'നയന്‍താര ഇങ്ങനെ ആകുമെന്ന് കരുതിയില്ല: അവരോടൊപ്പം നിന്നിരുന്നെങ്കില്‍ ഞാനിന്ന് കോടീശ്വരന്‍'
മലയാളത്തില്‍ നിന്നും തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ താരറാണിയായി വളർന്ന താരമാണ് നയന്‍താര. ഷാരൂഖ് ഖാന്റെ ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. എന്നാല്‍ തുടക്കത്തിലെ ചില ചിത്രങ്ങളോടെ തന്നെ താരം ഫീല്‍ഡ് ഔട്ടാകാന്‍ പോകുന്ന താരമാണ് നയന്‍താരയെന്നാണ് അന്ന് ഞാന്‍ കരുതിയതെന്നാണ് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അഭിപ്രായപ്പെടുന്നത്. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയന്‍താര തന്റെ വീട്ടില്‍ സ്ഥിരമായി വന്നിരുന്ന ആളായിരുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ആർട്ട് ഡയറക്ടർക്ക് ഞാനായിരുന്നു സഹായം ചെയ്തിരുന്നു. അവിടുന്ന് വരുമ്പോള്‍ നയന്‍താരയെ പട്ടാമ്പി വിടുമോയെന്ന് എന്നോടായിരുന്നു ചോദിക്കാറുണ്ടായിരുന്നത്. നയന്‍താര ഈ ലെവലിലൊക്കെ ആകുമെന്ന് അന്ന് മനസ്സിലായിരുന്നെങ്കില്‍ സോപ്പടിച്ച് വല്ല മാനേജരുമായി കൂടിയേനെ.

ഈ കുട്ടി ഇങ്ങനെയൊന്നും ആകുമെന്ന് അന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടേയില്ല. ഈ ചിത്രത്തോട് കൂടി കഴിഞ്ഞു എന്നായിരുന്നു ചിന്തിച്ചിരുന്നത്. നയന്‍താരയുടെ മാനേജറായിരുന്നെങ്കില്‍ സാമ്പത്തികമായും അല്ലാതെയുമൊക്കെ മലയാളത്തിന്റെ ഒരു സൂപ്പർ സ്റ്റാറിന്റെ പദവിയിലിരിക്കാമായിരുന്നു എനിക്കെന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു.
നയന്‍താരയെ പിന്നീടും കണ്ടിരുന്നു. സിദ്ധീഖിന്റെ ബോഡിഗാർഡ് എന്ന ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഫെഫ്കയുമായി ബന്ധപ്പെട്ട ഒരു വിഷയം സെറ്റിലുണ്ടായിരുന്നു. അദ്ദേഹത്തെ ഒറ്റപ്പാലത്തോ മറ്റോ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. ആ പ്രശ്നമൊന്ന് തീർക്കണമെന്ന് വിളിച്ച് ആവശ്യപ്പെട്ടത് മേജർ രവിയാണ്. അങ്ങനെ അറുപതോളം ആളുകളുമായിട്ടാണ് ഞാന്‍ ഇവിടെ നിന്നും പോകുന്നതും.
എന്തോ ദൈവം സഹായിച്ച് നമ്മള്‍ വിളിച്ചാല്‍ വരാന്‍ ആളുകളുണ്ട്. വടിയും കുന്തവും സാധനങ്ങളുമൊക്കെയായിട്ടാണ് വരിക്കാശ്ശേരി മനയിലേക്ക് പോകുന്നത്. അങ്ങനെ അവിടെ ചെന്ന് അടിയും ബഹളവുമൊക്കെയായി. ഞാന്‍ പൊലീസുകാരെ തള്ളിമാറ്റി പോകുന്ന ഒരു ഫോട്ടോയൊക്കെ പിറ്റേ ദിവസത്തെ മനോരമ പത്രത്തിലെ ഫ്രണ്ട് പേജില്‍ വന്നിരുന്നു.
ആ ഗുണ്ടായിസമൊക്കെ ആളുകള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ അവനവന്റേത് അല്ലാത്ത ഒരു കേസില്‍ വരുമ്പോള്‍ വെറും ഗുണ്ടയാവും. അത് സമൂഹത്തിന്റെ ഒരു കേസാകും. പറഞ്ഞ് വന്നത് അവിടെ വെച്ച് നയന്‍താര എന്നെ കണ്ടപ്പോള്‍ ബഹുമാനപൂർവ്വം എഴുന്നേറ്റു. ചിലരൊക്കെ പറയുക ധിക്കാരമാണ് എന്നൊക്കെയാണ്. നയന്‍താര വലിയ രീതിയില്‍ മാറിപ്പോയി എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
സത്യേട്ടന്‍ കൊണ്ടുവന്ന നടിമാരൊക്കെ അങ്ങനെയാണ്. നരേന്ദ്രന്‍ മകന്‍ വക ജയകാന്തന്‍ എന്ന ചിത്രത്തിലൂടെ അസിന്‍ സിനിമയിലേക്ക് വരുന്നത്. ആ ചിത്രത്തോടെ അവരും തീർന്നെന്നാണ് കരുതിയത്. എവിടുന്ന് കിട്ടുന്നു സത്യേട്ടന് ഇങ്ങനെത്തെ നടിമാരെയൊക്കെയെന്ന് അന്ന് പലരും ചിന്തിച്ചിരുന്നു. അങ്ങനേയുള്ള അസിന്‍ ഇന്ന് എവിടെ എത്തിയിരിക്കുന്നുവെന്നും കണ്ണന്‍ പട്ടാമ്പി ചോദിക്കുന്നു.
പ്രണവ് മോഹന്‍ലാലും ഈ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. ആദി കണ്ടപ്പോള്‍ പ്രണവിനെ എനിക്ക് വിളിക്കണമെന്ന് തോന്നി. എന്റെ കയ്യില്‍ നമ്പറില്ല. ഞാന്‍ സുചിചേച്ചിയെ വിളിച്ച് നമ്പർ വാങ്ങിയപ്പോള്‍ എങ്ങനേയും വിളിച്ചിട്ട് കിട്ടുകയാണെങ്കില്‍ അമ്മയെ ഒന്നിങ്ങോട്ട് വിളിക്കാന്‍ പറയൂ എന്നാണ് ആവശ്യപ്പെട്ടത്. തമാശ പറഞ്ഞതാണോ എന്നൊന്നും അറിയില്ല. അന്ന് എന്നോട് അങ്ങനെയാണ് പറഞ്ഞത്.
മകനെ കുറിച്ചാണെങ്കിലും അയാള്‍, അദ്ദേഹം എന്നൊക്കെയാണ് മോഹന്‍ലാല്‍ പറയൂ. ഇത് കേള്‍ക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. അഞ്ചാറ് ഷർട്ടില്‍ കൂടുതല്‍ അദ്ദേഹത്തിന് ഇല്ലെന്നാണ് എന്റെ അറിവ്. ഞാന്‍ മോഹന്‍ലാല്‍ അല്ലെന്ന് പ്രണവ് പറയുമത്രേ. എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ആ പൈസ കൊണ്ട് എനിക്ക് ഒരു ബുക്ക് പ്രസിദ്ധീകരിക്കണമെന്നാണ് പറഞ്ഞത്. മോഹന്‍ലാലിനോട് പറഞ്ഞാല്‍ ആയിരം ബുക്കുകള്‍ പ്രസിദ്ധീകരിച്ച് കൊടുക്കും. എന്നാല്‍ പ്രണവ് അത് ആവശ്യപ്പെടില്ലുന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു.












Click it and Unblock the Notifications