താടിയെടുക്കാത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്; ഒടുവിൽ മോഹൻലാൽ തന്നെ പറയുന്നു
കൊച്ചി: ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിലാണ് മോഹൻലാലിനെ താടിവെയ്ക്കാതെ പ്രേക്ഷകർ അവസാനമായി കണ്ടത്. പിന്നീട് ഒരിക്കൽ പോലും താടിയെടുത്തൊരു മോഹൻലാൽ കഥാപാത്രം ഉണ്ടായിട്ടില്ല.യുവത്വം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ ഒടിയൻ സിനിമയ്ക്കായി ബോടക്സ് എന്ന ഇഞ്ചക്ഷൻ അദ്ദേഹം എടുത്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഇഞ്ചക്ഷൻ എടുത്തുകഴിഞ്ഞാൽ മുഖത്തെ മസിലുകൾ പഴയപടിയാകാൻ സമയമെടുക്കുമത്രേ. അതിന് ശേഷമാണ് അദ്ദേഹം ഇത്തരത്തിൽ താടിയെടുക്കാതെ സിനിമകളിൽ അഭിനയിക്കുന്നത് എന്നാണ് അഭ്യൂഹങ്ങൾ.
താടിയെടുക്കാത്തത് കൊണ്ട് തന്നെ ആരാധകർക്ക് പഴയ മോഹൻലാലിനെ അദ്ദേഹത്തിൽ കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളും അഭിനയമുഹൂർത്തങ്ങളും ഒന്നും ഇല്ലാത്തത് അതുകൊണ്ടാണെന്നൊക്കെയുമാണ് ചിലരുടെ വിമർശനങ്ങൾ. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിലുള്ള ആരാപണങ്ങൾക്ക് മറുപടി നൽകുകയാണ് മോഹൻലാൽ. എന്തുകൊണ്ടാണ് ഇപ്പോൾ താടിവടിക്കാത്തത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിലാണ് മോഹൻലാൽ തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ-

'കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല', താരം പറഞ്ഞു. താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന അവതാരകന്‍റെ ചോദ്യത്തിന് ഇവരോട് പറയാം വേഗം ഷൂട്ട് ചെയ്യാൻ (അഭിമുഖത്തിൽ ഒപ്പം ഉണ്ടായിരുന്ന ജിത്തു ജോസഫിനെ ചൂണ്ടിക്കാട്ടി). പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, മോഹൻലാൽ പറഞ്ഞു.
എപ്പോഴാണ് മീശ പിരിച്ച് ഇനി മോഹൻലാലിനെ കാണാനാകുക എന്ന ചോദ്യത്തിന് മറ്റൊരു അഭിമുഖത്തിൽ താരം പ്രതികരിച്ചിരുന്നു, താരം പറഞ്ഞത്-'മീശപിരിച്ചും മുണ്ടുടുത്തുമൊക്കെയുള്ള ലുക്കിൽ വരണമെങ്കിൽ അത്തരത്തിലുള്ള കഥകൾ ഉണ്ടാകണമല്ലോ. ആദ്യം അത്തരത്തിലൊരു സിനിമ വരട്ടെ. റിലീസാകാനിരിക്കുന്ന നേര് അത്തരത്തിലൊരു ചിത്രമല്ല.പിന്നെ കുറച്ച് മീശപിരിച്ച് ഒരു സിനിമ വരാനിരിക്കുന്നുണ്ട്, മലൈക്കോട്ടെ വാലിഭൻ. അതിൽ പക്ഷേ മുണ്ടില്ല. മീശ പിരിച്ചിട്ടൊരു സിനിമ എന്ന് പറഞ്ഞൊരു സിനിമ ഉണ്ടാകാറില്ല', അദ്ദേഹം വ്യക്തമാക്കി.
പുതിയ ആളുകളുടെ കഥകൾ കേൾക്കാറുണ്ടെന്നും എന്നാൽ വ്യത്യസ്തമായ കഥകൾ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'പുതിയ ആളുകളുടെ കഥ കേട്ടിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ സ്വീകരിക്കാൻ പറ്റുന്ന കഥകൾ വന്നിട്ടില്ല. അതുകൊണ്ടാണ് ചെയ്യാത്തത്. സ്ട്രൈക്കിങ് ആയി എന്തെങ്കിലും ഉണ്ടായാൽ തീർച്ചയായും ചെയ്യും. നോ എന്ന് പറയാൻ എനിക്ക് മടിയില്ല', മോഹൻലാൽ വ്യക്തമാക്കി.












Click it and Unblock the Notifications