പാർവതി തിരുവോത്ത് എയറിൽ; 'പറഞ്ഞവാക്കിന് ഇത്തിരിയെങ്കിലും വിലകൊടുക്കൂ', ട്രോളി സീക്രട്ട് ഏജന്റ്
ധനുഷിനെതിരെ നയൻതാര രംഗത്തെത്തിയപ്പോൾ ആദ്യം പിന്തുണച്ചെത്തിയ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. വെറുതെ എന്തെങ്കിലും വന്ന് സംസാരിക്കുന്ന ആളല്ല നയൻതാരയെന്നും ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കപ്പെടുന്ന 'സെൽഫ് മെയ്ഡ്' ആയ അവർക്ക് പിന്തുണ പ്രഖ്യാപിക്കാൻ അധികം സമയം വേണ്ടി വന്നില്ലെന്നുമാണ് ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് പാർവതി മറുപടി നൽകിയത്.
അതേസമയം ഈ പ്രതികരണത്തിന് പിന്നാലെ പാർവതിക്കെതിരെ വലിയ ട്രോളുകളാണ് ഉയരുന്നത്. നയൻതാരയെ 'ലേഡി സൂപ്പർ സ്റ്റാർ' എന്ന് വിളിച്ചതാണ് ട്രോളിന് കാരണം. മുൻപ് മലയാളത്തിലെ നടൻമാരെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച താരമായിരുന്നു പാർവതി. ഇത് സംബന്ധിച്ച് മുൻപ് പാർവതി നൽകിയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പുകൾ പങ്കിട്ടാണ് നടിക്കെതിരെ പരിഹാസം ഉയരുന്നത്.

നയൻതാരയെ കുറിച്ച് നടി പറഞ്ഞതും നടിയുടെ മുൻപത്തെ വാക്കുകളും ഇങ്ങനെ
നയൻതാരയെ കുറിച്ച് പറഞ്ഞത്-' നയൻതാരയുടെ പോസ്റ്റ് കണ്ടപ്പോൾ തന്നെ പങ്കുവെയ്ക്കണമെന്ന് തോന്നി. സെൽഫ് മെയ്ഡ് വുമൺ ആണ് അവർ.സ്വന്തമായി കരിയർ ബിൽഡ് ചെയ്തു കൊണ്ടുവന്ന ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്ന നയൻതാരക്ക് അത്തരത്തിൽ ഒരു മൂന്ന് പേജ് തുറന്ന കത്ത് എഴുതേണ്ടി വന്നെങ്കിൽ അവർ അത്തരം മാനസികാവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ടായിരിക്കാം. അവരെ പിന്തുണയ്ക്കണമെന്ന് എനിക്ക് തോന്നി'.
സൂപ്പർ സ്റ്റാർ ടൈറ്റിലിനെതിരായ വിമർശനം ഇങ്ങനെ- 'എന്താണ് സൂപ്പർ സ്റ്റാർ, അങ്ങനെയൊക്കെ വിളിക്കുന്നത് കൊണ്ട് ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്ന് എനിക്ക് അറിയില്ല. സൂപ്പർ സ്റ്റാർ എന്നാൽ എന്താണെന്ന് എനിക്ക് അറിയില്ല, ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ആൾക്കാർ വിളിക്കുന്നതാണോയെന്നൊന്നും അറിയില്ല. സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പിയായിരിക്കും. എന്നാൽ സ്റ്റാർ എന്താണെന്നാണ് എനിക്ക് അറിയില്ല'.
വിഷയത്തിൽ നടിക്കെതിരെ രൂക്ഷപരിഹാസം ഉയർത്തുകയാണ് ബിഗ് ബോസ് താരവും യുട്യൂബറുമായ സീക്രട്ട് ഏജന്റ് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. മുൻപ് പറഞ്ഞ വാക്കിന് അൽപം എങ്കിലും വിലകൊടുക്കൂവെന്ന് സായ് പറഞ്ഞു. സായ് കൃഷ്ണയുടെ വാക്കുകളിലേക്ക് -'പാർവ്വതി തിരുവോത്തിനെ പോലുള്ളവരുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഒരു സ്ത്രീ എന്തെങ്കിലും പരാതിപ്പെടുമ്പോൾ ഇടംവലം നോക്കാതെ പ്രതികരിച്ചെത്തുമെന്നതാണ്. പെണ്ണുങ്ങളുടെ കാര്യം വരുമ്പോൾ അവർ സൂപ്പർ സ്റ്റാർ. അതൊന്നും ഒരു പ്രശ്നമേ അല്ല.
പറഞ്ഞവാക്കിന് ഇത്തിരിയെങ്കിലും വിലകൊടുക്കൂ, അൽപ്പം ബോധത്തോടെ സംസാരിക്കൂ. സ്വന്തം ബെൽറ്റിന് അകത്തുള്ളവരെ കുറിച്ച് പറയുമ്പോൾ സൂപ്പർ സ്റ്റാർ എന്നൊക്കെ തള്ളാം. സിനിമ ഫീൽഡുള്ള പാർവതിക്ക് കോപ്പി റൈറ്റ്സിനെ കുറിച്ചൊക്കെ വ്യക്തമായ ബോധം ഉണ്ടാകില്ലേ? എന്താണ് നയൻതാര പറഞ്ഞത്, നിയമപരമായി നീങ്ങും എന്നല്ലേ. സാധാരണ സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പറഞ്ഞാൽ ഇവർക്കൊന്നും പറ്റില്ല. ലേഡി സൂപ്പർ സ്റ്റാറിന്റെ കേസായപ്പോൾ നാല് പോസ്റ്റ്, പണ്ട് പറഞ്ഞത് മാറ്റി പറയും, ഇങ്ങനെയുള്ളവരാണ് അൾട്രാ ദുരന്തം', സായ് കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications