പ്രഭാസാണോ റിയല്‍ ബോക്‌സോഫീസ് കിംഗ്...? 10 വര്‍ഷത്തിനിടെ ഏഴ് ചിത്രങ്ങള്‍ നേടിയത് എത്രയെന്നോ?
തെലുങ്കിലെ എന്നല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ബോക്‌സോഫീസ് റെക്കോഡുകള്‍ക്ക് പുതിയ മാനം തീര്‍ത്ത താരമാണ് പ്രഭാസ്. വളരെ പെട്ടെന്ന് തന്നെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എന്ന പട്ടം നേടിയ പ്രഭാസിന്റെ 45-ാം പിറന്നാളാണ് ഇന്ന്. ദക്ഷിണേന്ത്യന്‍ സിനിമ എന്ന ഐഡന്റിറ്റിയില്‍ നിന്ന് ഇന്ത്യന്‍ സിനിമ എന്ന് രാജ്യത്തെ എല്ലാ ഇന്‍ഡസ്ട്രികളേയും വിശേഷിപ്പിക്കുന്നതിന് തുടക്കമിട്ടത് ബാഹുബലിയാണ്.
എന്നാല്‍ ആ ഒരു വിശേഷണം മാത്രമല്ല ബാഹുബലി സമ്മാനിച്ചത്. എസ്എസ് രാജമൗലിയുടെ ബാഹുബലിയുടെ വിജയത്തോടെ ഒറ്റ രാത്രി കൊണ്ട് തന്നെ പ്രശസ്തിയുടെ താരമൂല്യത്തിന്റേയും എവറസ്റ്റ് കീഴടക്കുകയായിരുന്നു പ്രഭാസ്. ആഗോളതലത്തില്‍ തന്നെ ബോക്‌സോഫീസില്‍ സമാനതകളില്ലാത്ത താരമൂല്യമുള്ള ഒരു നടന്റെ വളര്‍ച്ചയ്ക്കാണ് ബാഹുബലി തുടക്കം കുറിച്ചത്.

2015 ജൂലൈ 10 നാണ് 'ബാഹുബലി: ദി ബിഗിനിംഗ്' റിലീസ് ചെയ്തത്. ട്രെയിലറില്‍ തന്നെ ദൃശ്യവിസ്മയം ഒളിപ്പിച്ച ബാഹുബലി റിലീസിന് അക്ഷരാര്‍ത്ഥത്തില്‍ ബോക്‌സോഫീസിനെ തീപിടിപ്പിക്കുകയായിരുന്നു. എങ്കിലും സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായിജാനോട് കിടപിടിക്കാന്‍ ബാഹുബലിക്ക് സാധിക്കില്ല എന്നായിരുന്നു പലരുടേയും വിലയിരുത്തല്‍. ബോളിവുഡില്‍ തുടര്‍ച്ചയായി ബോക്‌സോഫീസ് ഹിറ്റ് സല്‍മാന്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന സമയവുമായിരുന്നു അത്.
എന്നാല്‍ ജൂലൈ 17 ന് ഇറങ്ങിയ ബജ്രംഗി ഭായിജാനും ബാഹുബലിയുടെ കുതിപ്പ് തടയാനായില്ല. ബജ്രംഗി ഭായിജാന്‍ ഇന്ത്യയില്‍ 320 കോടിക്ക് അടുത്ത് നേടിയപ്പോള്‍, ബാഹുബലി: ദി ബിഗിനിംഗ് ഹിന്ദിയില്‍ നിന്ന് മാത്രം 120 കോടിയും ഇന്ത്യയിലാകെ 418 കോടിയും നേടി ചരിത്രം സൃഷ്ടിച്ചു. ഈ രണ്ട് സിനിമകളും എഴുതിയത് കെ വി വിജയേന്ദ്ര പ്രസാദായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയുമായി.
അതിന് ശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല പ്രഭാസിന്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏഴ് പാന്‍ ഇന്ത്യ സിനിമകള്‍ മാത്രം ഉപയോഗിച്ച് 3000 കോടി കളക്ട് ചെയ്ത സിനിമകളുടെ നായകനാകാന്‍ പ്രഭാസിന് സാധിച്ചു. ഈ നേട്ടത്തിന്റെ ഏഴയലത്ത് എത്തുന്ന മറ്റൊരു ഇന്ത്യന്‍ നടനുമില്ല എന്നതാണ് പ്രഭാസിന്റെ നേട്ടത്തെ വ്യത്യസ്തമാക്കുന്നത്. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ 1031 കോടിയാണ് ആകെ കളക്ട് ചെയ്തത്.
സാഹോ (310 കോടി), രാധേ ശ്യാം (104 കോടി), ആദിപുരുഷ് (289 കോടി), സലാര്‍: ഭാഗം 1 (407 കോടി), കല്‍ക്കി 2898 എഡി (640 കോടി) എന്നിങ്ങനെയാണ് പ്രഭാസിന്റെ മറ്റ് സിനിമകള്‍ക്ക് ലഭിച്ച കളക്ഷന്‍. ഏഴ് സിനിമകളില്‍ നിന്നായി 3199 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാധേ ശ്യാം ഒഴികെയുള്ള എല്ലാ ചിത്രങ്ങളും ആദ്യ ദിനം തന്നെ 100 കോടി നേടി എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications