'ഭയങ്കരമായ ഉപദ്രവം ഉണ്ടാകും, അങ്ങനെ ചെയ്യാൻ ഭയമാണ്, അവർ കൈക്കിടയിൽ എന്തെങ്കിലും വെച്ചാലോ'; മോഹൻലാൽ
കൊച്ചി: മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരമാണ് മോഹൻലാൽ. പൊതു ഇടങ്ങളിൽ തന്റെ ആരാധകരെ ഒരിക്കൽ പോലും അദ്ദേഹം നിരാശരാക്കാറില്ല. എത്രപേർ വന്നാലും അവർക്കൊപ്പം ഫോട്ടോയൊടുക്കുകയും അവരുടെ കൂടെ ചിരിച്ച് സരസമായി കരുതലോടെ സംസാരിക്കുന്ന മോഹൻലാലിനെ പ്രേക്ഷകർ കാണാറുണ്ട്. എന്നാൽ എല്ലാ സമയത്തും ഇത്തരത്തിൽ ആരാധകരുമായി സംവദിക്കാൻ സാധിക്കില്ലെന്നും സ്നേഹത്തിൽ പൊതിഞ്ഞ ഭയം എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മലൈക്കോട്ടെ വാലിബൻ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
താരാരാധനയെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി - '43 വർഷമായി അഭിനയിക്കുന്ന ആളാണ് ഞാൻ. അന്ന് മുതൽ എത്രയോ തലമുറകളിലൂടെ സഞ്ചരിച്ചയാളാണ് ഞാൻ. അന്ന് പത്താംക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഒന്നിച്ച് നിന്ന് ഫോട്ടോയെടുത്തയാൾ ഇപ്പോൾ 10ാം ക്ലാസിൽ പഠിക്കുന്ന മക്കളുമായി വന്ന് ഫോട്ടോയെടുക്കുന്നുവെന്നതൊക്കെ ഭാഗ്യമാണ്. അന്ന് എനിക്ക് ഒപ്പം അഭിനയിച്ച കുട്ടികളൊക്കെ അങ്കിൾ എന്ന് വന്ന് വിളിക്കുമ്പോൾ അത്ഭുതം തോന്നും, അവരൊക്കെ ഡോക്ടറും എയർഫോഴ്സിലുമൊക്കെയാണ്.

അന്നത്തെ പോലുളള ജേണലിസമോ, സിനിമകളോ ,ഫാഷനോ ഒന്നും അല്ല. ആ മാറ്റത്തിനിടയിൽ പല കാര്യങ്ങളും സംഭവിക്കും. നമ്മൾ മനപ്പൂർവ്വം ഒരു ആരാധകനേയും ഉപദ്രവിക്കില്ല. ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടെ ഇരിക്കുന്ന എല്ലാവരേയും തൃപ്തിപ്പെടുത്താൻ പറ്റില്ല. രാഷ്ട്രീയക്കാർക്ക് എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലണം. പക്ഷേ സിനിമക്കാർക്ക് അതിന് സാധിക്കില്ല. ഭയങ്കരമായ ഉപദ്രവം ഉണ്ടാകും.
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരു വിവാഹത്തിന് പോയപ്പോൾ ഹോട്ടലിൽ നിന്നൊക്കെ ഇറങ്ങാൻ വളരെ പാടുപെട്ടു. ആ സമയത്ത് കാർ നിർത്തി ഗ്ലാസ് താഴ്ത്താൻ പറ്റില്ല. പേടിയാണ്. ഇതുപോലൊരു സാഹചര്യത്തിൽ അല്ലാതെ, ആളുകളുമായി സംവദിക്കാൻ കഴിയുന്നൊരു സമയത്ത് സംവദിക്കും.
ഞാൻ പ്രതികരിക്കുന്നയാളല്ല. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കണമെന്നുമില്ല. നമ്മളും മനുഷ്യരാണ്. നമ്മുക്കും ഒരുപാട് മൂഡുകൾ ഉണ്ടാകാം, സൗകര്യങ്ങളും അസൗകര്യങ്ങളും ഉണ്ടാകും. ഒരാൾക്ക് ഹസ്തദാനം കൊടുക്കുക എന്നുള്ളത് ടെൻഷനാണ്. ചിലപ്പോൾ അയാൾ കൈകളിൽ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിലോ എന്നൊക്കെയാണ്. എന്ത് വേണമെങ്കിലും ചെയ്യാലോ. സ്നേഹത്തിൽ പൊതിഞ്ഞൊരു ഭയം ഉണ്ടാകും.
ഞാൻ എന്നിലേക്ക് ഒരാളേയും കൊണ്ടുവരാൻ ശ്രമിക്കാറില്ല. ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാറാണ് പതിവ്. മൂഡ് സ്വിങ്ങ് ഉണ്ടാകുന്നൊരാളല്ല ഞാൻ പൊതുവേ. പണ്ട് അഭിമുഖങ്ങളിലൊക്കെ അധികം സംസാരിക്കാതിരുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല, ഇപ്പോൾ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ പ്രായമായില്ലേ, കുറച്ച് വിവരം വെച്ചെന്നും ഇല്ലെന്നുമൊക്കെ കരുതിക്കോളൂ',ചിരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.












Click it and Unblock the Notifications