കോളേജ് പഠന സമയത്ത് നാട്ടുകാർ എന്നെ പിടിച്ച് കെട്ടിയിട്ടു: കിട്ടിയ എട്ടിന്റെ പണിയെക്കുറിച്ച് സാഗർ
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത് ജോജു ജോർജാണ്. ജോജു ജോർജിന് പുറമെ അഭിനയ, സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തില്‍ സാഗറും ജുനൈസും കാഴ്ച വെച്ച പ്രകടനം എടുത്തുപറഞ്ഞ് അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സര സമയത്തായിരുന്നു ജോജു ജോർജ് ഇരുവരേയും സിനിമയിലേക്ക് ക്ഷണിക്കുന്നത്. സാഗർ നേരത്തെ ഏതാനും ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ജുനൈസിന്റെ ആദ്യ ചിത്രമാണ് പണി.

ഒരു ചെറിയ പടം എന്ന രീതിയിലാണ് തുടക്കത്തില്‍ ജോജു ചേട്ടന്‍ തങ്ങളോട് പറഞ്ഞിരുന്നതെന്നാണ് കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാഗറും ജുനൈസും വ്യക്തമാക്കുന്നത്. അമ്പത് ദിവസമൊക്കെ കഴിഞ്ഞതോടെയാണ് സിനിമയുടെ വലിപ്പം എത്രത്തോളമാണെന്ന് മനസ്സിലായത്. എന്തായാലും വലിയൊരു സംഭവമാണ് ഈ ചിത്രമെന്നും ഇരുവരും പറയുന്നു.
കഥ കേട്ടിട്ടൊന്നും അല്ല ഈ ചിത്രത്തിന്റെ ഭാഗമായത്. ജോജു ചേട്ടന്‍ വന്ന് കാര്യം പറയുന്നു, ഞങ്ങള്‍ പോകുന്നു. ഞങ്ങളെക്കൊണ്ട് ജോജു ചേട്ടന്‍ ചെയ്യിച്ച് എടുത്തതാണ്. ഞങ്ങളുടെ പരിമിധി എന്താണെന്ന് ഞങ്ങളേക്കാള്‍ നന്നായി ജോജു ചേട്ടന് അറിയാം. ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാന്‍ കഴിയില്ലെ എന്നതൊക്കെ. ഒരു ആക്ടർ എന്ന രീതിയില്‍ പുള്ളി മോള്‍ഡ് ചെയ്ത് എടുക്കുകയായിരുന്നു.
ആക്ടിങ് വർക്ക് ഷോപ്പ് ഉണ്ടായിരുന്നു. നൂറില്‍ അധികം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ്. ഞങ്ങള്‍ തന്നെ മൂന്ന് മാസത്തോളം തൃശൂരിലെ ഒരു മനയിലായിരുന്നു. അവിടെ ഒരു ട്രെയിനറുമുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ രാത്രി ജോജു ചേട്ടന്‍ ഞങ്ങളേയും കൊണ്ട് തേക്കിന്‍കാട് മൈതാനിയില്‍ കൊണ്ടു പോയി ഒരോ ഡയലോഗൊക്കെ പറയിപ്പിക്കുമെന്നും സാഗറും ജുനൈസും വ്യക്തമാക്കുന്നു.
അഭിമുഖത്തിനിടെ ജീവിതത്തില്‍ തനിക്ക് കിട്ടിയ ഒരു പണിയെക്കുറിച്ച് സാഗർ വെളിപ്പെടുത്തുന്നുണ്ട്. കോളേജ് പഠന കാലത്ത് നടന്ന ഒരു സംഭവമാണ് താരം പങ്കുവെക്കുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ജൂനിയേഴ്സും സീനിയേഴ്സും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമല്ലോ. അങ്ങനെയൊരു പ്രശ്നത്തിനിടയില്‍ അവിടുത്തെ നാട്ടുകാരൊക്കെ ചേർന്ന് എന്ന് കെട്ടിയിട്ടിരുന്നു. അതായത് ലോക്ക് ചെയ്തു. പിന്നെ പൊലീസൊക്കെ വന്നാണ് രക്ഷപ്പെടുത്തിയത്.
എഞ്ചിനീയറിങിന് പഠിക്കുന്ന സമയത്താണ് ഈ പ്രശ്നം ഉണ്ടാകുന്നത്. എന്റെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. വണ്ടിയെടുത്ത് അപ്പോള്‍ തന്നെ അവിടുന്ന സ്ഥലം കാലിയാക്കണമായിരുന്നു. ഞാന്‍ വണ്ടിയെടുത്ത് സ്റ്റാർട്ട് ചെയ്തപ്പോള്‍ പുറകിലിരിക്കുന്നവനെ കാണാനില്ല. അപ്പോഴേക്കും നാട്ടുകാർ വന്ന് താക്കോലൊക്കെ എടുക്കുകയായിരുന്നു. അങ്ങനെയാണ് ലോക്കായിപ്പോയതെന്നും സാഗർ പറയുന്നു.












Click it and Unblock the Notifications