ക്ലീൻ ചിറ്റ് കിട്ടിയതിന് പിന്നാലെ നിവിന്റെ ആദ്യ പ്രതികരണം; ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണെന്ന് ആരാധകർ
സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളി കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്. തനിക്കെതിരെ ആരോപണം ഉയർന്നതിന് തൊട്ടുപിന്നാലെ വാർത്താ സമ്മേളനം വിളിച്ച് ആരോപണം നിഷേധിച്ച നിവിൻ പോളി തന്റെ ഭാഗം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ക്ലീൻ ചിറ്റ് കിട്ടിയതിന് പിന്നാലെ നിവിൻ പ്രതികരണം നടത്തിയിരിക്കുകയാണ്.
എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനകൾക്ക് ഹൃദയത്തിൽ നിന്ന് എന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്. നിരവധിപേരാണ് നിവിൻ പോളിയുടെ പോസ്റ്റിന് കമന്റുമായി എത്തുന്നത്. അറിയാമായിരുന്നു താങ്കൾ നിരപരാധിയാണെന്ന്, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാ, ഞങ്ങൾക്ക് ഉറപ്പുണ്ടായിരിന്നു എല്ലാം കലങ്ങി തെളിഞ്ഞ് ശക്തമായി തിരിച്ചു വരുമെന്ന് , ദൈവം ഉയർത്തുന്നവനെ മാറ്റാര് വിചാരിച്ചാലും താഴ്ത്താൻ സാധിക്കില്ല. ഇഷ്ടത്തോടെ ഇങ്ങനെ പോകുന്നു കമന്റുകൾ.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിവിൻ പോളി ഉൾപ്പെടെ ആറ് പേർക്കെതിരെയായിരുന്നു കേസ് എടുത്തത്. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡി വൈ എസ്പി കോടതിയിൽ റിപ്പോർട്ട് നൽകി.
2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൽ പകർത്തിയെന്നും അത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.
എന്നാൽ യുവതി പറഞ്ഞ സ്ഥലത്തോ സമയത്തോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ലെന്ന വ്യക്തമായിരുന്നു.
തനിക്കെതിരെ പരാതി ഉയർന്ന സമയത്ത് തന്നെ പരാതി അടിസ്ഥാന രഹതിമാണെന്ന് വ്യക്തമാക്കി നിവിൻ പോളി മാധ്യമങ്ങളെ കണ്ടിരുന്നു. മുൻപ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് തന്റെ മൊഴിയെടുത്തിരുന്നെന്നും നിവിൻ പറഞ്ഞിരുന്നു. കഴമ്പില്ലെന്ന് കണ്ടെത്തി കേസ് അന്ന് അവസാനിപ്പിച്ചതാണെന്നും പരാതിക്കു പിന്നിൽ പണം തട്ടാനുള്ള ശ്രമമാണെന്ന് സംശയമുണ്ടെന്നും നിവിൻ പറഞ്ഞിരുന്നു. പരാതിക്കാരിയെ തനിക്കറിയില്ലെന്നും ഇതിന്റെ പിറകിൽ പ്രവർത്തിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications