ഉത്തരക്ക് താലിചാര്‍ത്തി സുഷിന്‍ ശ്യാം; വിവാഹത്തിന് സാക്ഷികളായി ഫഹദും നസ്രിയയും ജയറാമും പാര്‍വതിയും
കൊച്ചി: സംഗീതി സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ആണ് ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിനൊപ്പം ഉത്തരയും എത്തിയിരുന്നു. അവിടെ വെച്ചാണ് സുഷിൻ ഉത്തരയെ പരിചയപ്പെടുത്തിയത്. അതേ സമയം എന്നായിരിക്കും വിവാഹം എന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. സുഷിൻ അവസാനം സംഗീതം നൽകിയത് അമൽ നീരദിന്റെ ബോഗയ്ൻ വില്ലയ്ക്കാണ്. ഈ സിനിമയ്ക്ക് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് സുഷിൻ പറഞ്ഞിരുന്നു.
ഈ വർഷത്തെ തന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല എന്നും ഒരു ചെറിയ ഇടവേള എടുക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.. അടുത്ത വർഷമായിരിക്കും താൻ ഇനി പണി തുടങ്ങുകയെന്നും താരം പറഞ്ഞിരുന്നു. 2014 ൽ സപ്തമശ്രീ തസ്ക്കര എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്തതാണ് സുഷിൻ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. കിസ്മത്തിലെ പാട്ട് ശ്രദ്ധ നേടി.
ചെറുപ്പത്തിൽ തന്നെ സംഗീതത്തോട് താല്പര്യമുണ്ടായിരുന്നു സുഷിന്. സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയിറംഗിന് ചേർന്നു. പക്ഷേ, സംഗീതത്തോടുള്ള ഇഷ്ടം കൊണ്ട് പഠനം പാതിവഴിയിൽ നിർത്തി. പിന്നീട് സംഗീത സംവിധായകനായ ദീപക് ദേവിന്റെ സഹായിയായി. രണ്ട് വർഷത്തോളം ദീപക് ദേവിന്റെ കൂടെയായിരുന്നു.
കുമ്പളങ്ങി നൈറ്റിസിലെ സംഗീതത്തിന് സുഷിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിരുന്നു. കിസ്മത്ത്, എസ്ര, വരത്തൻ, കുറുപ്പ്, ഭീഷ്മ പർവം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ്. ആവേശം എന്നി സിനിമകൾക്കൊക്കെ സംഗീതം നൽകിയിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സപ്തമശ്രീ തസ്ക്കര തുടങ്ങിയ സിനിമകൾ പാടിയിട്ടും ഉണ്ട്.
അതേ സമയം, വളരെ ലളിതമായിരുന്നു വിവാഹം. ക്രീം നിറത്തിലുള്ള ലൂസ് പ്രിന്റ്ഡ് ഷർട്ടും മുണ്ടുമായിരുന്നു സുഷിന്റെ വേഷം. ഓറഞ്ചും ഗോൾഡൻ നിറവും കലർന്ന ഡബിൾ ഷെയ്ഡ് സാരിയാണ് വധുവിന്റെ വേഷം. അധികം ആഭരണങ്ങൾ ധരിച്ചിരിന്നില്ല. നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകളുമായി എത്തുന്നത്.












Click it and Unblock the Notifications