ദിലീപിന്റെ ചലച്ചിത്ര വഷളത്തരങ്ങള്‍ വിജയിക്കാതായത് അതുകാണ്ട്: എംഎ ബേബിയേയും വിമർശിച്ച് പ്രമോദ് പുഴങ്കര
ദിലിപീന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിന്‍സ്‍ ആന്‍ഡ് ഫാമിലി കണ്ടതിന് ശേഷം മികച്ച അഭിപ്രായം പങ്കുവെച്ച സി പി എം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും നേരിടേണ്ടി വന്നത്. വിമർശനം ശക്തമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എംഎ ബേബി പിന്നീട് രംഗത്ത് വരികയും ചെയ്തു.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ സംവിധായകന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന മൂലമാണ് താൻ സിനിമ കാണാൻ നിർബന്ധിതനായത്. സിനിമയിൽ നല്ല സന്ദേശമുണ്ടെന്ന് തോന്നിയപ്പോഴാണ് സംവിധായകന്‍ അല്ലാതെ മറ്റാരുടേയും പേര് പരാമർശിക്കാതെ അത് പറഞ്ഞത്. ഇതിന് മറ്റ് അർത്ഥങ്ങൾ കാണേണ്ട ആവശ്യമില്ലെന്നും, സിനിമയിൽ അഭിനയിച്ച ആരോപണവിധേയനായ നടനെ താൻ ന്യായീകരിക്കുന്നുവെന്ന് വ്യാഖ്യാനിക്കരുതെന്നുമായിരുന്നു എംഎ ബേബിയുടെ വിശദീകരണം.

എന്നാല്‍ വിശദീകരണത്തിന് പിന്നാലെയും എംഎ ബേബിക്കെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യ നിരീക്ഷകന്‍ പ്രമോദ് പുഴങ്കര നടത്തുന്നത്. സാഹചര്യങ്ങള്‍ അറിഞ്ഞിട്ടും ദിലീപിന്റെ പുതിയ സിനിമയുടെ സന്ദേശം കൊള്ളാമെന്നൊക്കെപ്പറഞ്ഞതിന് ബേബി നൽകിയ ന്യായങ്ങളൊക്കെ അയാളുടെ പ്രവർത്തിയുടെ ആഭാസത്തരത്തെ ഒന്നുകൂടി വർധിപ്പിക്കുന്നതേയുള്ളുവെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. പ്രമോദ് പുഴങ്കരയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ചലച്ചിത്ര നടി കൂടിയായൊരു സ്ത്രീക്കെതിരെ ഗുണ്ടകളെക്കൊണ്ട് ലൈംഗികാക്രമണം നടത്തിച്ച കുറ്റകൃത്യത്തിൽ പ്രതിയാണ് ചലച്ചിത്ര നടൻ ദിലീപ്. ആക്രമണത്തിനിരയായ സ്ത്രീയുടെ ഒപ്പം കേരളത്തിലെ ജനങ്ങൾ വലിയതോതിൽ നിന്നതുകൊണ്ടാണ് ദിലീപ് എന്ന, ലൈംഗികാക്രമണകേസിലെ പ്രതിയുടെ ചലച്ചിത്ര വ്യവസായ വഷളത്തങ്ങളൊന്നും പിന്നീട് വേണ്ടത്ര വിജയിക്കാതെപ്പോയത്. എന്നാൽ ഇത്രയും കാര്യങ്ങളൊന്നും സി പി ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് ദിലീപിന്റെ പുതിയ സിനിമ കാണാൻ പോകുമ്പോൾ അറിയില്ലായിരുന്നു എന്ന കരുതാനും വയ്യ. അപ്പോൾ ദിലീപിന്റെ പുതിയ സിനിമയുടെ സന്ദേശം കൊള്ളാമെന്നൊക്കെപ്പറഞ്ഞതിന് ബേബി നൽകിയ ന്യായങ്ങളൊക്കെ അയാളുടെ പ്രവർത്തിയുടെ ആഭാസത്തരത്തെ ഒന്നുകൂടി വർധിപ്പിക്കുന്നതേയുള്ളു.
