പാമ്പ് ചാക്കോയും കൂട്ടരും വരുന്നു മക്കളെ; ചിരിപ്പിക്കാന്‍ 'ഛോട്ടാ മുംബൈ' റീറിലീസിന്
പ്രേക്ഷകര്‍ തലകുത്തി നിന്ന് ചിരിച്ച ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രത്തിലെ ഓരോ തമാശ ഡയലോഗുകളും ആരാധകര്‍ക്ക് കാണാപാഠമാണ്.
പൂര്‍ണമായും കോമഡി എന്റര്‍റ്റെയ്‌നര്‍ എന്ന നിലയിലുള്ള ഈ ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, ജഗതി, ഇന്ദ്രജിത്ത്, സിദ്ദിഖ്, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍, സായ്കുമാര്‍, ഭാവന എന്നിവര്‍ മത്സരിച്ച് അഭിനയിച്ച ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

മണിയന്‍ പിള്ള രാജു ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രം റീറിലീസിന് ഒരുങ്ങുന്നതായുള്ള വിവരം മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ആണ് പങ്കുവെച്ചത്. അതേസമയം സമൂഹ മാധ്യമത്തിലെ ഒരു കമന്റിനു മറുപടിയായിട്ടാണ് നിരഞ്ജ് ഇക്കാര്യം അറിയിച്ചത്.
നിരഞ്ജിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ 4 കെയില്‍ റിലീസ് ചെയ്യുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. 'ഛോട്ടാ മുംബൈ റി റിലീസ് ഹാപ്പനിങ്' എന്നായിരുന്നു നിരഞ്ജിന്റെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വാസ്‌കോ ഡ ഗാമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ രാജന്‍ പി. ദേവ് അഭിനയിച്ച പാമ്പ് ചാക്കോ എന്ന കഥാപാത്രം അഭിനയമികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിക്കാന്‍ ഏറെ മുഹൂര്‍ത്തങ്ങളുള്ള ചിത്രം ഇനിയും റിലീസ് ചെയ്താലും പുതുതലമുറ ഉള്‍പ്പെടെയുള്ള ആരാധകര്‍ തീയറ്ററിലെത്തും എന്നാണ് കണക്കുകൂട്ടല്‍. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും അന്ന് ഹിറ്റായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ ഹിറ്റായ മാറിയ നിരവധി സിനിമകളാണ് ഇത്തരത്തില്‍ രണ്ടാമതും തിയറ്ററുകളില്‍ എത്തിക്കുന്നത്. അടുത്തിടെ മമ്മൂട്ടി നായകനായ മലയാളത്തിലെ ക്ലാസിക് ചിത്രം ഒരു വടക്കന്‍ വീരഗാഥ റീ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന സൂചനകള്‍ വരുന്നത്.
സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളും റീ റിലീസ് ചെയ്തിട്ടുണ്ട്. ദേവദൂതന്‍ ആണ് മലയാളം റി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. 5.4 കോടിയാണ് ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍. മണിച്ചിത്രത്താഴ് 4.4 കോടിയും സ്ഫടികം 4.82 കോടിയും നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications