മമ്മൂട്ടിയോട് മത്സരമാണോ? എന്തുകൊണ്ടാണ് ഒന്നിച്ച് വീണ്ടും അഭിനയിക്കാത്തത്?; തുറന്നുപറഞ്ഞ് മോഹൻലാൽ
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ട്. എന്നാൽ ട്വന്റി ട്വന്റിക്ക് ശേഷം സൂപ്പർ താരങ്ങൾ ഒരുമിച്ചെത്തുന്ന സിനിമ സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണിതെന്ന് ഉത്തരം നൽകുകയാണ് മോഹൻലാൽ. ഇരുവരും തമ്മിൽ മത്സരം ഉണ്ടോ, മമ്മൂട്ടിയെ നായകനാക്കി മോഹൻലാൽ സിനിമ സംവിധാനം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ മറുപടി നൽകി. താരത്തിന്റെ വാക്കുകളിലേക്ക്
'ഞാനും മമ്മൂട്ടിയും 55 സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യാൻ തയ്യാറാണ്. എന്റെ സിനിമകളും അദ്ദേഹത്തിന്റെ സിനിമകളും വ്യത്യസ്തമാണ്. ഞങ്ങൾക്ക് മത്സരമില്ല. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുക, അങ്ങനെയൊരു സിനിമയുടെ പ്രൊഡക്ഷനൊക്കെ എളുപ്പമല്ല. ഞങ്ങൾക്ക് മത്സരിക്കേണ്ട കാര്യമില്ല. ഞങ്ങൾ സിനിമയിൽ വന്ന സമയം സിനിമയുടെ സുവർണ കാലമാണ്.ഒരുപാട് സംവിധായകർ, കഥ, നിർമ്മാതാക്കൾ. ആ സമയത്ത് എത്തിപ്പെട്ടു എന്നതാണ് ഭാഗ്യം. എസ് പി പിള്ള, ശിവാജി സാർ, അമിതാഭ് ബച്ചൻ, പദ്മിനിയമ്മ, വേണു ചേട്ടൻ, ഗോപി ചേട്ടൻ അങ്ങനെ പലർക്കൊപ്പവും അഭിനയിച്ചു. ഇതിലൊന്നും മത്സരിക്കേണ്ട കാര്യമില്ല, മത്സരിച്ചാൽ കുഴപ്പമാകും.

മമ്മൂട്ടി -മോഹൻലാൽ ചിത്രം എന്തുകൊണ്ട് വരുന്നില്ലെന്ന് ചോദിച്ചാൽ നമ്മുക്ക് അങ്ങനെയല്ലാതെ സിനിമകൾ ചെയ്യാനുണ്ട്. നാളെ അങ്ങനെയൊരു കഥയുമായി ഒരാൾ വന്നാൽ തീർച്ചയായും ആലോചിക്കും. അപ്പോൾ അതിന്റെ പ്രൊഡക്ഷൻ , കോസ്റ്റ് എല്ലാം നോക്കേണ്ടതുണ്ട്. രണ്ട് പേരെ വെച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ നോക്കേണ്ടതുണ്ട്.
മമ്മൂട്ടിയുമായി വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്. ഞങ്ങളുടെ മക്കളും കുടുംബം പോലെ തന്നെയാണ്. എല്ലാ ദിവസും രാവിലെ മമ്മൂട്ടിയെ വിളിക്കുമെന്നല്ല. എനിക്കൊരു ആവശ്യം വരുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കാര്യം അറിയണമെങ്കിലുമൊക്കെ അദ്ദേഹത്തെ വിളിക്കാറുണ്ട്. അദ്ദേഹം തിരിച്ചും.
അടുത്ത് ഞാൻ രജനീകാന്തിന്റെ കൂടെ ജയിലർ അഭിനയിച്ചു. അദ്ദേഹമൊക്കെ നമ്മളെ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തെ ഒരുപാട് നാളായി എനിക്ക് അറിയാം. എന്റെ ഭാര്യാ പിതാവിന്റെ ഒരുപാട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പണ്ട് മദ്രാസിൽ ഉള്ളപ്പോൾ ഞങ്ങളുടെ ബീച്ച് ഹൗസിൽ ഡിന്നറിനൊക്കെ വരാറുണ്ട്. എപ്പോൾ കണ്ടാലും സ്നേഹമാണ്. ജയിലർ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന് നമ്മളെ കാണുമ്പോൾ എക്സൈറ്റ്മെന്റാണ്. കമലഹാസനും അങ്ങനെ തന്നെയാണ്.
അമിതാബ് ബച്ചൻ ഒരിക്കൽ എന്റെ സിനിമകൾ കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഞാൻ വാനപ്രസ്ഥം അടക്കമുള്ള സിനിമകൾ നൽകി. അദ്ദേഹം കണ്ട് കഴിഞ്ഞപ്പോൾ ചോദിച്ചത് എങ്ങനെയാണ് താങ്കൾക്കിതൊക്കെ ചെയ്യാൻ സാധിക്കുന്നത് എന്നാണ്. കാരണം കഥകളിയൊക്കെ അവർക്ക് വലിയ കാര്യമല്ലേ. കലയോടും കലാകാരനോടുമുള്ള അവരുടെ സ്നേഹം വലുതാണ്.
മമ്മൂട്ടിയെ നായകനായിക്കി ഒരു സിനിമ ചെയ്യാൻ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കട്ടെയെന്നായിരുന്നു മറുപടി. 'ബറോസ് ചെയ്തത് അതിന്റെ സബ്ജക്ട് വ്യത്യസ്തമായത് കൊണ്ടാണ്. സംവിധാനം എന്നത് എന്റെ ജോലി അല്ല, അത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ബറോസ് ചെയ്യാൻ സാധിക്കുന്നത് ഒരു അനുഗ്രഹം പോലെയാണ് കാണുന്നത്. അതിന്റെ വിജയ പരാജയമൊന്നുമല്ല നോക്കുന്നത്, ജീവിത യാത്രയിൽ ഇങ്ങനെയൊരു നിയോഗം കൂടി എനിക്കുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഒരു പ്രവൃത്തിയായിട്ടാണ് ഈ സിനിമയുടെ സംവിധാനത്തെ കാണുന്നത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications