ഇത് ഉണ്ണി മുകുന്ദനെക്കൊണ്ട് മാത്രമേ പറ്റൂ, മലയാള സിനിമയില്‍ മറ്റാരെക്കൊണ്ടും നടക്കില്ലെന്ന് സന്തോഷ് പണ്ഡിറ്റ്
ഒരു മാസമായി തിയറ്ററുകള്‍ ഭരിച്ച് കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമടക്കം അമ്പരപ്പിക്കുന്ന സ്വീകരണമാണ് മാര്‍ക്കോയ്ക്ക് ലഭിച്ചത്. 450 സ്‌ക്രീനുകളില്‍ ഇപ്പോഴും മാര്‍ക്കോ പ്രദര്‍ശനം തുടരുകയാണ്.
സിനിമയുടെ ഇതുവരെയുളള കളക്ഷന്‍ നിര്‍മ്മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. 100 കോടി ക്ലബ്ബില്‍ കടന്ന മാര്‍ക്കോ ഇതുവരെ 115 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറിലേക്കുളള ഉണ്ണി മുകുന്ദന്റെ വളര്‍ച്ച കൂടിയാണ് മാര്‍ക്കോയിലൂടെ സംഭവിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് പോയി തെലുങ്കിലും ഹിന്ദിയിലും അടക്കം ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും അടക്കമുളള താരങ്ങളെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഇവരൊന്നുമല്ല, മലയാളത്തിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സ്റ്റാന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും ആദ്യത്തെ പാന്‍ഇന്ത്യന്‍ ചിത്രം മാര്‍ക്കോ ആണെന്നും പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ പ്രതികരണം.
മാര്‍ക്കോ സിനിമ തിയറ്ററില്‍ കാണുമ്പോള്‍ ആലോചിച്ചത് ഉണ്ണി മുകുന്ദന്റെ സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചാണ്. പല സിനിമകളും കാണുമ്പോള്‍ ചില കഥാപാത്രങ്ങള്‍ മറ്റൊരു നടനാണ് ചെയ്തത് എങ്കില്‍ കുറച്ച് കൂടി നന്നാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മാര്‍ക്കോ കണ്ട ഒരാളും ചിന്തിക്കില്ല ഇതിന് പകരം മലയാള സിനിമയില്‍ ഒരു നടനും ചെയ്യാന്‍ സാധിക്കുമെന്ന്. ഈ സിനിമയിലെ ഈ ക്യാരക്ടര്‍ ഇതുപോലെ ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും സാധിക്കില്ല, സന്തോഷ് പണ്ഡിറ്റ് പറയുന്നു.
അഭിനയപരമായിട്ടല്ല താന്‍ ഇത് പറയുന്നത്. ഉണ്ണി മുകുന്ദന്റെ ഫിസീക് അടക്കമുളള ടോട്ടാലിറ്റിയുടെ കാര്യമാണ് പറയുന്നത്. ഒരാള്‍ക്കും സാധിക്കില്ല. പഴയ കാലത്തേയും പുതിയ കാലത്തേയും നടന്മാരെ നോക്കിയാല്‍ മാര്‍ക്കോയുടെ റോള്‍ ഇന്നയാള്‍ ചെയ്തിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് പറയാന്‍ സാധിക്കില്ല. കുളമാകുമായിരുന്നു എന്നേ പറയാനൊക്കൂ. അത്രയും അനുയോജ്യമായ റോള്‍ ആണ്.
ഇത്രയും പണം മുടക്കി ആ സിനിമയെടുക്കാന്‍ കാണിച്ച ധൈര്യം ഭയങ്കരമാണ്. ഹിറ്റാവുകയും ചെയ്തു. അതൊരു പാന്‍ ഇന്ത്യന്‍ സിനിമയായി വരികയും ചെയ്തു. വടക്കന്‍ നാടുകളില്‍ 30 സ്‌ക്രീനുകളില്‍ തുടങ്ങി 300 സ്‌ക്രീനുകളിലേക്ക് എത്തി. മാര്‍ക്കോ കണ്ട് തന്റെ കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞു ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയായി വരുമെന്ന്. താന്‍ അവരോട് ചോദിച്ചു എന്താണ് ഈ പാന്‍ ഇന്ത്യന്‍ സിനിമ എന്ന് പറയുന്നത്.
നമ്മുടെ ഒരു നടന്‍ തമിഴിലോ തെലുങ്കിലോ ഹിന്ദിയിലോ പോയി അഭിനയിക്കുന്നതല്ല പാന്‍ ഇന്ത്യന്‍ എന്ന് പറയുന്നത്. ഒരു മലയാള സിനിമ, മലയാള കള്‍ച്ചറില്‍ എടുത്ത ഒരു സാധാരണ സിനിമ തെലുങ്കിലും ഹിന്ദിയിലും കാണുന്നതിനെയാണ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന് പറയുന്നത്. കേരളത്തില്‍ നിന്നുളള ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയാണ് മാര്‍ക്കോ. മുന്‍കാലത്ത് മലയാളത്തില്‍ വന്ന സിനിമകളൊന്നും പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് വന്നിട്ടില്ല. മലയാളത്തിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദനാണ്. കാരണം മലയാള സിനിമ ചെയ്തിട്ടാണ് അദ്ദേഹം മുന്നിലെത്തിയത്.












Click it and Unblock the Notifications