മോഹന്‍ലാലിനെ എന്തൊക്കെ തെറികളാണ് പറയുന്നത്: അച്ഛനേയും അമ്മയേയും പറയിപ്പിക്കരുതെന്ന്; പാടില്ലെന്ന് രാഹുല്‍
എമ്പുരാന്‍ സിനിമയ്ക്ക് പിന്നാലെ സംഘപരിവാർ അനുകൂലികളില്‍ നിന്നും വലിയ വിമർശനമാണ് മോഹന്‍ലാല്‍ നേരിടേണ്ടി വരുന്നത്. എമ്പുരാന് ശേഷം തുടരും എന്ന പുതിയ ചിത്രം പുറത്തിറങ്ങിയപ്പോഴും ഈ വിമർശനവും അധിക്ഷേപവും പഴയത് പോലെ തന്നെ തുടരുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രാഹുല്‍ ഈശ്വർ രംഗത്ത് വന്നിരിക്കുകയാണ്.
പൈസക്ക് വേണ്ടി എന്തും ചെയ്യും എന്ന് തുടങ്ങി പറയാന്‍ പോലും പറ്റാത്ത വാക്കുകളാണ് അദ്ദേഹം ആളുകള്‍ പറയുന്നത്. ലാലേട്ടന്‍ എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിന്റേയും സംസ്കാരത്തിന്റേയുമൊക്കെ ഭാഗമാണ്. അങ്ങനെയുള്ള മോഹന്‍ലാലിനെയാണ് ആളുകള്‍ ചീത്ത വിളിക്കുന്നത്.

അതില്‍ പറയാന്‍ പറ്റുന്നത് മാത്രം ഞാന്‍ ഇവിടെ പറയാം. ' വെറുതെ മാതാപിതാക്കളെ തെറികേള്‍പ്പിക്കരുത് ലാലേ.., ഹാലാല്‍ എട്ടാ, വെറുപ്പ് തുടരും, അല്‍ജിഹാദി, ഇപ്പോള്‍ മനസ്സിലെ നിങ്ങളുടെ സ്ഥാനം പെഹല്‍ഗാമിലെ ശത്രുക്കള്‍ക്കൊപ്പമാണ്' എന്നൊക്കെയാണ് ആളുകളുടെ കമന്റുകള്‍. ഈ പറയുന്നവർ ജീവിതത്തില്‍ എന്തെങ്കിലും കാര്യം ഇന്ത്യക്കായി ചെയ്തിട്ടുണ്ടോ. ലാലേട്ടന്‍ അങ്ങനെയാണോ. നിരവധി സിനിമകള്‍ ചെയ്തു, ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്നു. എല്ലാത്തിനും ഉപരി ഈ നാട്ടിലെ ജനങ്ങളെ കലയിലൂടെ ഒന്നിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഇത്തരം കമന്റുകളില്‍ 90 ശതമാനവും വരുന്നത് ഫേക്ക് ഐഡികളില്‍ നിന്നാണ്. ഇവർ തീവ്ര ഹിന്ദുത്വപക്ഷവാദികളാണ്. എല്ലാം ബി ജെ പിക്കാരും ഇങ്ങനെയൊന്നും അല്ല. ലാലേട്ടനെയൊക്കെ ഇങ്ങനെ ചീത്തവിളിക്കുന്നത് വലിയ കഷ്ടമാണ്. ആളുകള്‍ക്ക് എന്തു തരം വെറുപ്പാണ്. ഇതാണ് കലികാലം. ഈ കലികാലം ഇല്ലാതാക്കാനാണ് നമ്മള്‍ നോക്കേണ്ടത്.
മോഹന്‍ലാലിന് വേണ്ടിയല്ല ഞാന്‍ ഇത് പറയുന്നത്. പകരം ഇത് ഓരോരുത്തരുടേയും ഉള്ളിലുള്ള വെറുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ പറയുന്നത്. ലാലേട്ടന്റെ തുടരും വന്‍ വിജയമാകട്ടേയെന്ന് ഞാന്‍ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം വിമർശനങ്ങളും അധിക്ഷേപങ്ങളുമൊന്നും ഏല്‍ക്കാതെ മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ മുന്നേറുകയാണ് തുടരും എന്ന ചിത്രം. 'നല്ല അസ്സല് സദ്യ കഴിച്ച കിട്ടുന്ന ഒരു സുഖമില്ലേ. അതായിരുന്നു ഇന്നലെ തിയേറ്ററിൽ പോയി വന്നതിനു ശേഷം എനിക്ക് കിട്ടിയ ഫീൽ.' എന്നാണ് ചിത്രം കണ്ടതിന് ശേഷം അഖില്‍ കെ നായർ എന്നയാള്‍ സിനിഫൈല്‍ എൻ്ന ഗ്രൂപ്പില്‍ കുറിച്ചത്.
