കോടികളില്‍ അല്ല, വർക്കിലാണ് കാര്യം: അനിമേറ്റഡ് വിഭാഗത്തിലെ പുരസ്കാരങ്ങൾ നേടി ഇറാന്‍, ലാത്വിയന്‍ ചിത്രങ്ങള്‍
ഹോളിവുഡിന്റെ മാന്ത്രികത അല്ല, കോടിക്കണക്കിന് ഡോളർ മുടക്കിയുള്ള സാങ്കേതിക പെരുമ അല്ല ഇക്കുറി ഓസ്കർ അനിമേറ്റഡ് വിഭാഗത്തിൽ തിളങ്ങിയത് . ഇറാനിൽ നിന്നും ലാത്വിയയിൽ നിന്നും ഉള്ള ചിത്രങ്ങളാണ് അനിമേറ്റഡ് വിഭാഗത്തിലെ പുരസ്കാരങ്ങൾ നേടിയത്.
അനിമേറ്റഡ് ഫീച്ചർ വിഭാഗത്തിൽ പുരസ്കാരം നേടിയത് ലാത്വിയയിൽ നിന്നുള്ള ഫ്ലോ. പിന്തള്ലിയത് ഇൻസൈഡ് 2, ദ വൈൽഡ് റോബോട്ട് തുടങ്ങിയ വമ്പൻ ഹോളിവുഡ് പ്രൊഡക്ഷനുകളെ പിന്തള്ളിയാണ് ഫ്ലോ പുരസ്കാരം നേടിയത്. ലാത്വിയയിൽ എത്തുന്ന ആദ്യ ഓസ്കർ. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച, ഗോൾഡൻ ഗ്ലോബ് നേടിയ ഫ്ലോ ബ്ലെൻഡർ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് നിർമിച്ചത്. സംവിധാനം ചെയ്തത് ജിൻ സിൽബാലോദിസ്.

പൂച്ചയും എലിയും പട്ടിയും പക്ഷികളും എല്ലാം കഥാപാത്രങ്ങലാകുന്ന ഫ്ലോ പറയുന്നത് അതിജീവനത്തിന്റെ കഥ. ചുറ്റും നിറയുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനാണ് അവരുടെ ശ്രമം. സംഭാഷണങ്ങളില്ലാതെയാണ് അവരുടെ ആ കഥ ഫ്ലോ പറയുന്നത്. പുരസ്കാരം കയ്യിലേന്തി സിൽബാലോദിസ് നമ്മളോട് ഓർമപ്പെടുത്തിയതും ഫ്ലോ പറയുന്നതും ഒരേ കാര്യം. നമ്മളെല്ലാവരും ഒരേ ബോട്ടിലെ യാത്രക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിച്ച് ഒന്നിച്ച് പോകാനുള്ള വഴി തേടണം. ഭിന്നതകൾ കൂടി വരുന്ന ഇക്കാലത്ത് ഐക്യത്തിന്റെ സന്ദേശം പകരുന്ന ഫ്ലോ കാണാൻ ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇത്തിരി കൂടി കാത്തിരിക്കേണ്ടി വരും. ആമസോൺ പ്രൈം ഇന്ത്യയിൽ ഫ്ലോ ലഭ്യമാക്കി തുടങ്ങിയിട്ടില്ല.
ഇറാനിൽ നിന്നുള്ള ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ് ആണ് മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം. ഷിറിൻ സോഹാനിയും ഹുസൈൻ മൊളയേമിയും ലോകത്തിന് സമ്മാനിച്ചന്നത് വെറും ഒരു അവാർഡ് കഥയല്ല . രാഷ്ട്രീയമായും സാമൂഹികമായും പ്രതിസന്ധികൾ നേരിട്ടാണ് IN THE SHADOW OF THE CYPRESS! രണ്ടു പേരും രൂർത്തിയാക്കിയത്. ഓസ്കർ കൈപറ്റിയിട്ട് ഇതൊരു അത്ഭുതമാണ് എന്ന് അവർ രണ്ടുപേരും വെറുതെ പറഞ്ഞതല്ല.
അവസാനനിമിഷം വിസ ശരിയാക്കിയിട്ട് പുരസ്കാരച്ചടങ്ങ് തുടങ്ങുന്നതിന് മൂന്നേ മൂന്ന് മണിക്കൂർ മുമ്പാണ് അവർ അമേരിക്കയിൽ വിമാനമിറങ്ങിയത്. കഷ്ടപ്പാട് സഹിച്ചാണ് അവർ ചിത്രം പൂർത്തിയാക്കിയത്, പുരസ്കാരങ്ങൾക്ക് അയച്ചത്. എല്ലാ ഇറാനിയൻകാർക്കും വ്യക്തിപരമായ പോരാട്ടങ്ങളിൽ ഏർപെട്ടവർക്കുമായി ഓസ്കർ സമർപ്പിച്ചതിലും ഉണ്ട് അവർ കടന്നുവന്ന വഴികളിലെ കല്ലും മുള്ളും നേരിട്ടതിന്റെ വേദനയും തിരിച്ചറിവും.
ഈ ചിത്രത്തിലും സംഭാഷണങ്ങൾ ഇല്ല. മാനസിക സംഘർഷത്തിന്റെ വ്യത്യസ്ത തലങ്ങൾ അനുഭവിക്കുന്ന അച്ഛനും മകളും, അവർ രണ്ട് പേരും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന തിമിംഗലം.അതിലൂടെ അവർ ണ്ടുപേരും തിരിച്ചറിയുന്ന കാര്യങ്ങൾ.അതെന്താണെന്ന് അറിയാൻ വിമിയോയെ ആശ്രയിക്കേണ്ടി വരും. സബ്സ്ക്രിപ്ഷൻ നിർബന്ധമില്ല. ഒറ്റത്തവണ കാശു കൊടുത്താൻ ഇറാനിലേക്ക് ഓസ്കർ പെരുമ എത്തിച്ച ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ് കാണാം.
ഓസ്കർ സ്വപ്നങ്ങളുടെയും പോരാട്ടങ്ങളുടെയും കൂടി അംഗീകാരമാണ്. പ്രതിസന്ധികളോട് പോരാടിയും തിരിച്ചടികൾ നേരിട്ടും സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്നവർക്ക് ഡോൾബി തീയേറ്റർ വെറും പുരസ്കാരവേദിയല്ല.ആ പോരാട്ടം ലോകത്തോട് വിളിച്ചു പറയാനും കൂടുതൽ പേർക്ക് ആത്മവിശ്വാസവും വീര്യവും പകരാനുള്ള വേദിയാണ്. അതു കൊണ്ട് തന്നെ അനിമേറ്റഡ് വിഭാഗത്തിലെ പുരസ്കാരങ്ങൾ അനിമേഷന്റെ സാധ്യതകളേക്കാളും ഭാവനകളേക്കാളും വലിയ പാഠങ്ങളാണ് പ്രേക്ഷകർക്കും ലോകത്തിനാകെയും നൽകുന്നത്.












Click it and Unblock the Notifications