സിനിമയ്ക്ക് പുറത്തും ലേഡി സൂപ്പർ സ്റ്റാറാണ് നയന്‍താര: മറ്റൊരു നടിക്കുമില്ലാത്ത നേട്ടം
ടെലിവിഷന്‍ അവതാരകയായി ജനങ്ങളുടെ മുന്നിലേക്ക് എത്തിയ താരമാണ് നയന്‍താര. സത്യന്‍ അന്തിക്കാട് ചിത്രമായ മനസ്സിനക്കരയിലെ നാടന്‍ പെണ്‍കുട്ടിയായ ഗൗരിയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. അവിടെ നിന്നും മലയാളവും തമിഴും അടങ്ങുന്ന തെന്നിന്ത്യന്‍ ഭാഷകളും കടന്ന് ഇന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുന്നു നയന്‍താരയുടെ താരസാന്നിധ്യം.
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലൂടെയാണ് നടി ഹിന്ദി സിനിമയിലെത്തിയത്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാളാണ് നയന്‍താരം. ഇപ്പോഴിതാ അഭിമാനകരമായ മറ്റൊരു നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. പ്രമുഖ ബിസിനസ് മാഗസിനായ ബിസിനസ് ടുഡേയുടെ കവർ ചിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. 'ബിസിനസിലെ ഏറ്റവും ശക്തരായ വനിത'കളിൽ ഒരാളായിട്ടാണ് താരത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിസംബർ ലക്കത്തിലെ ബിസിനസ് ടുഡേയുടെ കവർ പേജിലാണ് നയൻതാരയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്ര സംവിധായകനും ടൈഗർ ബേബിയുടെ സഹസ്ഥാപകനുമായ സോയ അക്തർ, അപ്പോളോ ഹോസ്പിറ്റൽസ് ജോയിന്റ് എംഡി സംഗീത റെഡ്ഡി, സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് എന്നിവരാണ് കവർ ചിത്രത്തിലുള്ള മറ്റ് മൂന്നുപേർ.
ബിസിനസ് ടുഡെയുടെ കവർ ചിത്രം നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ വലിയ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ച ഭർത്താവിനാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നതെന്നും നയന്‍താര കുറിക്കുന്നു. " എന്റെ പ്രിയ ഭർത്താവ് വിഘ്നേഷ് ശിവന് എല്ലാ വിധ നന്ദിയും അറിയിക്കുന്നു, എന്നെ വലുതായി സ്വപ്നം കാണാൻ പഠിപ്പിച്ചതിന് നന്ദി, ഈ ബഹുമതിക്ക് ബിസിനസ് ടുഡേയ്ക്ക് നന്ദി! (sic)," നയൻതാര ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
സംവിധായകനും ഭർത്താവുമായ വിഘ്നേഷ് ശിവനൊപ്പം 2021-ൽ റൗഡി പിക്‌ചേഴ്‌സിനൊപ്പം നിർമ്മാണ മേഖലയിലേക്കും നയന്‍താര പ്രവേശിച്ചിരുന്നു. ഈ വർഷം അവർ തന്റെ ചർമ്മസംരക്ഷണ ബ്രാൻഡായ 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡായ ഫെമി 9 എന്നിവ പുറത്തിറക്കുകയും സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡിൽ വലിയ നിക്ഷേപം നടത്തുകയും ചെയ്തു.
അതേസമയം, തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് നടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അഭിമുഖത്തിന് എത്തിയപ്പോൾ താരത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിച്ചായിരുന്നു സ്വാഗതം ചെയ്തത്. എന്നാൽ ഒരു ചിരിയോട് കൂടി ദയവായി എന്നെ അങ്ങനെ വിളിക്കരുത് എന്നാണ് താരം പറഞ്ഞത്. ആരെങ്കിലും അങ്ങനെ തന്നെക്കുറിച്ച് പറയുമ്പോൾ തന്നെ ശകാരിക്കുന്നത് പോലയാണ് തോന്നാറെന്നും നയൻതാര വ്യക്തമാക്കി.












Click it and Unblock the Notifications