ബേസിലിന്റെ ആ ഡയലോഗ് ഏറ്റവും കൂടുതല്‍ ചേരുന്നത് ആന്റണിക്ക്: മോഹന്‍ലാലിന്റെ ബിനാമിയെന്ന് വരെ പറയുന്നു
മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രമായ എമ്പുരാന്‍ മുന്‍നിശ്ചയപ്രകാരം മാർച്ച് 27 ന് തന്നെ തിയറ്റേറുകളിലെത്തും. അന്നേ ദിവസം രാവിലെ ആറ് മണി മുതല്‍ പ്രദർശനം ആരംഭിക്കുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ആശിർവാദ് സിനിമാസും ലൈക്കയും ചേർന്നായിരുന്നു സിനിമ നിർമ്മിച്ചത്. എന്നാല്‍ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികള്‍ ഉടലെടുത്തതോടെ സിനിമയുടെ റിലീസ് നീളുമോയെന്ന ആശങ്ക ശക്തമായി.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ശ്രീ ഗോകുലം മൂവിസ് കൂടി എമ്പുരാന്റെ നിർമാണ പങ്കാളിത്വം ഏറ്റെടുത്തതോടെ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചു. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയിട്ടുമില്ല. ചിത്രത്തിന്റെ ടൈറ്റില്‍ കാർഡില്‍ മൂന്ന് നിർമ്മാതാക്കളുടേയും പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആന്റണി പെരുമ്പാവൂരിന്റെ ചടുല നീക്കങ്ങളാണ് ഗോകുലം മൂവിസിനെ ചത്രത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. എന്തായാലും ആന്റണി പെരുമ്പാവൂരിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി സിനിമ പ്രേമികളാണ് രംഗത്ത് വന്നിരിക്കുന്നത്.

'ഒരു ഫോൺ കാൾ ചെയ്‌താൽ ഈ മുറിയിലിപ്പോ ലക്ഷങ്ങൾ വരും... എങ്ങനാ? അതാ ക്യാരക്ടർ, വിശ്വാസം' എന്ന പൊന്‍മാന്‍ സിനിമയിലെ ബേസിലിന്റെ ഡയലോഗ് നിലവില്‍ ഏറ്റവും ചേരുന്നത് ആന്റണി പെരുമ്പാവൂരിനാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രമുഖ സിനിമ ആസ്വാധകരുടെ ഗ്രൂപ്പായ സിനിഫൈലില്‍ മിഖായേല്‍ എന്നയാള്‍ കുറിച്ചിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
'ഒരു ഫോൺ കാൾ ചെയ്‌താൽ ഈ മുറിയിലിപ്പോ ലക്ഷങ്ങൾ വരും... എങ്ങനാ? അതാ ക്യാരക്ടർ. വിശ്വാസം' എന്നത് പൊൻമാൻ സിനിമയിൽ ബേസിൽ പറയുന്ന ഡയലോഗ് ആണെങ്കിലും നിലാവിൽ ഏറ്റവും ചേരുന്നത് ആൻ്റണിക്കാണ്. റിലീസ് ആകാൻ ഒരു മാസം ബാക്കി ഉള്ളപ്പോ സഹ നിർമ്മാതാക്കൾ പിന്മാറി, അവർ മുടക്കിയ തുക തിരിച്ചു ചോദിക്കുന്ന സാഹചര്യം ഏതൊരു നിർമ്മാതാവിനെയും വിറപ്പിക്കുന്നതാണ്.
മലയാളം പോലൊരു സിനിമ വ്യവസായത്തിൽ അങ്ങനെ ഒരു സാഹചര്യം ചിന്തിക്കാൻ പോലും ധൈര്യമുള്ള നിർമ്മാതാക്കൾ കാണില്ല. അവിടെയാണ് ആൻ്റണി ഇത്രയും കാലം ഉണ്ടാക്കി വച്ച നെറ്റ്വർക്ക് ഉപയോഗിച്ചു പ്രശ്നം പരിഹരിച്ച് പറഞ്ഞ ദിവസം പടം ഇറക്കുന്നത്. മരയ്ക്കാർ, ബറോസ് പോലെ ബിഗ് ബജറ്റ് സിനിമകൾ തിയേറ്ററിൽ ഫ്ലോപ്പ് ആയിട്ടും എമ്പുരാൻ പോലൊരു സിനിമ ഇവിടെ ഉണ്ടാക്കാൻ ധൈര്യം കാണിക്കുക. എമ്പുരാൻ തുടങ്ങിയത് മുതൽ സിനിമയ്ക്ക് അകത്തും പുറത്തുമുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് തൻ്റെ ഏറ്റവും വലിയ പ്രൊജക്റ്റ് റിലീസ് ആക്കി മലയാള സിനിമയുടെ അഭിമാനമായി മാറുകയാണ് ആൻ്റണി പെരുമ്പാവൂർ.
ഇവിടുത്തെ ഒരു നിർമ്മാതാവ് ഡ്രൈവർ ഒക്കെയാണ് ഇപ്പൊ സംഘടന ഭരിക്കുന്നത് എന്ന് പറഞ്ഞു കളിയാക്കി, സുരേഷ് കുമാർ ഓപ്പൺ ആയി മീഡയയുടെ മുന്നിൽ ആന്റണിക്കൊന്നും ഞങ്ങളെ എതിർത്തു നിൽക്കാനുള്ള ചങ്കൂറ്റം ഇല്ലെന്ന് പറഞ്ഞു. ആശിർവാദ്ന്റെ പടങ്ങൾ മോശം ആകുമ്പോ ഡീഗ്രേഡ് ചെയ്തു ചെരുപ്പ് മാല അണിയിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. സിനിമയിൽ ഉള്ളവർ ഒളിഞ്ഞും തെളിഞ്ഞും ഡ്രൈവർ എന്ന് പറഞ്ഞു ഇപ്പോഴും കളിയാക്കുന്നു. മോഹൻലാലിന്റെ ബിനാമിയാണ് മോഹൻലാലിന്റെ ക്യാഷ് ആണെന്നൊക്കെ പറഞ്ഞു പ്രേക്ഷകരും ആന്റണിയെ നിരന്തരം അവഗണിച്ചു കൊണ്ടേ ഇരുന്നു.
ഇവർക്കെതിരെയൊന്നും ആന്റണി പ്രതികരിച്ചു കണ്ടില്ല ആരുടേയും ഐഡിയും കളഞ്ഞിട്ടില്ല. ആർക്കെതിരെയും കേസും കൊടുത്തില്ല. ആയാൾ ഇപ്പോഴും തന്റെ സിനിമകളിലൂടെ മലയാള സിനിമയെ വളർത്താൻ ശ്രമിക്കുന്നു. എമ്പുരാൻ ഒരു വലിയ വിജയമായാൽ മറ്റെല്ലാരേക്കാൾ കൂടുതൽ അതിൽ വാഴ്ത്തപ്പെടേണ്ടത് ആന്റണി പെരുമ്പാവൂർ എന്ന മലയാളം കണ്ട ഏറ്റവും മികച്ച പ്രൊഡ്യൂസറിന്റെ പേരാണ്.












Click it and Unblock the Notifications