സൂര്യയോടൊപ്പം നിറഞ്ഞാടാന്‍ നസ്രിയ: പ്രതിഫലം എത്രയെന്ന് അറിയുമോ? ആകെ സമ്പത്തിലും ചില്ലറക്കാരിയല്ല
മലയാളി പ്രേക്ഷകരുടെ മുന്നിലൂടെ വളർന്ന താരമാണ് നസ്രിയ നസീം. 2005 ല്‍ തന്റെ ഒമ്പതാ വയസ്സില്‍ കൈരളി ടിവിയിലെ ശ്രുതിലയം എന്ന പരിപാടിയില്‍ അവതാരകയായിട്ടാണ് നസ്രിയ ആദ്യമായി പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്. മഞ്ച് സ്റ്റാർ സിങ്ങറിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയമായി മാറുന്നത്. പിന്നീട് സ്റ്റാർ സിങ്ങറിലും അവതാരകയായി നസ്രിയ തിളങ്ങി.
2006 ല്‍ മമ്മൂട്ടിയുടെ പളുങ്കിലൂടെയാണ് സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. പ്രമാണി, ഒരു നാള്‍ വരും എന്നീ ചിത്രങ്ങളിലും നസ്രിയ ബാലതാരമായി. നേരം എന്ന ചിത്രത്തിലൂടെയാണ് നായികയായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് ശ്രദ്ധേയമാകുന്നത്. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി വേഷങ്ങള്‍ ചെയ്തു.

2014 ല്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിനെ തുടർന്ന് സജീവ അഭിനയ രംഗത്ത് നിന്നും മാറി നിന്നു. പിന്നീട് കൂടെ, ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ വർഷം അണ്ടേ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നാനി നായകനായ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. സൂര്യയുടെ ചിത്രമാണ് താരത്തിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. ഇതിനിടയില്‍ വരത്തന്‍, കുമ്പളങ്ങി നൈറ്റ്സ്, സിയു സൂണ്‍ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമായി.
1994 ഡിസംബർ 20 ന് ജനിച്ച നസ്രിയയുടെ 29-ാം പിറന്നാളാണ് ഇന്ന്. നിരവധി സിനിമാ താരങ്ങളും ആരാധകരും നടി നസ്രിയയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടിരിക്കെ, നസ്രിയയുടെ ശമ്പളത്തെക്കുറിച്ചും സ്വത്തുവിവരങ്ങളെക്കുറിച്ചുമുള്ള ഒരു പരിശോധനയാണ് ഇവിടെ നടത്തുന്നത്.
സൂര്യയോടൊപ്പം അഭിനയിക്കുന്ന നസ്രിയയുടെ അടുത്ത് ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. പുറനാനൂർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന നസ്രിയ ഒരു ചിത്രത്തിന് 2 മുതൽ 4 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രമോഷനിലൂടേയും മറ്റുമായി വേറെ വരുമാന മാർഗ്ഗങ്ങളും നസ്രിയക്കുണ്ട്. 29-ാം വയസ്സിൽ നസ്രിയയ്ക്ക് മാത്രമായി 41 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, നസ്രിയ ധരിച്ച ഒരു നെക്ലേസും നേരത്തെ വാർത്തകളില്‍ ഇടം നേടിയിരുന്നു. ഫ്രാൻസിൽ നിന്നും ലക്ഷ്വറി ആഭരണ ബ്രാൻഡായ വാൻ ക്രീഫ് & ആർപെൽസിന്റെ നെക്ലേസായിരുന്നു താരം ധരിച്ചത്. 3,80,786 രൂപയാണ് ഇതിന്റെ വില. നസ്രിയയുടെ ഈ ആഭരണത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.












Click it and Unblock the Notifications