തുടരെ പരാജയചിത്രങ്ങള്‍.. തിരിച്ചുവരവ് ബ്ലോക്ക്ബസ്റ്ററിലൂടെ മാത്രം! മോളിവുഡോ മോഹന്‍ലാല്‍വുഡോ?

മലയാള സിനിമയിലെ ബോക്‌സോഫീസ് കളക്ഷനിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കിയ താരമാണ് മോഹന്‍ലാല്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ സിനിമ തുടരെ തുടരെ വിജയക്കുതിപ്പ് നടത്തുന്ന കാഴ്ചയാണ് 2025 ല്‍ കാണാനാകുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ കരിയര്‍ ആകെ പരിശോധിച്ചാലും ഈ പ്രവണത നിലനില്‍ക്കുന്നത് കാണാം. തുടര്‍ പരാജയങ്ങളില്‍ നിന്ന് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൂടെയാണ് മോഹന്‍ലാല്‍ എപ്പോഴും തിരിച്ചുവന്നിട്ടുള്ളത്.

മോഹന്‍ലാല്‍ ആദ്യമായി സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട രാജാവിന്റെ മകന്‍ തൊട്ട് ഈ ആവര്‍ത്തനം കാണാനാകും. അതുവരെ പ്രതിനായക വേഷങ്ങളില്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ട നടനായിരുന്നു മോഹന്‍ലാല്‍. അതിനാല്‍ തന്നെ ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നതില്‍ പല നിര്‍മാതാക്കളും മടിച്ചു. മാത്രമല്ല പരാജയ സിനിമകളുടെ സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ പ്രൊജക്ട്, മമ്മൂട്ടി ഉപേക്ഷിച്ച സിനിമ എന്നീ 'അപവാദങ്ങളും' ആ സിനിമയ്ക്ക് ഉണ്ടായിരുന്നു.

Mohanlal

ഒടുവില്‍ തമ്പി കണ്ണന്താനം തന്നെ രാജാവിന്റെ മകന്‍ നിര്‍മിച്ചു. മോഹന്‍ലാലിന്റെയും മലയാള സിനിമയുടേയും തലവര മാറ്റിയ തീരുമാനമായിരുന്നു അത്. മലയാള സിനിമ എന്ന വ്യവസായത്തിന്റെ ബോക്‌സോഫീസില്‍ മോഹന്‍ലാല്‍ അത്ഭുതം തീര്‍ക്കാന്‍ തുടങ്ങിയത് അന്ന് മുതലാണ്. പ്രതിനായകന് ഹീറോ പരിവേഷം നല്‍കുന്ന ഡെന്നീസിന്റെ തിരക്കഥയിലെ വിന്‍സെന്റ് ഗോമസ് ആയി മോഹന്‍ലാല്‍ മികച്ച പ്രകടനം നടത്തി.

1986 ല്‍ പുറത്തിറങ്ങിയ 'രാജാവിന്റെ മകന്‍' ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായി മാറി. അതിലുപരി ആ സിനിമ ഒരു ട്രെന്‍ഡ് സെറ്റര്‍ കൂടിയായിരുന്നു. അധോലോക നായകന്‍ വിന്‍സന്റ് ഗോമസിന്റെ സംഭാഷണങ്ങളും കോസ്റ്റ്യൂമുമെല്ലാം തരംഗമായി മാറി. മമ്മൂട്ടിക്ക് ശേഷം പുതിയൊരു സൂപ്പര്‍താരത്തിന്റെ പിറവിയായിരുന്നു രാജാവിന്റെ മകനിലൂടെ സംഭവിച്ചത്.

എന്നാല്‍ അതിന് ശേഷം ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ആ സിനിമയുടെ വിജയം ആവര്‍ത്തിക്കാനായില്ല. മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ രാജാവിന്റെ മകന്റെ വിജയം ലഭിച്ചില്ല. ആ കാലഘട്ടത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ബോക്‌സോഫീസില്‍ നിന്ന് ലഭിച്ചത്.

പിന്നീട് 1987 ല്‍ എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടിലൂടെ മോഹന്‍ലാല്‍ ഗംഭീര തിരിച്ചുവരവ് നടത്തി. ഒരിക്കല്‍ കൂടി മോഹന്‍ലാല്‍ അധോലോക രാജാവിന്റെ വേഷമണിഞ്ഞതോടെ ഇരുപതാം നൂറ്റാണ്ട് രാജാവിന്റെ മകന്റെ വിജയം ആവര്‍ത്തിച്ചു. സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രം മോഹന്‍ലാലിന്റെ സൂപ്പര്‍താര പദവി ഊട്ടിയുറപ്പിച്ചു.

