മോഹന്‍ലാലിന്റെ 360-ാം ചിത്രം പ്രഖ്യാപിച്ചു, സംവിധാനം തരുണ്‍ മൂര്‍ത്തി; ' നിര്‍മാണം ആശീര്‍വാദല്ല'
മലയാള സിനിമയിലെ ഒട്ടുമിക്ക ബോക്‌സോഫീസ് റെക്കോഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. മലയാളത്തിലെ ആദ്യ 25 കോടി, 50 കോടി, 100 കോടി, 150 കോടി സിനിമകളില്‍ എല്ലാം മോഹന്‍ലാലായിരുന്നു നായകന്‍. അതിനാല്‍ തന്നെ മോഹന്‍ലാലിന്റെ ഓരോ പുതിയ സിനിമാ പ്രഖ്യാപനങ്ങളും ആരാധകര്‍ക്ക് ആവേശം വിതക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി മോഹന്‍ലാലിന് ബോക്‌സോഫീസില്‍ നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിക്കാറുള്ളത്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഇറങ്ങിയ നേര് മാത്രമാണ് ഇതിനൊരപവാദം. ചിത്രം 80 കോടിയോളം കളക്ട് ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഏറെ പ്രതീക്ഷയോടെയെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്‍ പ്രേക്ഷകരുടെ പ്രതീക്ഷ കാത്തില്ല. പരീക്ഷണ ചിത്രമായിരുന്നെങ്കിലും വലിയ ഹൈപ്പില്‍ വന്നതിനാല്‍ ചിത്രം തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു.

ഇതിന് പിന്നാലെ തന്റെ 360-ാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഇതിന്റെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആവേശത്തിലാണ്. എല്‍-360 എന്ന പേരില്‍ പുറത്തിറക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളുടെ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി.
ആദ്യ സിനിമയിലൂടെ തന്നെ കൈയടി നേടാന്‍ തരുണിന് സാധിച്ചിരുന്നു. രജപുത്ര വിഷ്വല്‍സ് മീഡിയയ്ക്ക് വേണ്ടി എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരാധകര്‍ ആവേശത്തിലാണ്. പ്രതീക്ഷകള്‍ വാനോളം, ലാലേട്ടന്റെ ഗംഭീര തിരിച്ചുവരവിന് കാത്തിരിക്കുന്നു എന്നാണ് പലരുടേയും കമന്റ്. ആശിര്‍വാദ് സിനിമാസല്ല നിര്‍മാണം എന്നത് തന്നെ വലിയ കാര്യമാണ് എന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെ പുതിയ സംവിധായകരുമായി സഹകരിക്കുന്നില്ല എന്ന പേരില്‍ മോഹന്‍ലാലിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലിജോയുമായുള്ള ചിത്രം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ടിനു പാപ്പച്ചനൊപ്പം സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും ഡ്രോപ് ആയതായാണ് വിവരം.
പൃഥ്വിരാജിന്റെ എമ്പുരാന്‍, സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന ബറോസ്, ജീത്തു ജോസഫിന്റെ റാം, തമിഴില്‍ എ ആര്‍ മുരുഗദോസ് ചിത്രം, ജോഷിയുടെ റമ്പാന്‍, സത്യന്‍ അന്തിക്കാട് ചിത്രം, പാന്‍ ഇന്ത്യന്‍ ചിത്രമായ വൃഷഭ എന്നിവയും മോഹന്‍ലാലിന്റേതായി വരും വര്‍ഷങ്ങളില്‍ വരാനുണ്ട്.












Click it and Unblock the Notifications