നയന്‍താര കയ്യില്‍ നിന്ന് പോയെന്ന് തോന്നിയ സമയം; ആ നടനുമായുള്ള പ്രണയം, പരിഹാരം കണ്ടത് ഇങ്ങനെ: അമ്മ ഓമന
നയന്‍താര-വിഘ്നേശ് ദമ്പതികളുടെ വിവാഹ ഡ്യോക്യുമെന്ററി 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ' നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചുവെന്ന വിവാദങ്ങള്‍ക്ക് ഇടയിലാണ് ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുന്നത്. താരത്തിന്റെ അമ്മ ഓമന, ആദ്യചിത്രമായ മനസ്സിനക്കരയുടെ സംവിധായകനായ സത്യന്‍ അന്തിക്കാട് തുടങ്ങിയ നിരവധി ആളുകള്‍ ഡ്യോക്യുമെന്ററിയില്‍ നയന്‍താരയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് വലിയ തിരക്കുള്ള നടിയായി മാറിയപ്പോഴും കുടുംബത്തോടുള്ള കടമകള്‍ അവള്‍ ഒരിക്കലും മറന്നില്ലെന്ന് അമ്മ ഓമന കുര്യന്‍ പറയുന്നു. അപ്രതീക്ഷിതമായിട്ടാണ് അവള്‍ സിനിമയിലേക്ക് എത്തിയത്. തുടക്കകാലത്ത് അച്ഛനായിരുന്നു അവള്‍ക്കൊപ്പം സിനിമ സെറ്റുകളിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തെ അസുഖങ്ങള്‍ ബാധിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്നും ഓമന കുര്യന്‍ വ്യക്തമാക്കുന്നു.

അച്ഛന്റെ രോഗാവസ്ഥ നയന്‍താരയെ വലിയ രീതിയില്‍ അലട്ടി. എന്നാല്‍ വീട്ടില്‍ പ്രത്യേക ഐ സി യുവരെയൊരുക്കി നയന്‍താര ഒപ്പം നിന്നു. ഇങ്ങനെ ഒരു മകളെ കിട്ടിയത് ഭാഗ്യമാണ്. നയന്‍താര മൂന്നോ നാലോ തമിഴ് ചിത്രങ്ങള്‍ അഭിനയിച്ച് നില്‍ക്കുന്ന സമയത്താണ് അച്ഛന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വന്ന് തുടങ്ങിയത്. ഭക്ഷണം കഴിക്കാനായിരുന്നു തുടക്കത്തിലെ ബുദ്ധിമുട്ട്. പിന്നീട് പതിയെ പതിയെ അദ്ദഹേം കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങി.
ഒന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹം മോശം ആരോഗ്യാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും അദ്ദേഹം നേരിടുന്നു. മകന്‍ ദുബായിലാണ് താമസം. അതുകൊണ്ട് തന്നെ അവന് ഇടയ്ക്കിടെ ഓടിയെത്താന്‍ സാധിക്കില്ല. ജോലിയുടേയും മറ്റും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് തന്നെ നയന്‍താര തന്നെയാണ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാറുള്ളത്.
എത്ര വലിയ തിരക്കായാലും മകള്‍ ദിവസം മൂന്നോ നാലോ തവണയെങ്കിലും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് വിളിച്ച് സംസാരിക്കും. അച്ഛനായി മകള്‍ തയ്യാറാക്കിയ ഐ സി യു ഏത് സമയവും പ്രവർത്തന സജ്ജമാണ്. ഞാന്‍ തന്നെയാണ് അദ്ദേഹത്തെ പരിപാലിക്കുന്നത്. ഏത് തരത്തിലുള്ള തിരക്കാണെങ്കിലും ഞങ്ങള്‍ രണ്ട് പേരെയും പൊന്നുപോലെയാണ് അവള്‍ നോക്കുന്നത്.
ഞങ്ങള്‍ ആഗ്രഹിച്ച് പോലുള്ള ഒരു മരുമകനേയാണ് വിഘ്നേശ് ശിവനിലൂടെ ലഭിച്ചത്. മകളെ മനസ്സിലാക്കുന്നു, സ്നേഹമുള്ള ഒരു ഭർത്താവനനെ കിട്ടണമെന്നായിരുന്നു എന്റെ പ്രാർത്ഥന. അതുപോലെ തന്നെ അവള്‍ക്ക് നല്ല ഭർത്താവിനെ കിട്ടി. മകള്‍ കയ്യില്‍ നിന്ന് പോയി എന്ന് തോന്നിയ സമയമുണ്ടായിരുന്നു. ആ സമയത്ത് ഒത്തിരി വിഷമിച്ചു. വലിയ പ്രാർത്ഥന നടത്തിയെന്നും ഓമന പറഞ്ഞു. നയന്‍താരയും തമിഴിലെ ഒരു പ്രമുഖ നടനുമുയള്ള പ്രണയത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.












Click it and Unblock the Notifications