'കുഞ്ചാക്കോ ബോബന് രണ്ടരക്കോടിയൊക്കെ പ്രതിഫലമുണ്ടോ..?'; നിര്‍മാതാവിന്റെ മറുപടി ഇങ്ങനെ
കൊച്ചി: പദ്മിനി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി. കുഞ്ചാക്കോ ബോബന് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി പറഞ്ഞപ്പോള്‍ അനുകൂലമായ സമീപനമല്ല ഉണ്ടായത് എന്ന് സുവിന്‍ കെ വര്‍ക്കി ആരോപിച്ചു. കുഞ്ചാക്കോ ബോബന് എന്തുകൊണ്ട് മുഴുവന്‍ പ്രതിഫലം കൊടുത്തില്ല എന്ന കാര്യമാണ് അവര്‍ തിരക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.
ക്യൂ സ്റ്റുഡിയോവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുവിന്റെ പ്രതികരണം. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് നഷ്ടപ്പെടും എന്ന് കരുതിയാണ് നിര്‍മാതാക്കളുടെ സംഘടനയിലെ പ്രധാന ഭാരവാഹികള്‍ തനിക്കൊപ്പം നില്‍ക്കാത്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുവിന്‍ കെ വര്‍ക്കിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'രണ്ടരക്കോടിയില്‍ രണ്ട് കോടി രൂപ റിലീസിന് മുന്‍പ് തന്നെ മുഴുവന്‍ കൊടുത്തിരുന്നു. ബാക്കി 43 ലക്ഷം രൂപ മാത്രമെ പിടിച്ചുവെച്ചൊള്ളൂ. അതിനുള്ള കാരണം മറ്റ് പ്രൊഡ്യൂസേഴ്സിന് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ്. ചാക്കോച്ചന്റെ തന്നെ ഇതിന് മുന്‍പത്തെ രണ്ടോ മൂന്നോ പടത്തിന്റെ പ്രൊമോഷന് പുള്ളി പങ്കെടുത്തില്ല എന്ന് പ്രൊഡ്യൂസര്‍മാര്‍ക്ക് പരാതിയുണ്ട്.
ചാക്കോച്ചന്‍ പ്രൊമോഷന് വരുമെന്നുറപ്പില്ല, അത് നോക്കിയിട്ട് ബാക്കി കാശ് കൊടുത്താല്‍ മതി എന്നോട് പലരും പറഞ്ഞു. അത് ചെയ്യും, അതൊരു സേഫ്റ്റി മെത്തേഡാണ്. എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഞങ്ങള്‍ പരാതി കൊടുത്തപ്പോള്‍ അവര്‍ ചാക്കോച്ചന് ബാക്കി കാശെന്താ കൊടുക്കാത്തത് എന്നാണ് ചോദിച്ചത്. ഞങ്ങള്‍ പോയത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ്, അല്ലാതെ ആക്ടേഴ്സ് അസോസിയേഷനില്‍ അല്ല.
പക്ഷെ അവിടെ പ്രൊഡ്യൂസറിന് സപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം എന്തുകൊണ്ട് ആക്ടറിന്റെ 20 ശതമാനം പിടിച്ചുവെച്ചു എന്നുള്ളതാണ് ചോദ്യം. അതെപ്പോഴാ കൊടുക്കുന്നത്, അത് കൊടുത്തിട്ടേ സിനിമ റിലീസ് ചെയ്യാന്‍ പറ്റു എന്നൊക്കെയാണ് പറയുന്നത്. ഇങ്ങനെയൊരു ആറ്റിറ്റിയൂഡ് ആണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് വന്നത്.
അല്ലാതെ ഇത്രയും പണം മുടക്കിയ പ്രൊഡ്യൂസറുടെ സിനിമക്ക് ആര്‍ട്ടിസ്റ്റ് വരാത്തതിന് പ്രൊഡ്യൂസറെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ആക്ഷനും അസോസിയേഷനില്‍ നിന്ന് വന്നിട്ടില്ല. അത് സത്യമാണ്. പ്രധാനഭാരവാഹികളെല്ലാവരും ചാക്കോച്ചന്റെ അടുത്ത ഡേറ്റ് ഒപ്പിക്കാന്‍ വേണ്ടി അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഞങ്ങള്‍ ചാക്കോച്ചന് കൊടുക്കാനുള്ള മുഴുവന്‍ പ്രതിഫലവും കൊടുത്തതിന് ശേഷമാണ് ഈ പോസ്റ്റ് ഞങ്ങള്‍ ഇട്ടത്.
വേണമെങ്കില്‍ ഞങ്ങള്‍ക്ക് അത് കൊടുക്കാതെ തന്നെ ഇതൊക്കെ പറയാമായിരുന്നു. പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ നിന്ന് ഇങ്ങനെ ഒരു ആറ്റിറ്റിയൂഡ് വന്നപ്പോഴാണ് മുഴുവന്‍ പ്രതിഫലവും കൊടുത്തതിന് ശേഷം ഞങ്ങള്‍ ഇക്കാര്യം പറഞ്ഞത്. പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ട് ചാക്കോച്ചന് രണ്ടരകോടി കൊടുക്കാനുള്ളതൊക്കെ ഉണ്ടോ എന്ന്. കൊടുത്തില്ലെങ്കിലും ഒരു രൂപ കുറഞ്ഞാലും പുള്ളിക്ക് പരാതിയുണ്ട്.
പുള്ളിക്ക് പുള്ളിയുടെ ശമ്പളം മുഴുവന്‍ കിട്ടിയില്ലെങ്കില്‍ പരാതിയുണ്ട്. അപ്പോള്‍ പടത്തിന് മുതല്‍ മുടക്കുന്ന ആള്‍ക്കാര്‍ക്ക് റിട്ടേണ്‍ കിട്ടുകയോ പ്രൊമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ വരാതിരിക്കുകയോ ചെയ്യുന്നതിന് പരാതി പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരുമില്ല. ഞങ്ങള്‍ വളരെ ചെറിയൊരു പ്രൊഡക്ഷന്‍ ഹൗസ് ആണ്. ഞങ്ങള്‍ നേരിട്ട പ്രശ്നം ജനം അറിയണം എന്നുള്ളത് ഞങ്ങളുടെ അവകാശമാണ്.'












Click it and Unblock the Notifications