തൃഷ്ണ മുതല്‍ വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും വരെ: എംടി മമ്മൂട്ടിക്കായി ഒരുക്കിയ ഇതിഹാസ സൃഷ്ടികള്‍
മമ്മൂട്ടി എന്ന നടനെ അഭിനയത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയ കഥാപാത്രങ്ങളില്‍ അധികവും പിറന്ന തൂലികയായിരുന്നു എം ടി വാസുദേവന്‍ നായരുടേത്. ദേശീയ അവാർഡിന്റെ തിളക്കം എന്നതിന് അപ്പുറം പലകാലം പിന്നിട്ടിട്ടും ഓരോ കഥാപാത്രങ്ങളും ഒരു നോവായി, ഒരു വിങ്ങലായി മലയാളി സിനിമാസ്വാദകരുടെ നെഞ്ചില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു.
മമ്മൂട്ടിയും എം ടിയും ഒന്നിച്ച ആദ്യ ചിത്രമായ ദേവലോകം പാതിവഴിയില്‍ നിലച്ച് പോയെങ്കിലും ആ ബന്ധം മരണംവരെ നിർബാധം തുടർന്നു. ദേവലോകത്തിന് മുമ്പിന് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ടിരുന്നുവെങ്കിലും ആദ്യമായി ഒരു പ്രധാന കഥാപാത്രം മമ്മൂട്ടിക്ക് നല്‍കിയത് എംടിയാണ്. മമ്മൂട്ടി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ എം ടിയെ പരിചയപ്പെടുകയും തന്റെ സിനിമാ മോഹം അദ്ദേഹത്തെ അറിയിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ദേവലോകത്തിലേക്ക് മമ്മൂട്ടിയെ ക്ഷണിച്ചു. എന്നാല്‍ നിർഭാഗ്യവശാല്‍ ചിത്രം പൂർത്തിയായില്ല.

ദേവലോകം പൂർത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന പടം ഒരുക്കിയപ്പോള്‍ മമ്മൂട്ടിക്കായി ഒരു ഫ്രാധനപ്പെട്ട വേഷം തന്നെ എം ടി ഒരുക്കിവെച്ചു. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങി ഒരു വടക്കന്‍ വീരഗാഥയും ഉത്തരവും മിഥ്യയും അടക്കം എണ്ണം പറഞ്ഞ എം ടി തിരക്കഥകളില്‍ മമ്മൂട്ടി മലയാളികള്‍ക്ക് മുമ്പില്‍ നിറഞ്ഞാടി.
മമ്മൂട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എംടിയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടി ആദ്യമായി തനിച്ച് നായക വേഷം ചെയ്ത ചിത്രം തൃഷ്ണയായിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുളള ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചതാകട്ടെ ഐവി ശശി - എംടി വാസുദേവന്‍ നായർ കൂട്ടുകെട്ടില്‍ പിറന്ന അടിയൊഴുക്കുകളിലെ പ്രകടനത്തിനും. വടക്കന്‍ വീരഗാഥയിലൂടെ രണ്ടാമതും സംസ്ഥാന അവാർഡും ആദ്യത്തെ ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.
സുകൃതം, അക്ഷരങ്ങള്‍ തുടങ്ങി തന്റെ തന്നെ ആത്മാംശം ഉള്‍ക്കൊള്ളുന്ന രണ്ട് സിനിമകളിലും എം ടിക്ക് മമ്മൂട്ടിയല്ലാത്തെ മറ്റൊരു നായകനെ സങ്കല്‍പ്പിക്കാന്‍ സാധിച്ചില്ല. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും അടക്കം പിരീഡ് കഥാപാത്രങ്ങള്‍ പാളിച്ചകളില്ലാത്തെ കയ്യടക്കത്തോടെ ചെയ്യാന്‍ മമ്മൂട്ടിയെ പ്രാപ്തമാക്കിയത് എം ടിയെന്ന അതികായന്റെ തിരക്കഥയുടെ പിന്‍ബലമാണ് എന്നതില്‍ സംശയമില്ല.












Click it and Unblock the Notifications