19.20 കോടിയാണ് ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍. ലിസ്റ്റിലെ ഏക മോഹന്‍ലാല്‍ ഇതര ചിത്രവും ഇത് തന്നെ. നാലാം സ്ഥാനത്ത് മോഹന്‍ലാലിന്റെ തന്നെ ഒടിയന്‍ ആണ്, 18.10 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം സ്വന്തമാക്കിയത്. അഞ്ചാം സ്ഥാനത്ത് ആദ്യ ദിനം 17.18 കോടി രൂപ നേടിയാണ് തുടരും ആണ്.
മമ്മൂട്ടിയുടെ ടര്‍ബോ, പൃഥ്വിരാജിന്റെ ആടുജീവിതം എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് എമ്പുരാന്‍, തുടരും എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ലിസ്റ്റില്‍ എത്തിയത്. ടര്‍ബോ 16.20 കോടി രൂപ, ആടുജീവിതം 16.04 രൂപ എന്നിങ്ങനെയാണ് ആദ്യ ദിനം ആഗോള തലത്തില്‍ കളക്ഷന്‍ നേടിയത്.












Click it and Unblock the Notifications