പൃഥ്വിയുടെ സംവിധാനത്തിൽ മമ്മൂട്ടി ചിത്രം ഉണ്ടാവുമോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരം
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ സിനിമയായിരുന്നു ലൂസിഫർ. വമ്പൻ വിജയമായിരുന്നു ചിത്രം. ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് പൃഥ്വി. ഇതിനിടയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ബ്രോ ഡാഡി ഒ ടി ടിയിൽ റിലീസ് ആയിരുന്നു. ഈ സിനിമയ്ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ആരാധകർക്ക് പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ട് വലിയ പ്രതീക്ഷ തന്നെയാണ് നൽകുന്നത്. മുരളി ഗോപി കൂടി ഈ കൂട്ടുകെട്ടിൽ എത്തുമ്പോൾ പ്രതീക്ഷ ഇരട്ടിയാണ്.
അതേ സമയം പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് പൃഥ്വിരാജ് - മമ്മൂട്ടി കോമ്പോ. നേരത്തെ മുരളി ഗോപിയുടെ രചനയിൽ മമ്മൂട്ടി ചിത്രം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എന്നാണ് ആ കോമ്പോ ഉണ്ടാവുക എന്നാണ് ആരാധകർ നിരന്തരം ചോദിക്കുന്നത്. ഇപ്പോൾ അങ്ങനൊരു പ്രൊജക്റ്റിന് എത്ര നാൾ കാത്തിരിക്കേണ്ടി വരും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മുരളി ഗോപി.

ഓൺലുക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.ഒരു മമ്മൂട്ടി ചിത്രം പ്ലാനിലുണ്ടെന്നും മുരളി ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈയൊരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മുരളി ഗോപിയുടെ മറുപടി ഇങ്ങനെയാണ്: അങ്ങനെ ഒരു പ്ലാനുണ്ട്. പക്ഷേ അത് എപ്പോൾ എന്നുള്ളതാണ്. ഇനിയിപ്പോ പ്രോജക്റ്റ്സ് ഇങ്ങനെ വരുന്നുണ്ട്. ഞങ്ങളുടെ ആഗ്രഹമാണ് അത്. അത് ഞങ്ങൾ സംസാരിച്ചുണ്ട്. അത് എപ്പോൾ സംഭവിക്കുമെന്നുള്ളതാണ്. രാജുവിന് രാജുവിന്റെ പ്രോജക്റ്റ്സ് ഉണ്ട്. എനിക്ക് എന്റേത് ഉണ്ട്, മുരളി ഗോപി പറയുന്നു.
മമ്മൂട്ടി എന്ന വ്യക്തിത്വത്തെ താൻ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്നത് മുരളി ഗോപി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മമ്മൂക്ക അടക്കമുള്ളവർ പ്രചോദനങ്ങളാണെന്നും. തനിക്ക് ഒരു പാട്രിയാർക്കിയൽ ഫീൽ ഉള്ള ആളാണ് അദ്ദേഹമെന്നും പഴയ പുതിയ കാലങ്ങളുടെ ഒരു യഥാർത്ഥ സങ്കലനം ഉള്ള ആളാണെന്ന് തോന്നിയിട്ടുണ്ടെന്നും മുരളി ഗോപി പറഞ്ഞിരുന്നു.
വളരെ നാടനായ ഒരു മനുഷ്യനെയും അദ്ദേഹത്തിൽ കാണാൻ പറ്റും, എനിക്ക് അച്ഛന്റെ അടുത്തിരിക്കുന്നപോലെയുള്ള ഒരു ഫീൽ ആണ്. അദ്ദേഹത്തിന്റെ മനസ്സിൽ നമ്മളോടുള്ള സ്നേഹം നമുക്ക് ഫീൽ ചെയ്യാൻ പറ്റും, പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെയായിരിക്കും. എനിക്ക് വളരെ ഇഷ്ടവും ബഹുമാനമുള്ള ഒരാളാണ് മമ്മൂട്ടി സാർ എന്നും മുരളി ഗോപി പറഞ്ഞിരുന്നു.












Click it and Unblock the Notifications