വിജയക്കുതിപ്പ് തുടരാന്‍ ബേസില്‍.. പൊന്‍മാന് കൈയടി; ആദ്യദിനം തിയേറ്ററില്‍ നിന്ന് ലഭിച്ചത് ഇത്ര
കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ബേസില്‍ ജോസഫ്. നായകനായി എത്തിയ ഏഴ് സിനിമകളില്‍ ആറിലും സൂപ്പര്‍ഹിറ്റാക്കിയാണ് ബേസില്‍ 2024 അവസാനിപ്പിച്ചത്. ഇത് കൂടാതെ അജയന്റെ രണ്ടാം മോഷണം, വാഴ എന്നീ ബോക്‌സോഫീസ് കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രങ്ങളില്‍ സഹനടനായും ബേസില്‍ ജോസഫ് എത്തിയിരുന്നു.
ഈ വര്‍ഷവും കൈനിറയെ സിനിമകളാണ് ബേസില്‍ ജോസഫിന്റേതായി പുറത്തിറങ്ങാനുള്ളത്. പ്രാവിന്‍കൂട് ഷാപ്പ് ആയിരുന്നു ബേസിലിന്റേതായി ഈ വര്‍ഷം ആദ്യമിറങ്ങിയ സിനിമ. ബേസില്‍ പോലീസ് വേഷത്തില്‍ എത്തിയ ത്രില്ലര്‍ ചിത്രമായ പ്രാവിന്‍കൂട് ഷാപ്പ് ജനുവരി 16 നാണ് റിലീസ് ചെയ്തത്. 1.5 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. ആദ്യ ആഴ്ചയില്‍ തന്നെ 5.49 കോടി കളക്ഷന്‍ നേടാനും ചിത്രത്തിനായിരുന്നു.

പ്രാവിന്‍കൂട് ഷാപ്പ് തിയേറ്ററില്‍ തുടരുന്നതിനിടെയാണ് ഇന്നലെ ബേസില്‍ കേന്ദ്രകഥാപാത്രമായെത്തിയ പൊന്‍മാന്‍ റിലീസ് ചെയ്തത്. ആദ്യ ദിനം മികച്ച പ്രതികരണമാണ് പൊന്‍മാന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രാവിന്‍കൂട് ഷാപ്പിന്റെ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ പൊന്‍മാന് സാധിച്ചിട്ടില്ല. ആദ്യദിനം 75 ലക്ഷം രൂപയാണ് പൊന്‍മാന്‍ കളക്ട് ചെയ്തത്. 'പൊന്‍മാനിന്' ഒന്നാം ദിവസം ആകെ 19.75 ശതമാനം ഒക്യുപെന്‍സി ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെത്തെ ഷോയില്‍ 14.93 ശതമാനവും ഉച്ചകഴിഞ്ഞുള്ള ഷോയില്‍ 14.29 ശതമാനവും ഈവനിംഗ് ഷോയില്‍ 18.56 ശതമാനവും നൈറ്റ് ഷോയില്‍ 31.22 ശതമാനവുമായിരുന്നു ഒക്യുപെന്‍സി എന്ന് സാക്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് പൊന്‍മാന് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എല്ലാം പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് പൊന്‍മാനിന് ലഭിക്കുന്നത്.
അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കളക്ഷനില്‍ വലിയ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത 'പൊന്‍മാന്‍' ജിആര്‍ ഇന്ദുഗോപന്‍ രചിച്ച 'നലഞ്ചു ചെറുപ്പക്കാര്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ലിജോമോള്‍ ജോസാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിലിനേയും ലിജോമോളേയും കൂടാതെ സജിന്‍ ഗോപു, ആനന്ദ് മന്മദന്‍, ദീപക് പറമ്പോല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജിആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. കോമഡി, ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍ എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.












Click it and Unblock the Notifications