സംഭവം ഇറുക്ക്... ബോക്‌സോഫീസ് കുലുങ്ങുമെന്നുറപ്പ്, ഗംഭീര സര്‍പ്രൈസുമായി വാലിബന്‍..?
മലയാള സിനിമ എന്നല്ല, ഇന്ത്യന്‍ സിനിമാ ലോകം തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന ലേബലില്‍ തന്നെ സിനിമക്ക് ലഭിച്ച ഹൈപ്പ് വാനോളമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വാലിബനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാക്കുകയാണ്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇതിനോടകം ടീസറും രണ്ട് പാട്ടുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാഴ്ത്തുന്ന ഒരു വമ്പന്‍ അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. മലൈക്കോട്ടെ വാലിബന്‍ രണ്ട് ഭാഗങ്ങളായിട്ടായിരിക്കും പുറത്തിറങ്ങുക എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് സിനിമാ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലൈക്കോട്ടൈ വാലിബന്‍ ഒരൊറ്റ സിനിമയായിരിക്കില്ല, അതിന്റെ കഥ രണ്ട് ഭാഗങ്ങളായാണ് പറയുക എന്നാണ് അണിയറ വൃത്തങ്ങള്‍ പറയുന്നത്. ജോഷി സംവിധാനം ചെയ്യുന്ന റമ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുമെന്ന് അടുത്തിടെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗത്തിനായാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്ലാസിക് സംവിധായകനുമായി മോഹന്‍ലാല്‍ ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. തുടര്‍പരാജയങ്ങളില്‍ നിന്ന് നേരിന്റെ ഗംഭീര വിജയത്തോടെ ബോക്‌സോഫീസിലെ തന്റെ സ്ഥാനം തിരിച്ചുപിടിച്ച മോഹന്‍ലാല്‍ വാലിബനിലൂടെ ചരിത്രമെഴുതും എന്നാണ് പ്രതീക്ഷ.
ചിത്രത്തില്‍ മോഹന്‍ലാല്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഗുസ്തിക്കാരന്റെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ കൂടാതെ സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആചാരി എന്നിവരും മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുന്നു. പി എസ് റഫീഖിനൊപ്പം ലിജോയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'നായകന്‍', 'ആമേന്‍' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരിയും പി എസ് റഫീഖും ഒന്നിക്കുന്നത്. മലൈക്കോട്ടൈ വാലിബനിലൂടെ ഒരു ഗംഭീരമായ കാഴ്ചയാണ് ലിജോ ജോസ് സൃഷ്ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസര്‍ റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രം പ്രത്യേകത കൂടിയുണ്ട് വാലിബന്.












Click it and Unblock the Notifications