ഇതിന് പിന്നാലെ കമലിന്റെ ഉണ്ണികളെ ഒരു കഥ പറയാം, ജോഷിയുടെ ജനുവരി ഒരു ഓര്‍മ, സത്യന്‍ അന്തിക്കാടിന്റെ നടോടികാറ്റ്, തമ്പി കണ്ണാന്തനത്തിന്റ ഭൂമിയിലെ രാജാക്കന്‍മാര്‍, വേണുനാഗവള്ളിയുടെ സര്‍വ്വകലാശാല പ്രിയദര്‍ശന്റെ ആര്യന്‍ എന്നീ സൂപ്പര്‍ഹിറ്റുകളിലൂടെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തരംഗമായി. എന്നാല്‍ ആ വര്‍ഷം ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിയാണ് ബോക്‌സോഫീസ് കിംഗ് ആയത്.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ മോഹന്‍ലാല്‍ തന്റെ സിഹാംസനം തിരിച്ചുപിടിച്ചു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിലൂടെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് മോഹന്‍ലാല്‍ സ്വന്തം പേരിലേക്ക് എഴുതി ചേര്‍ത്തു. 365 ദിവസത്തിലധികം ദിവസങ്ങള്‍ ആണ് ചിത്രം തിയേറ്ററില്‍ ഓടിയത്. അതിന് ശേഷം വന്ന പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, കിരീടം, സത്യന്‍ വരവേല്‍പ്പ്, ഇന്ദ്രജാലം, ഏയ് ഓട്ടോ, ലാല്‍ സലാം, ഉള്ളടക്കം എന്നീ ലാല്‍ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായി.

എന്നാല്‍ ബ്ലോക്ക്ബസ്റ്റര്‍ പദവി കിട്ടുന്നത് ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കായിരുന്നു. 1990 ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. 1991 ലും മോഹന്‍ലാലിന് ഇന്‍ഡസ്ട്രി ഹിറ്റ് ലഭിച്ചു. കിലുക്കത്തിലൂടെ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ഹിറ്റ് ജോഡി പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് തങ്ങളുടെ പേരിലേക്ക് എഴുതി ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയ കിഴക്കുണരും പക്ഷി, ധനം, വാസ്തുഹാര, അഹം, രാജശില്‍പ്പി എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫിസില്‍ ചലനമുണ്ടാക്കിയില്ല.

ഭരതം, അദ്വൈതം, വിഷ്ണുലോകം, കമലദളം, നടോടി, യോദ്ധ എന്നീ സിനിമകള്‍ തിയേറ്ററില്‍ ഓടിയെങ്കിലും സൂപ്പര്‍ഹിറ്റായി മാറിയില്ല. 92 ല്‍ വിയറ്റ്‌നാം കോളനിയാണ് മോഹന്‍ലാലിന് ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിച്ചത്. 1993 ല്‍ മോഹന്‍ലാല്‍ എന്ന നടന്റേയും താരത്തിന്റേയും ഉജ്വല പ്രകടനങ്ങളായിരുന്നു മലയാളി കണ്ടത്. ദേവാസുരത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ നേടിയ ലാല്‍ ആ വര്‍ഷം തന്നെ മണിച്ചിത്രത്താഴിലൂടെ തന്റെ പേരിലുള്ള ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് വീണ്ടും ഭേദിച്ചു.

എന്നാല്‍ പിന്നീട് ലാല്‍ ചിത്രങ്ങള്‍ക്ക് പരാജയം നേരിട്ടു. ഇതില്‍ നിന്ന് ലാലിനെ രക്ഷിച്ചത് പ്രിയദര്‍ശനാണ്. ശോഭനയും മോഹന്‍ലാലും വീണ്ടും തകര്‍ത്താടിയ തേന്‍മാവിന്‍ കൊമ്പത്ത് 1994 ല്‍ സൂപ്പര്‍ഹിറ്റായി. പിന്നാലെയെത്തിയ മിന്നാരവും വിജയിച്ചു. 1995 ല്‍ മോഹന്‍ലാലിന്റെ ഉശിരന്‍ കഥാപാത്രമായ ആടുതോമ പിറവിയെടുത്തു. സ്ഫടികത്തിലൂടെ മോഹന്‍ലാലിന് വീണ്ടും ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങളുണ്ടായി.

1997 ല്‍ ചന്ദ്രലേഖയായിരുന്നു മോഹന്‍ലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയത്. ലാലിന്റെ ശബ്ദം പോയി എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ചന്ദ്രലേഖ എന്ന സിനിമ. 90 കളുടെ അവസാനവും 2000 ത്തിന്റെ തുടക്കത്തിലും ഇറങ്ങിയ ആറാം തമ്പുരാനും നരസിംഹവും രാവണപ്രഭുവും കേരള ബോക്‌സ് ഓഫിസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. എന്നാല്‍ ഇതിന് പിന്നാലെ മോഹന്‍ലാല്‍ തുടര്‍ പരാജയങ്ങള്‍ നേരിട്ടു.

