റിതുവിന്റെ ടി ഷർട്ട് കീറി; നീ എന്തൊരു നോട്ടമാണ് നോക്കിയത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി: നോബി മാർക്കോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രധാനപ്പെട്ട മത്സരാർത്ഥികളായിരുന്നു നോബി മാർക്കോസും റിതു മന്ത്രയും. സീസണ്‍ കഴിഞ്ഞ് വർഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും വളരെ അടുത്ത സുഹൃത്ബന്ധം പുലർത്തുന്നുവരാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ പഴയ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് വീണ്ടും ഒരിക്കല്‍ കൂടെ പ്രേക്ഷകർക്ക് മുമ്പാകെ എത്തിയിരിക്കുകയാണ് ഇരുതാരങ്ങളും. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ബിഗ് ബോസിലെ എഡിറ്റിങ്ങിനെക്കറിച്ച് നേരത്തെ തന്നെ പലരും പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ യഥാർത്ഥത്തില്‍ അവിടെ നടന്നതിന് നേർ വിപരീതമായ തരത്തില്‍ വരെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന തരത്തില്‍ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു അനുഭവം ആണ് നോബി മാർക്കോസ് പങ്കുവെക്കുന്നത്.

ഗെയിം കളിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ റിതുവിന്റെ ടി ഷർട്ട് കീറിപ്പോയി. ഈ സംഭവം ഞാന്‍ അറിഞ്ഞിട്ടൊന്നും ഇല്ല. ബിഗ് ബോസ് കഴിഞ്ഞ് ഞാന്‍ വെളിയില്‍ വന്നപ്പോള്‍ എന്റെ ഒരു സുഹൃത്ത് പറയുകയാണ് 'ആ കുട്ടിയുടെ ടി ഷർട്ട് കീറിയപ്പോള്‍ എന്തൊരു നോട്ടമാണ് നോക്കിയത്' എന്ന്. ഞാന്‍ അറിയുക പോലും ചെയ്യാത്ത കാര്യമാണ്.
ഗെയിമിനിടെ ഇവളുടെ ടി ഷർട്ട് എവിടെയോ അല്‍പം കീറി. നെക്സ്റ്റ് കട്ട് ആയി കാണിക്കുന്നത് ഞാന്‍ അതും നോക്കി ഇരിക്കുന്നതാണ്. ഞാന്‍ വേറെ എവിടെയോ നോക്കി ഇരുന്ന ഇരിപ്പാണ്. അവന്‍ അക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. നമ്മള്‍ പോലും അറിയാത്ത കാര്യമാണ്. അതൊക്കെയാണ് എഡിറ്റിങ് എന്നും നോബി പറയുന്നു.
അങ്ങനെ എഡിറ്റ് ചെയ്യുന്നതിനെ നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് റിതു മന്ത്രയും പറയുന്നു. എങ്ങനെ വേണമെങ്കിലും എഡിറ്റ് ചെയ്യാമെന്ന് അതിന്റെ കരാറില്‍ നേരത്തെ തന്നെ പറയുന്നുണ്ട്. അതൊക്കെ വായിച്ച് ഒപ്പിട്ടിട്ടാണ് ഒരോരുത്തരും അവിടേക്ക് പോകുന്നത്. അതുകൊണ്ട് പിന്നെ നമുക്ക് ഒന്നും പറയാനാവില്ലെന്നും റിതു മന്ത്ര വ്യക്തമാക്കുന്നു.
എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് എന്ന് പറയുന്നത് ഒരു വലിയ അനുഭവമാണ്. ചിലരൊക്കെ പറയും ബിഗ് ബോസില്‍ പോയി കഴിഞ്ഞാല്‍ ജീവിതം പോകും എന്നൊക്കെ. എന്നാല്‍ എന്നെ വിളിച്ചാല്‍ ഞാന്‍ ഇനിയും പോകും. വൈബ് ഉള്ള ആളുകള്‍ നല്ല രസമാണ്. നന്നായി ബിഗ് ബോസ് എന്‍ജോയ് ചെയ്ത വ്യക്തിയാണ് ഞാനെന്ന് നോബിയും വ്യക്തമാക്കുന്നു. അതേസമയം നോബി ചേട്ടന്‍ ഉണ്ടെങ്കില്‍ ഞാനും വരുമെന്ന് റിതു മന്ത്രയും പറഞ്ഞു.
ബിഗ് ബോസില്‍ വാഴ എന്ന പേര് ഏറ്റവും കൂടുതല്‍ എനിക്കായിരുന്നു. എന്നാല്‍ പണി എടുത്തിട്ടുണ്ട്. പക്ഷെ എഡിറ്റഡ് ആണല്ലോ. അവർക്ക് വേണ്ടത് അവർ പുറത്ത് വിടുന്നു. പിന്നെ അവർ നമ്മളില്‍ നിന്നൊക്കെ പ്രതീക്ഷിച്ചത് വേറെ കാര്യമാണല്ലോ. പിന്നെ വാഴ എന്ന പേര് എനിക്ക് മാത്രമല്ല. അതിന് മുമ്പും ഉള്ളവർക്ക് ഉണ്ടായിട്ടുണ്ട്. എന്തായാലും ആ വാഴ വിളിയില്‍ എനിക്ക് ഇപ്പോള്‍ അഭിമാനമേയുള്ളു. വാഴ സിനിമ സൂപ്പർ ഹിറ്റ് ആയല്ലോ.
ബിഗ് ബോസിലെ എന്റെ കൂർക്കം വലി കാരണം റിതു പിണങ്ങി പോയി. കൂർക്കം വലി പറ്റില്ലെന്നും പറഞ്ഞ് വെളിയില്‍ പോയി ഇരിക്കുകയാണ്. അങ്ങനെയെങ്കില്‍ നൂറ് ദിവസം നീ പുറത്ത് തന്നെ കിടക്കേണ്ടി വരുമെന്ന് പറഞ്ഞു. പിന്നെ നോക്കുമ്പോള്‍ ഉണ്ട് വീണ്ടും റൂമില്‍ വന്ന് കിടക്കുന്നുവെന്നും നോബി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications