മഞ്ജു വാര്യരോ കാവ്യയോ? ഏറ്റവും ജനപ്രീതിയാർക്ക്, ആദ്യ അഞ്ച് മലയാളം നടിമാരുടെ പട്ടിക, ഞെട്ടിച്ച് ശോഭന
കഴിവുകൊണ്ട് മറ്റേത് ഭാഷകളേക്കാളും മികച്ച് നില്‍ക്കുന്ന അഭിനേത്രികളുള്ള നാടാണ് കേരളം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മലയാളത്തില്‍ നിന്നുള്ള നടിമാർ തങ്ങളുടെ മികവ് തെളിയിക്കുന്നു. തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നയന്‍താര മുതല്‍ ബോളിവുഡില്‍ തിളങ്ങുന്ന വിദ്യാ ബാലന്‍ വരെ മലയാളികളായി നിരവധി താരങ്ങളുണ്ട്.
മലയാളത്തിലേക്ക് മാത്രമായി വരുമ്പോള്‍ ജനപ്രിയ പട്ടികയില്‍ ഏറ്റവും മുന്നില്‍ വരുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് ഇതാ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. സെപ്തംബറിലെ പട്ടികയാണ് ഇത്.

മഞ്ജു വാര്യറാണ് പട്ടികയില്‍ ഒന്നാമത് വന്നിരിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന താരം ഇതിനോടകം തമിഴില്‍ ധനുഷ്, അജിത് ചിത്രങ്ങളിലടക്കം അഭിനയിച്ച് കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മിയാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ളത് ശോഭനയും കാവ്യാമാധവനുമാണ്.
അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത താരങ്ങളാണ് ശോഭനയും കാവ്യാമാധവനും എന്നതാണ് ശ്രദ്ധേയം. ഇപ്പോഴും അവർ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി നില്‍ക്കുന്നുണ്ടെങ്കില്‍ അവർ ചെയ്തുവെച്ച മികച്ച വേഷങ്ങള്‍ തന്നെയാണ് അതിന് കാരണം. കല്യാണി പ്രിയദർശനാണ് പട്ടികയില്‍ അഞ്ചാമതായിട്ടുള്ളത്.
തമിഴ് നടിമാരില്‍ നയന്‍താരയാണ് ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്നത്. പട്ടികയില്‍ രണ്ടാമത് സാമന്തയും മൂന്നാമത് തൃഷയുമാണ്. തമന്ന നാലാമത് എത്തിയപ്പോള്‍ കീർത്തി സുരേഷാണ് അഞ്ചാമതുള്ളത്. സായി പല്ലവി, ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസ്സന്‍, അനുഷ്ക ഷെട്ടി എന്നിവരാണ് യാഥാക്രമം ആറുമുതല്‍ പത്ത് വരേയുള്ള സ്ഥാനങ്ങളിലുള്ളത്.
മലയാളത്തിലെ ജനപ്രിയ നടന്മാരുടെ പട്ടികയിലേക്ക് വരുമ്പോള്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിനാണെങ്കില്‍ തൊട്ടുപിറകില്‍ രണ്ടാമതായി മമ്മൂട്ടിയുമുണ്ട്. ഇത്തരമൊരു കണക്ക് എടുക്കുമ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും വരുമെന്ന് ഉറപ്പായതിനാല്‍ തന്നെ തുടർന്നുള്ള സ്ഥാനങ്ങളില്‍ ആരൊക്കെയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പട്ടികയില്‍ മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും. ഓഗസ്റ്റ് മാസത്തില്‍ ഓർമാക്സ് പുറത്ത് വിട്ട ലിസ്റ്റിലും താരങ്ങളുടെ സ്ഥാനങ്ങള്‍ ഇതുപോലെ തന്നെയായിരുന്നു. ഏജന്‍സിയുടെ ഇതുവരേയുള്ള മലയാളത്തിലെ ജനപ്രിയ താരങ്ങളുടെ പട്ടികയിലെല്ലാം മോഹന്‍ലാല്‍ ഒന്നാമതും മമ്മൂട്ടി രണ്ടാമതുമായിരുന്നു.












Click it and Unblock the Notifications