ഒരു യുവ സംവിധായകൻ നിർബന്ധിച്ചു, ഞാൻ പോയി, സിനിമ അസാധാരണ ഔന്നത്യമില്ലെങ്കിലും കൊള്ളാമെന്നു തോന്നി, നല്ല സന്ദേശമുണ്ടെന്ന് തോന്നി, ഞാനത് പറഞ്ഞു, അതിലൊരു തെറ്റുമില്ല എന്നാണ് ബേബി പറയുന്ന ന്യായത്തിന്റെ ചുരുക്കം. ബേബി ജീവിക്കുന്നത് അപ്പോഴുള്ള ഒരൊറ്റ നിമിഷത്തിലാണ്, അതിന്റെ പിന്നിലോ മുന്നിലോ അദ്ദേഹത്തിന് കാലമോ ചരിത്രമോ പ്രശ്നമല്ല എന്ന് കരുതേണ്ടിവരും.
തന്റെ ആസ്വാദനശേഷ ന്യായത്തിൽ ബേബി പറയുന്നത് അപ്രതീക്ഷിതമായി പലർക്കും പ്രയാസമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നാണ്. ഇക്കാര്യത്തിൽ കൂടുതൽ അർത്ഥമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതായത് ഇപ്പോഴും താൻ ചെയ്തതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി അയാൾക്ക് തോന്നുന്നില്ല. നിഷ്ക്കളങ്കരും ലോലഹൃദയരുമായ നിങ്ങൾക്ക് ഈ മാനവികതയുടെ വിശാലമുഖം മനസിലാകാതെ പ്രയാസമുണ്ടായതിൽ ആ താപസഹൃദയത്തിന് വിഷമമുണ്ടെന്നേയുള്ളൂ.
ഹെർസോഗ് മുതൽ ഗൊദാർദ് വരെയും അടൂർ മുതൽ അരവിന്ദൻ വരെയും സഞ്ചരിക്കുന്ന ജ്ഞാനവൃദ്ധനാണ് ബേബി എന്നാണ് അദ്ദേഹത്തിൻറെ പുതുക്കിയ ജാതകത്തിൽ എഴുതിച്ചേർത്തിട്ടുള്ളതെങ്കിലും അശ്ലീലവും അക്രമവും ഇല്ലാത്ത ഏതൊരു സിനിമയെയും അതിന്റെ ജനപ്രിയ സന്ദേശമൂല്യത്തെ മുൻനിർത്തി പ്രകീർത്തിക്കാൻ മടിയില്ലാത്ത വിശാലഹൃദയനായ സഖാവ് ഗീവർഗീസാശാൻ കൂടിയാണ് താനെന്നാണ് അദ്ദേഹം തെളിയിക്കുന്നത്.
ദിലീപ് എന്ന, ലൈംഗികാക്രമണക്കേസിലെ പ്രതിയുടെ സിനിമയെ പ്രകീർത്തിക്കുമ്പോൾ അതിന്റെ മറ്റൊരു സാമൂഹ്യ,രാഷ്ട്രീയാവശവും ആലോചിച്ചില്ല എന്നൊക്കെപ്പറഞ്ഞാൽ ബേബിക്ക് രാഷ്ട്രീയവായന മാത്രമല്ല, പത്രവായനയും കമ്മിയാണെന്ന് കരുതേണ്ടിവരും. അതങ്ങനെയാകാൻ വഴിയില്ലാത്തതുകൊണ്ട് തന്റെ രാഷ്ട്രീയപദവിയെ സമ്മർദ്ദത്തിലാക്കുകയും ചോദ്യങ്ങളുയർത്തുകയും ചെയ്യുന്ന ഇത്തരമൊരു സാഹസത്തിന് ബേബിയെ പ്രേരിപ്പിച്ചതെന്ത് എന്നത് മാത്രമാണ് അറിയേണ്ടത്. അതെന്തായാലും സിനിമയുടെ മൂല്യസന്ദേശമല്ല എന്നതുറപ്പ്.
