'ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാം, അവനും ഞാനുമൊക്കെ കാത്തിരിക്കുന്നത് ആ ദിവസത്തിന്'; നാദിർഷ
കൊച്ചി: ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടനും സംവിധായകനുമായ നാദിർഷ. തനിക്ക് ദിലീപ് സഹോദര തുല്യനാണെന്ന് പല അഭിമുഖങ്ങളിലും നാദിർഷ തുറന്ന് പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ സമയത്തും സുഹൃത്ത് എന്ന നിലയിൽ ദിലീപിനൊപ്പം എന്ന് പ്രഖ്യാപിച്ചയാൾ ആണ് നാദിർഷ. കേസിൽ നാദിർഷയും സാക്ഷിയായിരുന്നു.
ഇപ്പോഴിതാ കേസിനെ കുറിച്ചും ദിലീപിനെ കുറിച്ചും പ്രതികരിക്കുകയാണ് താരം. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ദിലീപ് ഏറ്റവും കൂടുതൽ സന്തോഷവാനായിരിക്കുന്നത് എപ്പോഴായിരിക്കുമെന്ന ചോദ്യത്തിന് അവൻ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസം എന്നായിരുന്നു നാദിർഷ പ്രതികരിച്ചത്. നാദിർഷയുടെ വാക്കുകൾ ഇങ്ങനെ-

'ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. അവൻ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവൻ കാത്തിരിക്കുന്നത്.ആ ദിവസത്തിനുവേണ്ടി ,അവനു വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. നമ്മുക്ക് അറിയാലോ, ആളുകൾ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്. നൂറ്റിപ്പത്ത് ശതമാനം അവൻ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. അത് ജനങ്ങളിലേക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബുമെല്ലാം കാത്തിരിക്കുന്നത്', നാദിർഷ പറഞ്ഞു.
നടി കേസിൽ നിരവധി തവണ നാദിർഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിർഷാ തനിക്ക് പണം നൽകിയതായി കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ വച്ച് 25,000 രൂപ നൽകിയെന്നായിരുന്നു സുനി പോലീസിന് നൽകിയ മൊഴി.
അതിനിടെ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ചും നാദിർഷ വാചാലനായി. ഭാര്യയും മക്കളും വീട്ടിലില്ലെങ്കിൽ അങ്ങോട്ട് പോകാൻ തന്നെ തനിക്ക് ഇഷ്ടമല്ലെന്നും നാദിർഷ പറഞ്ഞു. 'ഭാര്യ വീട്ടിൽ ഇല്ലെങ്കിൽ ഇന്ന് നീ ലോട്ടറി അടിച്ചല്ലോ എന്ന് പറയുന്ന ആളുകൾ ഉണ്ട്. ഓഹ് ഇന്ന് അവന്റെ ഭാര്യ ഇല്ലാത്തത് കാരണം അവൻ ഇന്ന് അറുമാദിക്കും എന്ന് പറയുന്നത് കേൾക്കുമ്പോൾ ഞാനിങ്ങനെ ആലോചിക്കാറുണ്ട്. കാരണം ഭാര്യ വീട്ടിൽ ഇല്ലെങ്കിൽ ഞാൻ അന്ന് വീട്ടിൽ പോകില്ല. ഡോർ ഒക്കെ തുറന്നു തരുമ്പോൾ മക്കളോ ഭാര്യയോ വീട്ടിൽ ഇല്ലെങ്കിൽ എനിക്ക് വലിയ ബുദ്ധിമുട്ട് ആണ്. അപ്പോൾ വീട്ടിൽ നിൽക്കില്ല, ഹോട്ടലിൽ റൂമെടുത്ത് താമസിക്കുകയേ ഉള്ളൂ. എത്രയോ തവണ ചെയ്തിട്ടുണ്ട് അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്', നടൻ പറഞ്ഞു.












Click it and Unblock the Notifications