തൃശ്ശൂർ പൂരത്തിന് ഒത്ത നടുക്ക് നിക്കുന്ന തലയെടുപ്പൊത്ത ഗജവീരനില്ലേ. അത്രയും ജഗജാലകില്ലാഡികളായ ഗജവീരന്മാർ നിരന്നു നിന്നാലും നമ്മുടെ ശ്രദ്ധ ആദ്യം പോകുക അവനിലേക്കായിരിക്കും. ആ ഒരു അനുഭവം ആയിരുന്നു അഭ്രപാളിയിൽ മോഹൻലാൽ എത്തുന്ന ഓരോ നിമിഷവും. ഒരു കാട് മൊത്തം ആ ഒറ്റകൊമ്പൻ വിറപ്പിച്ചു.
ചിലയിടത്ത് അദ്ദേഹം തന്മാത്രയിലെ രമേശനായി, വടക്കുംനാഥനിലെ മാഷായി.... ഓരോ കഥാപാത്രങ്ങൾ മനസിലേക്കിങ്ങനെ ഓടി വന്ന് കൊണ്ടേ ഇരുന്നു. അദ്ദേഹത്തിനുള്ളിലെ ആ പ്രതിഭയ്ക്ക്, ആ പ്രതിഭാസത്തിന് ഇത്രേം കാലത്തിനിടയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തരുൺ മൂർത്തി തെളിയിച്ചു. മോഹൻലാൽ തുടരും എന്ന് പറയുന്നിടത്തു പോലും ഒരു പറ്റം ജനങ്ങൾ കയ്യടിക്കണം എങ്കിൽ എന്തായിരിക്കും ആ സിനിമയുടെ റേഞ്ച്.
ഇതിനിടയ്ക്ക് തരുൺ മൂർത്തി ഒരു വല്ലാത്ത ധൈര്യവും കാണിച്ചു. അത് വരെ ഒരു ക്യാമറ ഫ്രെയിമിൽ മുഖം കാണിക്കാത്ത ഒരാളെ പിടിച്ച് അങ്ങ് മെയിൻ വില്ലനാക്കി. പ്രകാശ് വർമ വോഡഫോണിന്റെ സൂ സൂ വിനെ ഒക്കെ ആയി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ട് ഒരു ആഡ് ഫിലിം ക്രീയേറ്റീവ് ഹെഡ് ആയി മുന്നോട്ട് പോകുന്നതിനിടയ്ക്ക് ആണ് ഇങ്ങനെ ഒരു വെല്ലുവിളി ഏറ്റെടുക്കുന്നത്. ഇതെനിക്കൊരു വെല്ലുവിളി പോലുമല്ല എന്ന് അരക്കിട്ടുറപ്പിച്ച് ജോർജ് സാർ ആ ഒറ്റകൊമ്പനൊപ്പം, ഒപ്പത്തിനൊപ്പം പ്രകടനം കാഴ്ച്ച വെച്ചെന്നും അദ്ദേഹം പറയുന്നു.
അൽപ്പം മധുരവും ഇടയ്ക്ക് ഇത്തിരി ഇത്തിരി എരിവും ചേർത്ത് ജെയ്ക്സ് ബിജോയ് തീർത്ത ശബ്ദവിസ്മയങ്ങൾ കോരിത്തരിപ്പിക്കാതിരുന്നില്ല. അത് നളപാകം പോലെ ഗംഭീരമായിരുന്നു. ഒരുപാട് കൂട്ടി എഴുതി പിടിപ്പിക്കാൻ വാക്കുകൾ തികയുന്നില്ല. എഴുതാതിരിക്കാൻ പറ്റാത്തോണ്ട് ഇത്രയും എഴുതി വെച്ചെന്നെ ഉള്ളു. ഈ എഴുത്തൊന്നും അല്ല. അഭ്രപാളിയിൽ കണ്ട് ആസ്വദിക്കണം. അതിനിനി ഒട്ടും വൈകണ്ട. കണ്ട് തന്നെ അറിയൂ. കണ്ടത് മധുരം. കാണാൻ പോകുന്നത് ഇരട്ടി മധുരം - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications