'ഞാൻ ചെയ്തത് ശരിയാണെന്ന് പറയുന്നില്ല..അഹങ്കാരവുമല്ല'; മറുപടിയുമായി മോഹൻലാൽ
കൊച്ചി: പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫറിന് ശേഷം മികച്ചൊരു ഹിറ്റ് സമ്മാനിക്കാൻ മോഹൻലാൽ എന്ന സൂപ്പർ താരത്തിന് സാധിച്ചിട്ടില്ല. ലിജോ ജോസ് പെല്ലിശേരിയുടെ മലൈകോട്ടെ വാലിബൻ അടക്കമുള്ള സിനിമകളിലൂടെ മോഹൻലാൽ എന്ന താരത്തിന്റെ വലിയ ഹിറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതിനിടയിൽ ഇപ്പോഴിതാ സിനിമകളുടെ തുടർപരാജയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് താരം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മോഹൻലാലിന്റെ തിരഞ്ഞെടുപ്പുകൾ ശരിയാണെന്നൊന്നും പറയുന്നില്ല. 370 ഓളം സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. അതിൽ പല സിനിമകളും മോശമായിപോയിട്ടുണ്ട്. അത് എന്തുകൊണ്ടെന്നൊന്നും പറയാൻ സാധിക്കില്ല. അന്നത് കഥകേൾക്കുമ്പോൾ സിനിമകൾ വലിയ സിനിമയാകണമെന്ന് കരുതും. പക്ഷേ സിനിമകൾ എടുക്കേണ്ട രീതികൾ ഉണ്ട്, അതിനൊരു ഭാഗ്യമുണ്ട്, അതിനൊരു ജാതകമുണ്ട് എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങനെയൊരു മാജിക് റെസിപ്പിയുണ്ടെന്ന് ഞാൻ കരുതുന്നുണ്ട്.
ഒരു നടനെന്ന നിലയിൽ എന്റെ ജോലി എന്നത് നല്ല സിനിമകൾ ചെയ്യുക എന്നതാണ്. വേണമെങ്കിൽ വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യാം. പക്ഷെ നമ്മുടെ ഉത്തരവാദിത്തമായി കൂടെ ഒരുപാട് പേരുണ്ട്. അവരെ സഹായിക്കാനായി മോശം സിനിമകൾ ചെയ്യണമെന്നല്ല പറയുന്നത്. പക്ഷേ ഒരുപാട് സിനിമകൾ ചെയ്യുമ്പോൾ അതിനിടയിൽ മോശം സിനിമകൾ ഉണ്ടായേക്കാം.
ആളുകൾ തെറി പറയുന്നതൊന്നും എന്നെ ബാധിക്കില്ല. കാരണം കഴിഞ്ഞ 46 കൊല്ലമായി ഞാൻ മലയാള സിനിമയ്ക്ക് എന്ത് ചെയ്തുവെന്നത് കൂടി ഉണ്ടല്ലോ. ഒരു സിനിമ കൊണ്ട് അല്ലല്ലോ ജഡ്ജ് ചെയ്യേണ്ടത്. പഴി പറഞ്ഞിട്ട് കരഞ്ഞ് സിനിമ ചെയ്യാതിരിക്കേണ്ട കാലമൊക്കെ കഴിഞ്ഞു', മോഹൻലാൽ പറഞ്ഞു.
വിവാദങ്ങളിൽ നിന്ന് മാറി നടക്കുന്ന ആളാണ് ഞാൻ. അതെന്റെ ബേസിക് കാരക്ടർ അങ്ങനെയാണ്.എനിക്ക് വേറെ അതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്.ഭയങ്കര പ്ലാൻഡ് ആയിട്ട് ലൈഫ് നടത്തുന്ന ആളല്ല ഞാൻ.എന്നെ പറ്റി ആര് പറയുന്നതിലും ഒരു കുഴപ്പവുമില്ല.ഞാൻ ഇത്രയും വർഷമായിട്ട് സിനിമയിൽ അഭിനയിച്ചിട്ട് ഇതൊരു വലിയ മോഹൻലാൽ ആണെന്ന് കാണിക്കേണ്ട കാര്യമില്ല.ഇത് അഹങ്കാരത്തോടെ പറയുകയല്ല., സത്യസന്ധമായ കാര്യമാണ്', മോഹൻലാൽ പറഞ്ഞു.
സ്ത്രീധനത്തെ ചൊല്ലിയുള്ള വിവാദങ്ങളെ സംബന്ധിച്ചുള്ള ചോദ്യത്തോടും താരം പ്രതികരിച്ചു. 'സ്ത്രീധനം വാങ്ങിയിട്ടല്ല ഞാൻ വിവാഹം കഴിച്ചത്. എന്റെ മകൾക്ക് വിവാഹം കഴിക്കാനും അതിന്റെ ആവശ്യമില്ല. അത് ശരിയല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം', അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications