ബോളിവുഡ് താരം പൂനം പാണ്ഡെ മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അമ്പരന്ന് ആരാധകർ
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചുവെന്ന് മാനേജറുടെ കുറിപ്പ്. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിവരം പങ്കുവെക്കപ്പെട്ടത്. സെർവിക്കൽ ക്യാൻസർ ബാധയായിരുന്ന നടി ഇന്ന് രാവിലെ മരണപ്പെട്ടുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ താരത്തിന്റെ മാനേജർ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അതേ സമയം പൂനം പാണ്ഡെ മരണപ്പെട്ടിട്ടില്ലെന്നും മരണവാർത്ത തെറ്റാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
"ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.. ഇത് വേദനയുടെ സമയമാണ്, അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു." എന്നാണ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.

ഇൻസ്റ്റാഗ്രാം പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. നിരവധി ആരാധകർ വാർത്ത വിശ്വസിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. 'ശരിക്കും അവളെ നമുക്ക് നഷ്ടപ്പെട്ടോ? ഇത് ഒരു ഫേക്ക് ന്യൂസ് അല്ലാലോ' എന്നാണ് ഒരാള്‍ ചോദിക്കുന്നത്. 'ഇത് ചില മാർക്കറ്റിംഗ് ഗിമ്മിക്ക് അല്ലേ, അങ്ങനെയെങ്കില്‍ ഇത് തീർത്തും തെറ്റായ സമീപനമാണ്. പക്ഷേ ഇത് ശരിയാണെങ്കിൽ, താരത്തിന് ആദരാഞ്ജലികള്‍' എന്നാണ് മറ്റൊരാള്‍ കുറിക്കുന്നത്.
പൂനം പാണ്ഡെയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രചരണവുമുണ്ട്. 2013ൽ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൂനം പാണ്ഡെ. ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ താരം പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ആ വർഷം ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി സി സി ഐ യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ കഴിഞ്ഞില്ല. അതേസമയം, 2012-ലെ ഐ പി എൽ 5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായും പൂനം മാറി. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങിയ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications