'പ്രകാശ് രാജിന്റെ പ്രസ്താവന സത്യവിരുദ്ധം, ആ ഇരിക്കുന്ന ആൾദൈവത്തെയാണ് ജനം കൂവി വിളിച്ചത്'; ഹരീഷ് പേരടി
ഐഎഫ്എഫ്കെ സമാപന വേദിയിലെ നടൻ പ്രകാശ് രാജിന്റെ പ്രസംഗത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയവരാണെന്ന നടൻ പരാമർശം സത്യവിരുദ്ധമാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ചലച്ചിത്ര അക്കാദമിയിലെ തർക്കങ്ങളേയും സംവിധായകൻ രഞ്ജിത്തിനേയും ലക്ഷ്യം വെച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
'കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യ വിരുദ്ധമാണ്..ആ ഉത്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ്. ആ ആൾ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യർ കൂവി വിളിച്ചത്. അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയിൽ ഇരുന്ന് മോദിയെ വിമർശിച്ചാൽ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവും.

താങ്കൾ ഒരു പഴയ നാടകക്കാരനായതുകൊണ്ട് പറയുകയാണ്. അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരൻ ഉണ്ടായിരുന്നു. അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആൾ ദൈവത്തിനുനേരെ അക്കാദമിക്കുള്ളിൽ ഇരുന്ന് കലാപം തുടങ്ങിയത് .മനോജിനെ കാണാനും പരിചയപ്പെടാനും താങ്കൾക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. മനോജ് കാനയും സുഹൃത്തുക്കളും മിക്കവാറും അവിടെനിന്ന് പുറത്താവും..ആൾ ദൈവം അവിടെത്തനെയുണ്ടാവും...അതുകൊണ്ട് പ്രകാശ് രാജ് സാർ ഫാസിസത്തിനെതിരെ സംസാരിക്കാൻ ആൾ ദൈവങ്ങൾ വിളിക്കുമ്പോൾ ഇനിയും ഓടി വരിക ...സ്വാഗതം', ഹരീഷ് പേരടി കുറിച്ചു.
'കേരളീയരുടെ സ്നേഹം, വിശ്വാസം, പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നതും ഇഷ്ടമാണ്. നിങ്ങളുടെ എഴുത്തുകാരെക്കുറിച്ചും സംവിധായകരെക്കുറിച്ചും അഭിമാനമുണ്ട്', എന്നായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ. അതേസമയം ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിൽ ഇത്തവണയും വലിയ കൂവലാണ് രഞ്ജിത്ത് നേരിട്ടത്. സ്വാഗത പ്രസംഗത്തിന് ക്ഷണിച്ചപ്പോഴായിരുന്നു കാണികൾ കൂവിയത്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കൂവലിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത. ഡോ. ബിജുവിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വിവാദമായതിന് പിന്നാലെ സംവിധായകനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടിലാണ് അക്കാദമി അംഗങ്ങൾ.
രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അക്കാദമി ജനറൽ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ചെയര്‍മാന്റെ സമീപനം ഏകാധിപതിയെപ്പോലെയാണെന്നും എല്ലാവരോടും പുച്ഛമാണെന്നും മനോജ് കാന പറഞ്ഞിരുന്നു.












Click it and Unblock the Notifications