'പലതും വെട്ടിത്തുറന്ന് എഴുതും'; മോഹൻലാലിനേയും മമ്മൂട്ടിയേയും ഞെട്ടിച്ച മുകേഷ്, താരങ്ങൾ പറഞ്ഞത്
സിനിമയിലെ പല രസകരമായ ഓർമ്മകളും പങ്കുവെയ്ക്കുന്ന താരമാണ് നടനും എംഎൽഎയുമായ മുകേഷ്. ഇപ്പോഴിതാ അത്തരത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനൊപ്പമുള്ള രസകരമായ ഒരു സംഭവം വിവരിക്കുകയാണ് മുകേഷ്. ഓരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ താരങ്ങളെ 'ഞെട്ടിച്ച' ഒരു സംഭവത്തെ കുറിച്ച് മുകേഷ് തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
'പലരും എന്നോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒക്കെ കൂടെ എത്രകാലം ജീവിച്ച ആളാണ്. അവരുടെ തെറ്റ് കുറ്റങ്ങൾ പറഞ്ഞൂടെ , പറഞ്ഞാൽ മില്ല്യൺ അടിക്കുമെന്ന്. ഒരിക്കൽ മമ്മൂട്ടിയും മോഹൻലാലും പ്രിയദർശനും ഞാനും കൂടി ഇരിക്കുകയായിരുന്നു. ഞാൻ പറഞ്ഞു എനിക്ക് വലിയ ടെൻഷനൊന്നും ഇല്ല ജീവിതത്തിൽ എന്ന് ഞാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ഇവർ ചോദിച്ചു. അതെന്താ നിനക്ക് മാത്രം ടെൻഷനൊന്നും ഇല്ലാത്തത് എന്ന്. ഇല്ല എനിക്ക് ഉത്കണ്ഠയോ ആശങ്കയോ ഇല്ലെന്ന് ഞാൻ വീണ്ടും പറഞ്ഞു. അപ്പോൾ പ്രിയൻ ചോദിച്ചു എന്താ നിനക്ക് മാത്രം പ്രശ്നം ഇല്ലാത്തത് എന്ന്.

ഒരാൾക്ക് പ്രായമാകുമ്പോൾ വേണ്ടത് സാമ്പത്തിക ഭദ്രതയാണ്. പ്രായമാകുമ്പോൾ കൈയ്യിൽ പൈസയില്ല, സുഖമില്ല, ആശുപത്രിയിൽ പോകാൻ പൈസയില്ല, പെട്ടെന്ന് മക്കൾക്ക് കൊടുക്കാൻ പൈസയില്ല എന്നൊക്കെ അവസ്ഥ വരുന്നതാണല്ലോ ടെൻഷൻ. പ്രായമാകുമ്പോൾ സാമ്പത്തിക ഭദ്രതയില്ലെങ്കിൽ തീർച്ചയായും ടെൻഷൻ വരും. പക്ഷേ എനിക്ക് അതില്ലെന്ന് ഞാൻ വീണ്ടും പറഞ്ഞു.
എന്താ നീ ടാറ്റായും ബിർലായുമാണോയെന്നായി ഇതോടെ അവർ. കാര്യം എന്താണെന്ന് വീണ്ടും ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ ഒരു അവസ്ഥ വന്നാൽ മുകേഷ് എല്ലാം വെട്ടിത്തുറന്ന് എഴുതുന്നുവെന്നൊരു വാർത്ത ഞാൻ മാസികകൾക്ക് കൊടുക്കും. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഫോട്ടോയും കൊടുക്കും. നിങ്ങള് തന്നെ എനിക്ക് എഴുതാതിരിക്കാൻ എത്ര പൈസ തരും. അപ്പോൾ ഞാൻ സെയ്ഫെല്ലേ, ആദ്യത്തെ ലക്കത്തിലുള്ള രണ്ട് കഥ അവിടെ വെച്ച് പറയുകയും ചെയ്തു. ഇവർ രണ്ട് പേരും മുഖത്ത് നോക്കി ഒരു ചിരി ചിരിച്ചു. ഒരിക്കലും അതൊന്നും ജൻമത്ത് പറയില്ല. കഴുത്ത് കണ്ടിച്ചിട്ടാലും പറയില്ല. എന്നാലും ചില സന്ദർഭത്തിൽ പറഞ്ഞ് പോകും കേട്ടോ', ചിരിച്ച് മുകേഷ് പറഞ്ഞു.












Click it and Unblock the Notifications