'ഇതൊരു പ്ലേ ബോയ് നമ്മുക്ക് പറ്റില്ല'; മോഹൻലാലിനെ ഒഴിവാക്കിയതിനെ കുറിച്ച് സംവിധായകൻ
തന്റെ 18ാം വയസിൽ തിരനോട്ടം എന്ന സിനിമയിലൂടെയാണ് മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടക്ക കാലത്ത് പല താരങ്ങളും അനുഭവിച്ചത് പോലെ സിനിമയിൽ കയറിപ്പറ്റാനുള്ള കഷ്ടപ്പാടുകൾ മോഹൻലാലും അനുഭവിച്ചിട്ടുണ്ട്. നേരിട്ടല്ലെങ്കിലും മോഹൻലാലിനുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന്‍.
തന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമായ 'നിധിയുടെ കഥ'യിൽമോഹന്‍ലാലിനെ അഭിനയിപ്പിക്കാനായി ഛായാഗ്രാഹകൻ എസ് കുമാർ നടത്തിയ അഭ്യർത്ഥനയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം പദ്മരാജൻ സ്മൃതി പരിപാടിയിൽ വിജയകൃഷ്ണൻ മോഹൻലാലിനൊപ്പം പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

' പദ്മരാജൻ സ്മൃതി പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ചിലർ എന്നോട് ചോദിച്ചു, ലാലേട്ടനുമായി എന്താ സംസാരിച്ചത്? നാലര പതിറ്റാണ്ടിനുമുൻപ് 'നിധിയുടെ കഥ 'എന്ന എന്റെ ആദ്യചിത്രം തുടങ്ങുമ്പോൾ എസ്. കുമാറായിരുന്നു ഛായാഗ്രാഹകൻ. ബ്ലാക്ക് ആൻഡ് വൈറ്റിൽ 4000 അടി ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോൾ അത് നിന്നുപോയി. എട്ടു വർഷം കഴിഞ്ഞ് വീണ്ടും തുടങ്ങിയപ്പോൾ കുമാർ പ്രിയന്റെ ചിത്രങ്ങളിലൂടെ തിരക്കുള്ള ക്യാമറാമാനായിക്കഴിഞ്ഞിരുന്നു. അപ്പോൾ ഞാൻ പുതിയ ആളെ തേടി. സന്തോഷ് ശിവനെ കിട്ടി. അങ്ങനെ എസ്. കുമാറിന്റെ ആദ്യ ചിത്രമാകേണ്ടിയിരുന്ന 'നിധിയുടെ കഥ ' സന്തോഷ് ശിവന്റെ ആദ്യ ചിത്രമായി.
പറയാൻ വന്നത് അതല്ല. കുമാറും ഞാനും ഒത്തു പ്രവർത്തിക്കുന്ന കാലത്ത് ഒരു ദിവസം കുമാർ ഒരു ഫോട്ടോ എന്നെ കാണിച്ചു. "ഞാൻ ചെയ്യാൻ പോകുന്ന തിരനോട്ടം എന്ന പടത്തിൽ അഭിനയിക്കുന്ന പയ്യനാണിത്. മോഹൻലാൽ. നമുക്കിയാൾക്കൊരു റോൾ കൊടുക്കണം. " ഫോട്ടോ നോക്കിയിട്ട് ഞാൻ പറഞ്ഞു, "ഓ, ഇതൊരു പ്ളേബോയ്. നമുക്ക് പറ്റില്ല." കുമാർ വിട്ടില്ല. "വളരെ ഡെഡിക്കേറ്റഡ് ആണിയാൾ. കോ ഓപ്പറേറ്റീവ്. നമുക്കൊന്ന് കാണാം." അയാളെ കാണുന്ന പ്രശ്നമില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.
യാദൃച്ഛികമെന്നു പറയട്ടെ, പദ്മരാജൻ പരിപാടിയുടെ വേദിയിൽ കുമാറുമുണ്ടായിരുന്നു. ലാലും ഞാനും സംസാരിക്കുന്നതുനോക്കി കുമാർ അർത്ഥഗർഭമായി ചിരിക്കുന്നത് കണ്ടു. നാല്പത്തഞ്ചു വർഷം മുൻപ് ഇങ്ങനെ സംസാരിച്ചുകൂടായിരുന്നോ എന്നായിരിക്കാം വ്യoഗ്യം. ഇനി ആ ചെറുപ്പക്കാരോട് -
ഞാനും ലാലും സംസാരിച്ചത് ഓഷോയെക്കുറിച്ചും രമണമഹർഷിയെക്കുറിച്ചുമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?












Click it and Unblock the Notifications