ബിസിനസിനോടുള്ള ഡെഡിക്കേഷന്‍ കുറഞ്ഞു; എല്ലാത്തിനും കാരണം എന്റെ മിസ്‌റ്റേക്ക്; റീസ്റ്റാര്‍ട്ട് ചെയ്യും
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയം ആയിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരത്ത് ദിയയുടെ ഉടമസ്ഥതയിലുള്ള ഫാന്‍സി ആഭരണ ഷോപ്പില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് മൂന്ന് മുന്‍ ജീവനക്കാരികള്‍ ചേര്‍ന്ന് കവര്‍ന്നത്. വളരെ വൈകിയാണ് ദിയ തട്ടിപ്പ് തിരിച്ചറിഞ്ഞത്. അതിനോടകം 69 ലക്ഷം രൂപ മുന്‍ ജീവനക്കാരികള്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് ദിയ ആരോപിക്കുന്നത്.
സ്ഥാപനത്തിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് ജീവനക്കാരികള്‍ സ്വന്തം മൊബൈല്‍ ഫോണിലേക്കാണ് ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിച്ചിരുന്നത്. ഇക്കാര്യം ദിയയെ അറിയിച്ചതും ഇല്ല. ഈ തട്ടിപ്പ് മാസങ്ങളോളം തുടര്‍ന്നു. ഗര്‍ഭിണിയായിരുന്ന ദിയയുടെ മോശം ആരോഗ്യവസ്ഥ ചൂഷണം ചെയ്താണ് മുന്‍ ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഇക്കാര്യം പുറത്തിറഞ്ഞതോടെ രക്ഷപ്പെടാനായി ദിയക്കും പിതാവ് കൃഷ്ണകുമാറിനും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും മുന്‍ ജീവനക്കാരികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകളോടെ ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ദിയയ്ക്കും കുടുംബത്തിനും കഴിഞ്ഞു. തുടര്‍ന്ന് ഒളിവിലായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന മൂന്നു ജീവനക്കാരികളും അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ ശ്രദ്ധക്കുറവാണ് ഇത്തരം ഒരു വലിയ തട്ടിപ്പിന് കളമൊരുക്കിയത് എന്ന് തുറന്നു സമ്മതിക്കുകയാണ് ദിയ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിയയുടെ തുറന്നുപറച്ചില്‍.
എന്റെ ശ്രദ്ധയില്ലായ്മയും ഉത്തരവാദിത്തക്കുറവും ഈ ബ്രാന്‍ഡിനോടുള്ള ഡെഡിക്കേഷന്‍ കുറഞ്ഞതുമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. കറക്ട് സമയത്ത് സ്‌റ്റോക്ക് ചെക്ക് ചെയ്യണമായിരുന്നു. അത് ചെയ്തില്ല. അന്ന് എനിക്ക് വയ്യായിരുന്നു. എനിക്ക് പറയാന്‍ പറ്റിയ ഏറ്റവും നല്ല എക്‌സ്‌ക്യൂസ് അതായിരുന്നു. അശ്വിന് വേറെ വര്‍ക്കുണ്ട്. ആ പ്രോജക്ടില്‍ ഏറ്റവും സീനിയര്‍ അശ്വിനാണ്. അതൊക്കെ കളഞ്ഞിട്ട് എന്റെ ഓഫീസില്‍ പോയി ഇരിക്കാന്‍ പറയാന്‍ എനിക്ക് അധികാരമില്ല. അത് എന്റെ ചെറിയൊരു ലോകമാണ്.
ഇപ്പോള്‍ വെബ്‌സൈറ്റ് മുതല്‍ സ്ഥാപനത്തിന്റെ എല്ലാ ടെക്‌നിക്കല്‍ കാര്യങ്ങളും അശ്വിനാണ് നോക്കുന്നത്. എനിക്ക് ബേബിയെ നോക്കണം. മാര്‍ക്കറ്റിങ് ഞാനാണ് ചെയ്യുന്നത്. ഇപ്പോള്‍ ഓഫീസിലെ കാര്യങ്ങള്‍ അച്ഛനും മാര്‍ക്കറ്റിങ് ഞാനും ടെക്‌നിക്കല്‍ കാര്യങ്ങള്‍ അശ്വിനുമാണ് ചെയ്യുന്നത്. ഇപ്പോള്‍ എല്ലാം സിസ്റ്റമാറ്റിക്കായി.
ചെറിയ വരുമാനം ആണെങ്കിലും എന്റെ കൈയില്‍ തന്നെ നില്‍ക്കുന്നുണ്ട്. ആരും എടുത്തുകൊണ്ടു പോകുന്നില്ല. ഒന്നു കൂടി റീസ്റ്റാര്‍ട്ട് ചെയ്യും. കുറവന്‍കോണത്ത് പുതിയ സ്‌റ്റോര്‍ ഉടനെ ഉദ്ഘാടനം ചെയ്യും. 20 ദിവസത്തിന് അകത്ത് അതിന്റെ ഉദ്ഘാടനം ഉണ്ടാകും. എന്റെ ഫാമിലി തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്നെ ഞാനാക്കിയത് എന്റെ ഫാമിയാണ് - ദിയയുടെ വാക്കുകള്‍.












Click it and Unblock the Notifications