'ജഗന്നാഥന്റെ മണ്ടത്തരത്തിൽ നിന്ന് ബസ് പോയിട്ട് സൈക്കിള് പോലും രഞ്ജിത്തിന് കിട്ടിയിട്ടില്ല': ബിജുവിന് പിന്തുണ
സംവിധായകന്‍ ഡോക്ടർ ബിജുവിനും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അദൃശ്യജാലകങ്ങൾക്കുമെതിരെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നടത്തിയ പരാമർശങ്ങള്‍ക്കെതിരെ വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്തു. അതിനു തിയറ്ററിൽ ആളുകൾ കയറിയില്ല. മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററിൽ വന്നു. അതിന് നല്ല തിരക്ക് ആയിരുന്നു. ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട് എന്ന് തുടങ്ങിയ പരാമർശങ്ങളായിരുന്നു രഞ്ജിത്ത് നടത്തിയത്.
അക്കാദമി ചെയർമാനെതിരെ ബിജു തന്നെ വ്യക്തമായ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു. ഇതോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അത്തരത്തില്‍ തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ചിലർ എഴുതിയ കുറിപ്പ് ബിജു തന്റെ പ്രൊഫൈല്‍ വഴി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 'ഒറ്റരാത്രി കൊണ്ട് ചേരിയൊഴിപ്പിക്കുമെന്നൊക്കെ തള്ളുന്ന അതേ ജഗന്നാഥന്റെ അതേ മണ്ടത്തരത്തിൽ നിന്ന് ബസ് പോയിട്ട് സൈക്കിള് പോലും രഞ്ജിത്തിന് കിട്ടിയിട്ടില്ല.' എന്നാണ് കെസി ജിതിന്‍ എന്നയാള്‍ ബിജുവിനെ പിന്തുണച്ചുകൊണ്ട് കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആ അഭിമുഖത്തിൽ രഞ്ജിത്ത് ആവർത്തിക്കുന്ന ഒരു കാര്യം, താൻ ദേവാസുരത്തിനും ആറാം തമ്പുരാനും വല്യേട്ടനും ഒക്കെ ശേഷം ഒരുപാട് " മുന്നോട്ട്" പോയി എന്നാണ്. വിമർശകരാവട്ടെ വണ്ടി കിട്ടാതെ നിൽക്കുകയാണത്രേ! അതായത്, താൻ കുറെ മഹത്തരമായ സിനിമകൾ ചെയ്ത് വല്യ സംഭവമായി ഇരിക്കുകയാണെന്നും, നിങ്ങളുടെ വിമർശനമാണ് പ്രശ്നമെന്നും, എന്റെ "മഹാ സിനിമ" കളെ അംഗീകരിക്കൂ എന്നുമൊക്കെയാണ്.
ഒറ്റരാത്രി കൊണ്ട് ചേരിയൊഴിപ്പിക്കുമെന്നൊക്കെ തള്ളുന്ന അതേ ജഗന്നാഥന്റെ അതേ മണ്ടത്തരത്തിൽ നിന്ന് ബസ് പോയിട്ട് സൈക്കിള് പോലും രഞ്ജിത്തിന് കിട്ടിയിട്ടില്ല. അതിനിയും തിരിയാത്ത, ചിലരൊക്കെ സംഘ പാളയത്തിൽ പോയാലോ എന്ന പേടിന്യായത്തിൽ അവരെ കെട്ടിപ്പിടിച്ച് കഴിയുന്നവരോട് വെറും സഹതാപം മാത്രം. താനെടുത്ത സിനിമകൾ എന്ന ഒറ്റ മെറിറ്റിലാണ് ഡോ. ബിജു ഇവിടെ നിലനിൽക്കുന്നത്, അദ്ദേഹം ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്, ലോകത്തെ ഏതെങ്കിലും ഒരു ചലച്ചിത്ര മേളയിൽ തന്റെ സിനിമയുടെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരെ അഭിമുഖീകരിച്ച ഒരു അനുഭുതിയെന്തെന്ന് രഞ്ജിത് അനുഭവിച്ചിട്ടുണ്ടോ എന്ന്?
പ്രിവിലേജിനു പുറത്ത് മാത്രം ലഭിച്ച പരിഗണനകളിലും സ്ഥാനങ്ങളിലും അഭിരമിക്കുന്ന രഞ്ജിത്തിന് ആയുസിൽ മനസിലാവാത്തൊരു ചോദ്യമാണത്. ലോകത്തേതു കോണിലുമുള്ള ഒരു മനുഷ്യനെ സ്പർശിക്കാൻ കെല്പുള്ള ചലച്ചിത്രങ്ങൾ നിരന്തരം തരുന്ന ബിജുവേട്ടനെ, സൈക്കിള് പിടിച്ചെങ്കിലും ഈ കാലത്തേക്ക് വന്നിട്ട് വേണം രഞ്ജിത്തിന് വെല്ലുവിളിക്കാൻ, ഇല്ലങ്കിൽ ബിജുവേട്ടൻ പറഞ്ഞമാതിരി, "കയ്യിൽ വെച്ചോണ്ടാ മതി"












Click it and Unblock the Notifications