മോഹന്‍ലാലിന്റെ ഭരതത്തിന് മാത്രം സ്വന്തമായ റെക്കോർഡുകള്‍: ലോക സിനിമയില്‍ വേറെയുണ്ടാകില്ല: സിബി മലയില്‍
മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ മഹാനടന് ആദ്യമായി മികച്ച അഭിനയത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഭരതം. 1991 ല്‍ പുറത്തിറങ്ങിയ ഭരതത്തിന്റെ കഥ ലോഹിതദാസ് കുറഞ്ഞ സമയത്തിനുള്ളില്‍ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചെല്ലാം സംവിധായകന്‍ സിബി മലയില്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
തന്റെ കുടുംബത്തില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണ് ഭരതത്തിന്റെ ത്രെഡ്ഡ് ലഭിച്ചതെന്നായിരുന്നു സിബി മലയില്‍ കൗമുദി മൂവിസില്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പറഞ്ഞത്. ഇപ്പോഴിതാ പരിപാടിയുടെ അടുത്ത എപ്പിസോഡില്‍ ഭരതത്തെക്കുറിച്ചുള്ള കൂടുതല്‍ കഥകള്‍ തുറന്ന് പറയുകയാണ് സിബി മലയില്‍.

കഥ പെട്ടെന്ന് തന്നെ ഉണ്ടാക്കിയതായിരുന്നെങ്കിലും മറ്റ് കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ചേർന്ന് വന്നതിനാല്‍ ഷൂട്ടിങ് വളരെ പെട്ടെന്ന് ആരംഭിച്ചു. മികച്ച ഏതാനും പാട്ടുകളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഏതായാലും ഭരതം ഒരു സർവ്വകാല റെക്കോർഡ് ആയിരുന്നു. വേണമെങ്കില്‍ ഗിന്നസ് റെക്കോർഡില്‍ വരെ കയറാമായിരുന്നുവെന്നും സിബി മലയില്‍ അഭിപ്രായപ്പെടുന്നു.
ജനുവരി 23 ന് കഥ തീരുമാനിക്കുന്നു, മാർച്ച് അവസാനത്തെ വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യുന്നു. അറുപത് ദിവസത്തിനുള്ളിലാണ് ഇതെല്ലാം നടക്കുന്നത്. ചിത്രം തിയേറ്ററില്‍ വലിയ വിജയം നേടുക മാത്രമല്ല, ദേശീയ അവാർഡുകള്‍ വരെ നേടി. മോഹന്‍ലാല്‍ പറയുന്നത് പോലെ നല്ലതെല്ലാം സംഭവിക്കുകയാണ്. അങ്ങനെ സംഭവിച്ച സിനിമയാണ് ഭരതം.
ഞങ്ങള്‍ എന്തോ തട്ടിക്കൂട്ട് സിനിമ ചെയ്യുകയാണെന്ന ധാരണ ഭരതത്തിന്റെ ഷൂട്ടിങ് സമയത്ത് പലർക്കും ഉണ്ടായിരുന്നു. അതുപോലത്തെ ചില വാർത്തകള്‍ ലാലിന്റെ അമ്മയുടെ ചെവിയിലേക്ക് അടക്കം എത്തിയതായി തിരുവനന്തപുരത്ത് തന്നെയുള്ള സിനിമ പ്രവർത്തകർ പറഞ്ഞിരുന്നു. കഴിഞ്ഞ പടത്തിന്റെ വിജയത്തിന്റെ അഹങ്കാരത്തിലാണ് ഇതുപോലൊരു തട്ടിക്കൂട്ട് സിനിമ എടുക്കുന്നത് എന്നതായിരുന്നു പ്രചാരണം.
നൂറ് അല്ല, നൂറ്റമ്പത് ശതമാനം ആത്മാർത്ഥതയോടെ ഞാനും ലോഹിതദാസും ചെയ്ത സിനിമയാണ് ഭരതം. ഇന്നത്തെ കാലത്ത് എനിക്കോ മറ്റാർക്കോ അങ്ങനെ ഒരു സിനിമ സാധിക്കുമെന്ന് കരുതുന്നില്ല. അത്രമാത്രം അസാധാരണമായ ചിത്രീകരണവും അനുഭവുമായിരുന്നു. ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത്, ആ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ഏറ്റവും മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്കാരം ലഭിച്ചു. അതിന് മുമ്പ് കിരീടത്തില്‍ പ്രത്യേക ജൂറി പരാമർശമായിരുന്നു ലഭിച്ചത്.
സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ ചിത്രവും ഭരതമായിരുന്നു. രവീന്ദ്രന്‍ മാസ്റ്റർ ഉള്‍പ്പെടേയുള്ള മറ്റുള്ളവർക്കും അവാർഡുകള്‍ ലഭിച്ചിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ ഷോ മദ്രാസില്‍ നടന്നപ്പോള്‍ വന്ന് കണ്ട ഒരു പ്രമുഖ നടന്‍ പറഞ്ഞത്, ഇതിന് അവാർഡ് കിട്ടും എന്നായിരുന്നു. അതായത് അവാർഡ് കിട്ടും ഒടാനൊന്നും പോകുന്നില്ലെന്ന്. പക്ഷെ എനിക്ക് അതില്‍ സന്ദേഹമൊന്നും ഉണ്ടായിരുന്നില്ലെന്നും സിബി മലയില്‍ പറയുന്നു.
ഭരതത്തിന്റെ ഇടവേള എന്ന് പറയുന്നത് മോഹന്‍ലാലിന്റെ കഥാപാത്രം മംഗളം പാടി സംഗീത ജീവിതം അവസാനിപ്പിക്കുന്നതാണ്. മംഗളം പാടി അവസാനിപ്പിക്കുന്നതിന് പ്രത്യേക കീർത്തനം ഉണ്ട്. രവീന്ദ്രന്‍ മാഷെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ മാഷുടെ ശബ്ദത്തില്‍ തന്നെ റെക്കോർഡ് ചെയ്ത് അയച്ച് തന്നു. ദാസേട്ടന്‍ അപ്പോള്‍ അമേരക്കയിലോ മറ്റോ ആയതിനാല്‍ രവീന്ദ്രന്‍ മാഷുടെ ശബ്ദം വെച്ച് ഞാന്‍ ആ ഭാഗം ഷൂട്ട് ചെയ്തു.
പക്ഷെ പിന്നീട് ദാസേട്ടന്‍ വന്ന് പാടിയപ്പോള്‍ സംഗീതത്തിന്റെതായ ചില പ്രശ്നങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. അതിന്റെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ എനിക്ക് അറിയില്ല. ആ മാറ്റം വെച്ച് ദാസേട്ടന്‍ പാടികഴിഞ്ഞപ്പോള്‍ ഞാന്‍ നേരത്തെ ഷൂട്ട് ചെയ്ത് വെച്ചതുമായി ഇത് സിങ്ക് ആകാതെ വന്നു. ഒടുവില്‍ ദാസേട്ടനെ ആ വിഷ്വല്‍ കാണിച്ചുകൊടുക്കുകയും അദ്ദേഹം അത് നോക്കി പാടി സിങ്ക് ചെയ്യുകയുമായിരുന്നു. ലോക സിനിമ ചരിത്രത്തില്‍ തന്നെ അങ്ങനെയൊരു കാര്യം സംഭവിച്ച് കാണില്ല.












Click it and Unblock the Notifications