സിനിമ റിവ്യൂ; നടൻ അജു വർഗീസിന്റെ പ്രതികരണം ഇങ്ങനെ..'അല്ലെങ്കിൽ ഒരിക്കലും എനിക്കൊന്നും സിനിമ കിട്ടില്ല'
കൊച്ചി: സിനിമ കാണാൻ 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് നടൻ അജു വർഗീസ്.ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമം ഉള്ളെടുത്തോളം കാലം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം.
'സിനിമ റിവ്യൂ ചെയ്യാൻ പാടില്ലെന്ന് ഇന്ത്യയിൽ നിയമം ഉണ്ടോ? 150 രൂപ മുടകിയെങ്കിൽ പ്രേക്ഷകന് എന്തും പറയാനുള്ള അധികാരമുണ്ട്. ഹോട്ടലിലെ ഭക്ഷണം മോശമാണെങ്കിൽ ഞാൻ പറയും. ഞാൻ ഭാഗമാകുന്ന മലയാള സിനിമ എന്നത് കൊമേഷ്യൽ വിഭാഗത്തിൽ പെടുന്നതാണ്. ഒരു പ്രൊഡക്ടിനെ സംബന്ധിച്ച് ഐഎസ്ഐ മാർക്ക് വരെ നോക്കി, അത്രയും ഉറപ്പിച്ചൊക്കെയാണ് നമ്മൾ വാങ്ങുന്നത്.

സിനിമയെ കുറിച്ചുള്ള റിവ്യൂവിങ് നടക്കുന്നുണ്ടെങ്കിൽ അത് നല്ലതാണെന്നേ പറയുള്ളൂ. ഇന്ന് മലയാള സിനിമ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഇൻഡസ്ട്രിയാണ്. അങ്ങനെ മാറുമ്പോൾ നമ്മുടെ ഉത്തരവാദിത്തത്തിന്റെ ബെഞ്ച് മാർക്ക് വളർത്തിയെടുക്കാൻ സിനിമ പ്രവർത്തകൻ എന്ന നിലയ്ക്ക് ഇത്തരത്തിലുള്ള ഹാർഡ് ക്രിട്ടിസിസം സഹായിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് തൂക്കി നോക്കുമ്പോൾ ലാഭം എനിക്ക് തന്നെയാണ്.
നെഗറ്റീവ് ഇല്ലാതെ നെഗറ്റീവ് പറയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. നടനെ ഇഷ്ടപ്പെടാതെ സിനിമ കണ്ടിട്ട് സിനിമ കഴിയുമ്പോൾ നടനെ ഇഷ്ടപ്പെട്ട് തിരിച്ച് പോകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും എനിക്കൊന്നും സിനിമ കിട്ടില്ല. ഒരിക്കലും മുൻ വിധി വച്ച് ആരും സിനിമ കാണാൻ വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
നമ്മൾ മോശം സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടാകുന്നത് ഒരു തരം സൗന്ദര്യ പിണക്കമാണ്. നല്ലൊരു പ്രൊഡക്ട് ഡെലിവറി ചെയ്യുമ്പോൾ അവർ ആ പിണക്കം മറക്കും. എല്ലാം പെർഫെക്ട് ആയ സിനിമകൾ പാടാണ്', നടൻ പറഞ്ഞു.
നേരത്തേ മമ്മൂട്ടിയും സിനിമ റിവ്യൂവിനെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാർ ഒരു വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.












Click it and Unblock the Notifications