റോബിൻ ബസ് ഇനി ഹീറോ, കഥ സിനിമയാകുന്നു; പേരും വിവരങ്ങളും പങ്കുവെച്ച് സംവിധായകൻ
കേരളത്തിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം റോബിൻ ബസ്സാണ്. റോബിൻ ബസ്സുമായി ബന്ധപ്പെട്ട വാർത്ത ഇല്ലാത്ത ദിവസങ്ങളില്ല. റോബിൻ ബസ്സും എം വി ഡിയും തമ്മിലുള്ള ഒരു പോരാട്ടമാണ് നടക്കുന്നത്. റോബിൻ ബസ്സിന്റെ ഭാഗത്താണ് ന്യായം എന്ന് ഒരു വിഭാഗം പറയുമ്പോൾ, എം വി ഡിക്കൊപ്പമാണ് ഒരു വിഭാഗം നിൽക്കുന്നത്.
എന്തായാലും ഇനി റോബിൻ ബസ്സിന്റെ കഥ വെള്ളിത്തിരയിൽ കാണാം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പ്രശാന്ത് ബി മോളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുക. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സിനിമ നിർമ്മിക്കുക.

സിനമയുടെ വിവരം പങ്കുവെച്ച് സംവിധായകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ് എന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
പ്രശാന്ത് ബി മോളിക്കലിന്റെ കുറിപ്പ്:
സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്.
ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്.
Based on a true story
- ROBIN -
All india tourist permit.
കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളെ നന്ദിയോടെ ഓർക്കുന്നു.
എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട്
പ്രശാന്ത് മോളിക്കൽ
ഡയറക്ടർ












Click it and Unblock the Notifications