മീശപിരിയന്‍ വേഷങ്ങളില്‍ മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് മടുത്തു. എന്നാല്‍ 2003 ല്‍ ബാലേട്ടനിലൂടെ മോഹന്‍ലാല്‍ ഗംഭീര തിരിച്ചുവരവ് നടത്തി. വീണ്ടും ബോക്‌സോഫീസില്‍ ലാല്‍ ചിത്രങ്ങള്‍ വീണെങ്കിലും ഉദയനാണ് താരത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ ക്ലബിലേക്ക് തിരിച്ചെത്തി. നരന്‍, തന്മാത്ര, രസതന്ത്രം, വടക്കുംനാഥന്‍, കീര്‍ത്തിചക്ര എന്നീ സിനിമകളിലൂടെ ലാല്‍ വിജയകുതിപ്പ് തുടര്‍ന്നു.

2007 ല്‍ ഹലോയും ഛോട്ടാമുംബൈയും മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്ററായി മാറി. അതിന് ശേഷം 2012 വരെ മോഹന്‍ലാലിന് പറയത്തക്ക വിജയങ്ങളൊന്നുമുണ്ടായില്ല. 2009 ലെ ഇവിടം സ്വര്‍ഗം മാത്രമായിരുന്നു ഇതിന് ഒരു അപവാദം. അതിനിടെ ടി-20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍ എന്നീ മള്‍ട്ടി സ്റ്റാര്‍ സിനിമകളിലും മോഹന്‍ലാല്‍ ഭാഗമായി. 21012 ല്‍ റണ്‍ ബേബി റണ്ണിലൂടെ മോഹന്‍ലാല്‍ തന്റെ താരപദവി തിരിച്ചുപിടിച്ചു.

എന്നാല്‍ കര്‍മ്മയോദ്ധ, ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഗീതാഞ്ജലി എന്നീ സിനിമകള്‍ പരാജയമായി. പക്ഷെ 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം മലയാള സിനിമയുടെ പുതിയ വാണിജ്യ സാധ്യതകള്‍ തുറന്നിട്ടു. മലയാളത്തിലെ ആദ്യത്തെ 50 കോടി സിനിമ എന്ന നേട്ടമാണ് ദൃശ്യം സ്വന്തമാക്കിയത്. അതിന് ശേഷം മൂന്ന് വര്‍ഷത്തോളം മോഹന്‍ലാലിന് കാര്യമായ വിജയങ്ങളൊന്നുമുണ്ടായില്ല.

എന്നാല്‍ 2016 ല്‍ മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ് സിനിമയായ പുലിമുരുകന്‍ പിറന്നു. അതേവര്‍ഷം തന്നെ ഒപ്പം എന്ന പ്രിയന്‍ ചിത്രത്തിലൂടേയും മോഹന്‍ലാല്‍ തന്റെ വിജയക്കുതിപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ അതിന് ശേഷവും മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. 2019 ല്‍ എത്തിയ ലൂസിഫറിലൂടെ മോഹന്‍ലാല്‍ വീണ്ടും തന്റെ സിംഹാസനം തിരിച്ചുപിടിച്ചു.

ഒരിക്കല്‍ കൂടി 100 കോടി ക്ലബിലെത്താനും മോഹന്‍ലാലിന് സാധിച്ചു. എന്നാല്‍ ഇതിന് ശേഷവും മോഹന്‍ലാലിന് തുടര്‍ പരാജയങ്ങളുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്നു. ഇതിനിടെ ദൃശ്യം-2, ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ ഒടിടിയില്‍ മികച്ച പ്രതികരണം നേടി. ബിഗ് ബ്രദര്‍, ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയപ്പെട്ടു.

എന്നാല്‍ 2023 ല്‍ നേരിലൂടെ മോഹന്‍ലാല്‍ വീണ്ടും ബോക്‌സോഫീസ് കളക്ഷനില്‍ മുന്നിലെത്തി. 80 കോടിയിലധികമാണ് നേര് കളക്ട് ചെയ്തത്. 2024 ല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ മലൈക്കോട്ടെ വാലിബന്‍ വന്‍ പരാജയമായി. എന്നാല്‍ 2025 ല്‍ വീണ്ടും ഗംഭീര തിരിച്ചുവരവാണ് മോഹന്‍ലാല്‍ നടത്തിയത്. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാമാത്തെ ചിത്രമായ എല്‍-2 എമ്പുരാനിലൂടെ മോഹന്‍ലാല്‍ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ കിട്ടിയ സിനിമയിലെ നായകനായി.

മഞ്ഞുമ്മല്‍ ബോയ്‌സിനെയാണ് ഈ നേട്ടത്തില്‍ എമ്പുരാന്‍ പിന്നിലാക്കിയത്. അവിടേയും തീര്‍ന്നില്ല, എമ്പുരാന്‍ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങിയ തുടരും വീണ്ടും ബോക്‌സോഫീസില്‍ വെന്നിക്കൊടി പാറിച്ചു. ഒരു മാസത്തിനുള്ളില്‍ രണ്ട് 200 കോടി ക്ലബ് നേടിയ താരം എന്ന അപൂര്‍വ റെക്കോഡാണ് മോഹന്‍ലാല്‍ ഇതിലൂടെ സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+