ഗായികയാകാൻ വന്നു നടിയായി, മോഹൻലാലിന്റെ 'രാവണപ്രഭു'വിലെ നായിക വസുന്ധര ദാസ് ഇപ്പോൾ എവിടെയാണ്?
മറ്റൊരു മോഹന്‍ലാല്‍ റീ റിലീസ് ചിത്രം കൂടി തിയറ്ററുകളില്‍ ഇപ്പോള്‍ തരംഗം തീര്‍ക്കുകയാണ്. 2001ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാവണപ്രഭുവിന്റെ റി റിലീസിംഗ് ആഘോഷമാക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ തകര്‍പ്പന്‍ ഗാനങ്ങള്‍ക്കും മാസ്സ് ഡയലോഗുകള്‍ക്കും കയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയ നിറയെ.
രാവണപ്രഭു കണ്ട ആരും മറക്കാത്ത മുഖമാണ് നായികാ കഥാപാത്രമായ ഡോക്ടര്‍ ജാനകിയുടേത്. നിരവധി സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും ജാനകിയെ അവതരിപ്പിച്ച നടി വസുന്ധര ദാസ് സിനിമാ പ്രേക്ഷകര്‍ക്ക് അപരിചിതയല്ല. 24 വര്‍ഷങ്ങള്‍ക്ക് ശേഷം രാവണപ്രഭു വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വസുന്ധര ദാസ് എവിടെ എന്ന് അന്വേഷിക്കുകയാണ് പ്രേക്ഷകര്‍.
ഗായികയാകാന്‍ വന്ന് അപ്രതീക്ഷിതമായി നായികയായതാണ് വസുന്ധര ദാസ്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം വജ്രം എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം തമിഴില്‍ കമല്‍ ഹാസന്റെ ഹെയ് റാം, അജിതിന്റെ സിറ്റിസണ്‍, മീര നായരുടെ മണ്‍സൂണ്‍ വെഡ്ഡിംഗ് പോലുളള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തേക്കാള്‍ വസുന്ധര തിളങ്ങിയത് പിന്നണി ഗാന രംഗത്ത് തന്നെയാണ്. പ്രമുഖരായ നിരവധി സംഗീത സംവിധായകര്‍ക്ക് വേണ്ടി വസുന്ധര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

എആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഷക്കലക്ക ബേബി (മുതല്‍വന്‍), അയ്യോ പത്തിക്കിച്ച് (റിഥം), ഓരെ ചോരീ (ലഗാന്‍), സരിഗമെ (ബോയ്‌സ്) എന്നീ ഗാനങ്ങളും, ദേവയുടെ സംഗീതത്തില്‍ കട്ടിപ്പുടി കട്ടിപ്പുടി ഡാ (ഖുശി), ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ കണ്ണും കണ്ണും നോക്കിയാ (അന്യന്‍), ശങ്കര്‍ എഹ്‌സാന്‍ ലോയിയുടെ സംഗീതത്തില്‍ ഇറ്റ്‌സ് ദ ടൈം ടു ഡിസ്‌കോ( കല്‍ ഹോ നഹോ), വേര്‍സ് ദ പാര്‍ട്ടി ടുനൈറ്റ് (കഭി അല്‍വിദ നാ കെഹ്ന) അടക്കം നിരവധി ഹിറ്റ് ഗാനങ്ങള്‍ വസുന്ധരയുടേതായിട്ടുണ്ട്.
പത്ത് വര്‍ഷത്തിലധികമായി സിനിമാഭിനയ രംഗത്ത് വസുന്ധര സജീവമല്ല. എന്നാല്‍ സംഗീത ലോകത്ത് അവര്‍ തിരക്കിലാണ്. തന്റെ ബാന്റിനും വ്യത്യസ്ത സംഗീതജ്ഞര്‍ക്കുമൊപ്പം താന്‍ തിരക്കിലാണെന്ന് മാറ്റിനി നൗവിന് നല്‍കിയ അഭിമുഖത്തില്‍ വസുന്ധര പറയുന്നു. ലോകമെമ്പാടും വസുന്ധര സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. വിവിധ സംഗീത ശാഖകള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍ താനെന്നും നേരത്തെ അതിനുളള സമയം കിട്ടിയിരുന്നില്ലെന്നും വസുന്ധര പറയുന്നു.
ഡ്രമ്മര്‍ റോബര്‍ട്ടോ നരൈന്‍ ആണ് വസുന്ധരയുടെ ജീവിത പങ്കാളി. റോബര്‍ട്ടോയുമൊത്ത് 2006ല്‍ ഡ്രംജാം എന്ന പേരിലുളള സംഘടനയ്ക്ക് വസുന്ധര രൂപം കൊടുത്തു. സംഗീതത്തിന്റെ സഹായത്തോടെയുളള കോര്‍പറേറ്റ് ട്രെയിനിംഗ് ആണ് ഡ്രംജാം ചെയ്യുന്നത്. മാത്രമല്ല വിവിധ മേഖലകളിലുളള വ്യത്യസ്തരായ ആളുകള്‍ക്ക് സംഗീതം ഉപയോഗിച്ച് കൊണ്ടുളള സമാന സഹായങ്ങള്‍ എത്തിക്കാനായി ഒരു ഫൗണ്ടേഷനും ഇരുവരും ചേര്‍ന്ന് രൂപം കൊടുത്തിട്ടുണ്ട്. താന്‍ ഗായിക, നാഗരചയിതാവ്, സംഗീത സംവിധായിക എന്നതിലുപരി സംഗീതത്തെ ആശയസംവേദനത്തിനും നേതൃത്വത്തിനും സെല്‍ഫ് ഹീലിംഗിനും അടക്കമുളള ചാലകമായി ഉപയോഗിക്കുക കൂടിയാണെന്നും വസുന്ധര ദാസ് പറയുന്നു.












Click it and Unblock the Notifications