'നാദിർഷയ്ക്ക് പക'; ദിലീപിനൊപ്പം നിന്നില്ലെന്നതായിരുന്നു കാരണം'; ആലപ്പി അഷ്റഫ് പറയുന്നു
മിമിക്രി കലാകാരൻമാരുടെ സംഘടനയായ 'മാ'യിൽ നിന്നും നേരിട്ട അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. നാദിർഷയും ദിലീപിനെ പിന്തുണയ്ക്കുന്നവരുമായിരുന്നു തനിക്കെതിരെ തിരിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'മിമിക്രിയിൽ അരനൂറ്റാണ്ട് പിന്നിട്ട എനിക്ക് ജില്ലാ ഭരണകുടം ആദരവ് നൽകിയിരുന്നു. മിമിക്രിക്കാരുടെ സംഘടനയായ 'മാ' യിൽ ഞാൻ ഒരു ഓണററി അംഗമാണ്. ടിവി പ്രസാദ് ആണ് സംഘടനയുടെ പ്രസിഡന്റ്, നാദിർഷ സെക്രട്ടറിയും. ഒരിക്കൽ സംഘടനയുടെ ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. അന്ന് ചടങ്ങിൽ നിലവിളക്ക് കൊളുത്താനായി നാദിർഷ അടക്കമുള്ള താരങ്ങളെ വേദിയിലേക്ക് വിളിച്ചു. ഇതിനിടയിൽ സംഘടനയിലെ ഒരാൾ അഷ്റഫിക്ക സദസിലുണ്ട്, അദ്ദേഹത്തെ എന്തെ വിളിക്കാത്തത് എന്ന് ചോദിച്ചു. അപ്പോൾ നാദിർഷ പറഞ്ഞ മറുപടി അതിനെന്താണ് അയാൾ ഇരിക്കട്ടെയെന്നാണ്.

നാദിർഷ അങ്ങനെ ചെയ്തത് ഞാനൊരു മഹാഅപരാധം ചെയ്തത് കൊണ്ടാണ്, അതെനിക്ക് തിരുത്താനും പറ്റില്ല. എന്താണെന്നല്ലേ, നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ നടിക്കൊപ്പം നിന്നു, ദിലീപിനൊപ്പം നിന്നില്ല എന്നതാണ്. അവർ എന്നോട് കണിച്ച ഈ പ്രവൃത്തിക്ക് ഞാൻ ഒരു പരാതിക്കും പോയിട്ടില്ല. എന്തായാലും സംഘടനയുടെ തലപ്പത്ത് ഉള്ളവർ കുറച്ച് കൂടി മാന്യത പുലർത്തണം.
അടുത്തിടെ ടിനി ടോം എന്നെ വിളിച്ചിരുന്നു. നസീർ സാറിനെ കുറിച്ച് അയാൾ ഉന്നയിച്ച ആക്ഷേപങ്ങൾക്കെതിരെ ഞാൻ ശക്തമായി പ്രതികരിച്ചിരുന്നു. അദ്ദേഹം എന്നോട് വിളിച്ചപ്പോൾ പറഞ്ഞത് നിങ്ങൾ എനിക്ക് ഗുരുതുല്യനാണെന്നാണ്. അതുകൊണ്ടാണോ മായുടെ പരിപാടിയിൽ എന്നെ പോലൊരു മുതിർന്ന താരത്തെ ഒഴിവാക്കിയതെന്ന്. അക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും ഇക്കയെ വേദിയിലേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞത് ദിലീപിന്റെ ആൾക്കാരാണെന്നും അവർ പറഞ്ഞു. നസീർ വിഷയത്തിൽ നസീർ അദ്ദേഹത്തിന്റെ ഫൗണ്ടേഷനിൽ ചെന്ന് മാപ്പ് പറഞ്ഞത് നല്ല കാര്യമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ അത് തിരുത്താൻ തയ്യാറാകുന്നതാണ് പ്രധാനം.
മുരളി സംഗീത-നാടക അക്കാദമിയുടെ പ്രസിഡന്റായിരിക്കുമ്പോൾ മിമിക്രിയെ കൂടി അക്കാദമിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ മിമിക്രിയെ ഒരു കലാരൂപമായി തനിക്ക് അംഗീകരിക്കാൻ സാധിക്കെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് മുകേഷ് ഈ സ്ഥാനത്തേക്ക് വന്നപ്പോൾ അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞു, മിമിക്രിയിൽ നിന്നും വളർന്നുവന്ന താരമാണ് മുകേഷ്. അദ്ദേഹം എന്റെ ആവശ്യം അംഗീകരിച്ചു.
കുറച്ച് നാൾ കഴിഞ്ഞപ്പോൾ കെഎസ് പ്രസാദ് എന്നെ വിളിച്ചു. സംഗീത നാടക അക്കാദമി ഒരു മിമിക്രി കലാകാരന് ഫെലോഷിപ്പ് കൊടുക്കുന്നുണ്ട് , അത് കോട്ടയം നസീറിനാണ് കൊടുക്കുന്നത്. ഇക്കയ്ക്ക് എന്തെങ്കിലും എതിർപ്പുണ്ടോയെന്നായിരുന്നു ചോദ്യം. ഒരു എതിർപ്പും ഇല്ലെന്ന് ഞാൻ അറിയിച്ചു. ആലപ്പി അഷറഫിനല്ലേ ഇത് കൊടുക്കേണ്ടതെന്ന് മുകേഷ് ചോദിച്ചതിനാലാണ് പ്രസാദ് എന്നെ വിളിച്ച് എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് ചോദിച്ചത്. എവിടേയും എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്തിട്ടേ ഉള്ളൂ. സ്വന്തം നേട്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും.
സിനിമ മേഖലയിൽ കത്തി ജ്വലിച്ച് നിൽക്കുമ്പോൾ അവരെ വാനോളം പുകഴ്ത്തി ആരാധിച്ച് കൊണ്ടുനടക്കുന്നതാണ് രീതി. എന്നാൽ പ്രഭയ്ക്ക് മങ്ങലേറ്റാൽ അവരെ തഴയും. പിന്നീട് അവരെ കുറിച്ച് നല്ലത് കേൾക്കണമെങ്കിൽ അവർ ഈ ലോകം വിട്ട് പോകണം. ഇല്ലാത്ത യോഗ്യത പോലും അവർക്ക് അന്നേരം ഉണ്ടാകും. അവർക്ക് വേണ്ടി നല്ലത് പറയാൻ ചാനലിൽ മത്സരമാണ്. ജീവിച്ചിരിക്കുമ്പോൾ പരിഗണിച്ചിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ അവർ ഇവിടം വിട്ട് പോകുമായിരുന്നുവെന്ന് ഓർക്കുക.
എന്റെ സംഘടന എന്നെ അംഗീകരിച്ചില്ലെന്ന് കൊണ്ട് മാത്രമല്ല, പല താരങ്ങൾക്കും അവർ അർഹിക്കുന്ന അംഗീകാരം കൊടുക്കുന്നില്ലെന്നത് ഞാൻ കണ്ടിട്ടുള്ളത് കൊണ്ടാണ്.












Click it and Unblock the Notifications