'നേരില്‍ വക്കീലാകേണ്ടിയിരുന്നത് വേറൊരാള്‍... എനിക്ക് തന്നത് മറ്റൊരു കഥാപാത്രം'; സിദ്ദീഖ് പറയുന്നു
നാളുകള്‍ക്ക് ശേഷം നേരിലൂടെ ഒരു മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ കൈയടി നേടുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. ബോക്‌സോഫീസില്‍ കഴിഞ്ഞ കുറച്ച് നാളുകളായി മോഹന്‍ലാല്‍ ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കാറില്ല. ആ പതിവാണ് നേര് തിരുത്തി കുറിക്കുന്നത്. മലയാള സിനിമയുടെ തലവര മാറ്റിയ ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷയായിരുന്നു.
ആ പ്രതീക്ഷ തെറ്റായില്ല എന്നാണ് തിയേറ്ററുകളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോഹന്‍ലാലിന്റെ കൈയടക്കത്തോടെയുള്ള പ്രകടനവും മികച്ച തിരക്കഥയും കൈയടി നേടുന്നു. അതിനൊപ്പം തന്നെ പ്രേക്ഷകര്‍ എല്ലാവരും എടുത്ത് പറയുന്നത് അനശ്വര രാജന്റേയും സിദ്ദീഖിന്റേയും കഥാപാത്രങ്ങളാണ്. ഇരുവരും പടത്തില്‍ നന്നായി സ്‌കോര്‍ ചെയ്തു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ നേരിന്റെ വിജയത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ദീഖ്. റേഡിയോ സുനോവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. നേരിലെ വക്കീല്‍ കഥാപാത്രം യഥാര്‍ത്ഥത്തില്‍ താനല്ല ചെയ്യേണ്ടിയിരുന്നത് എന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. സിദ്ദീഖിന്റെ വാക്കുകളിലേക്ക്...
'നേരിന് നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നതിലെ വലിയ സന്തോഷത്തിലാണ്. ഒരു സിനിമ ഉണ്ടാക്കുമ്പോള്‍ അത് ആലോചിക്കുമ്പോള്‍ പുറത്ത് വന്ന് കഴിഞ്ഞാല്‍ എന്തായിരിക്കും പ്രേക്ഷകരുടെ അഭിപ്രായം എന്നതായിരിക്കും എപ്പോഴും എല്ലാവരുടേയും ചിന്ത. ഒാരോ സംഭാഷണങ്ങള്‍ ഉണ്ടാക്കുമ്പോഴെല്ലാം ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്നായിരിക്കും എല്ലാവരും നോക്കുന്നത്. ഞാനൊരു കഥാപാത്രം ചെയ്യുമ്പോള്‍ ആദ്യം ആലോചിക്കുന്നത് എന്നെ ഈ ക്യാരക്ടര്‍ വെച്ച് ആളുകള്‍ പരിഹസിക്കുമോ എന്നാണ്.
ഇത് കൂടിക്കൂടി വന്ന് റിലീസിംഗിന്റെ തലേദിവസം നമുക്ക് ഭയങ്കര സ്‌ട്രെസായിരിക്കും. ഇന്നലെ ഞാനും ജീത്തുവും ശാന്തിയും ഒക്കെയുണ്ട്. അപ്പോള്‍ ശാന്തി പറയുന്നുണ്ട്. ഇനി എന്തായിരിക്കും, നമ്മള്‍ എന്ത് ധൈര്യത്തിലാണ് പോകുന്നത്, എന്തെങ്കിലും നെഗറ്റീവ് റിപ്പോര്‍ട്ട് ആണെങ്കില്‍ എന്ത് ചെയ്യും എന്നൊക്കെയുള്ള മാനസിക പ്രയാസമുണ്ടായിരിക്കും. അതൊക്കെ ഇപ്പോള്‍ സന്തോഷവും സമാധാനവും ഒക്കെ ആയി മാറി.
ദൃശ്യത്തില്‍ കയറിയതിന് ശേഷം ജീത്തു എന്നെ ഇറക്കി വിട്ടിട്ടില്ല. നേരിലാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വെറുപ്പ് തോന്നുന്ന ഒരു അഡ്വക്കേറ്റ് ആണ്. യഥാര്‍ത്ഥത്തില്‍ വേറെ ഒരു കഥാപാത്രമാണ് ഞാന്‍ ഈ സിനിമയില്‍ ചെയ്യേണ്ടിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് ജീത്തു വിളിച്ച് പറയുന്നത് വക്കീല്‍ വേഷം ചെയ്യാന്‍ വേറെ ആളെ ഉദ്ദേശിച്ചിരുന്നു അത് ശരിയായി വരുന്നില്ല.
അതുകൊണ്ട് സിദ്ദീഖേട്ടന്‍ അത് ചെയ്താല്‍ മതി എന്ന് പറഞ്ഞു. കഥ കേട്ട് ക്യാരക്ടര്‍ എന്താണ് എന്നൊന്നും മനസിലാക്കിയിട്ടല്ല ഞാന്‍ അഭിനയിക്കാന്‍ പോയത്. ഷൂട്ടിംഗ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് രാജശേഖരന്‍ എന്ന വക്കീലിന്റെ റോളാണ് എനിക്കുള്ളത് എന്ന് അറിയുന്നത്.'












Click it and Unblock the Notifications