'റിലീസ് ചെയ്ത നാള്‍ തൊട്ട് ഡീഗ്രേഡിംഗ്..'; നിയമനടപടിയുമായി രാമചന്ദ്രബോസ് ആന്റ് കോ ടീം
വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് നിവിന്‍ പോളിയുടെ ഒരു സിനിമ റിലീസിനെത്തിയത്. രാമചന്ദ്രബോസ് ആന്റ് കോ എന്ന ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം നിവിന്‍ പോളിയുടെ ഓണം റിലീസ് ആയാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്ത, നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ, ഷെയ്ന്‍ നിഗം ചിത്രം ആര്‍ഡിഎക്‌സ് എന്നിവയാണ് ഓണം റിലീസായി എത്തിയ മറ്റ് ചിത്രങ്ങള്‍.
വലിയ പ്രതീക്ഷകളോടെയെത്തിയ കിംഗ് ഓഫ് കൊത്തയും രാമചന്ദ്രബോസ് ആന്റ് കോയും സമ്മിശ്ര പ്രതികരണമാണ് ബോക്‌സോഫീല്‍ നിന്ന് നേടിയത്. എന്നാല്‍ ആര്‍ഡിഎക്‌സ് മികച്ച അഭിപ്രായവും കളക്ഷനും നേടി ബോക്‌സോഫീസില്‍ മുന്നേറുകയാണ്. അതിനിടെ കിംഗ് ഓഫ് കൊത്ത, രാമചന്ദ്ര ബോസ് ആന്റ് കോ സിനിമയ്‌ക്കെതിരെ മനപൂര്‍വം ഡീഗ്രേഡിംഗ് നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.

കിംഗ് ഓഫ് കൊത്തയ്‌ക്കെതിരായ ഡീഗ്രേഡിംഗില്‍ നടി നൈല ഉഷ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രാമചന്ദ്ര ബോസ് ആന്റ് കോയ്‌ക്കെതിരായ ഡീ ഗ്രേഡിംഗിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. റിലീസ് ദിനം തൊട്ട് ചിത്രം കനത്ത ഡീഗ്രേഡിംഗ് നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഒട്ടുമിക്ക സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ അക്കൗണ്ടുകള്‍ വഴിയും അല്ലാതെയും ചിത്രത്തെ വളരെയധികം മോശമാക്കി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും നിരൂപണങ്ങളുമാണ് പങ്ക് വെക്കപ്പെടുന്നത്. ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കി ഡീഗ്രേഡിംഗ് നടക്കുന്നതായും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഡീഗ്രേഡിംഗ്. മനപ്പൂര്‍വം ചിലര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നതും മറ്റ് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. റിവ്യൂ ചെയ്ത അക്കൗണ്ടുകള്‍, മോശമായ രീതിയിലുള്ള കമന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്.
നിവിന്‍ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് പറയുന്നത്. ആഗസ്റ്റ് 25 നാണ് ചിത്രം ഓണം റിലിസായി തിയേറ്ററുകളില്‍ എത്തിയത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. നിവിന്‍ പോളിയെ കൂടാതെ ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.












Click it and Unblock the Notifications