കേരളത്തിലെ സി പി ഐ (എം) എത്തിപ്പെട്ട അഗാധമായ ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയ ശൂന്യതയുടെ ജീർണ്ണത കൂടിയാണ് ബേബിയുടെ ഈ നടപടിയും തുടർന്യായവാദങ്ങളും. സ്തുതിപാഠകർക്കും ജനാധിപത്യവിരുദ്ധമായ തരത്തിൽ എതിരഭിപ്രായങ്ങൾക്കെതിരെ നീചമായ ആക്രമണങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവർക്കും കൊട്ടാരം സദസ്സിൽ സ്ഥാനം ലഭിക്കുന്നൊരു സംവിധാനമായി അത് മാറിയിരിക്കുന്നു. സാഹിത്യമോഷണം മുതൽ ലൈംഗികാതിക്രമം വരെ, പിണറായിക്കും ഭരണകക്ഷിക്കുമൊപ്പം എന്ന് പ്രഖ്യാപിച്ചാൽ അവിടെ പൊറുക്കപ്പെടും. സർക്കാറിന്റെയും പാർട്ടിയുടെയും ചെലവിൽ സാംസ്കാരിക,സാമൂഹ്യ നായിക നായകന്മാരായി കൊണ്ടാടപ്പെടും. അവിടെയിപ്പോൾ ദിലീപിനും അത്തരത്തിലൊരു പരിഗണനകിട്ടുന്നതിൽ അത്ഭുതമില്ല.
മലപ്പുറം പ്രത്യേക രാജ്യമാണെന്നും അവിടെ ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞ വെള്ളാപ്പള്ളി നടേശനെ കർമ്മകുശലതയുടെ അപൂർവ്വജന്മമായി വാഴ്ത്താൻ തൊട്ടുപിന്നാലെ ഓടിയെത്തിയത് പിണറായി വിജയനാണ്. നാട്ടുകാരുടെ കാശുമുഴവൻ വീതംവെച്ച് അതിലിത്തിരി ബാക്കിയുള്ളതെടുത്തുണ്ടാക്കുന്ന ദേശീയപാത കേരളമാകെ താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും എന്നമട്ടിൽ കിടന്നുമറിയുമ്പോൾ എന്തെങ്കിലുമൊരു പ്രതിഷേധം ഇടതുപക്ഷത്തിനുണ്ടോ. ഗഡ്‌കരി ഈ വീടിന്റെ ഐശ്വര്യം എന്ന ഫലകം പൊതുമരാമത്ത് മന്ത്രിയുടെ വീടിനുമുന്നിൽ കാണും.
ബേബിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാളെ മുതൽ നീയാണ് ദേശീയ ജനറൽ സെക്രട്ടറി എന്ന് പറഞ്ഞു അവിടെയിരുത്തി എന്നതല്ലാതെ അതുകൊണ്ടെന്തെങ്കിലും പുതുതായി ചെയ്യാനുണ്ടെന്ന് അദ്ദേഹത്തിനും ഇരുത്തിയവർക്കും തോന്നുന്നില്ല. അവിടെയിരുത്തിയതുതന്നെ ഇങ്ങനെ സിനിമയൊക്കെക്കണ്ട്, കച്ചേരിയൊക്കെകേട്ട് കാലം കഴിക്കാനാണ്. ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കാത്ത സെക്രട്ടറിക്കായുള്ള അന്വേഷണമാണ് ഒടുവിൽ ഫലപ്രാപ്തിയിലെത്തിയത്. അപ്പോൾ ബേബി കണ്ട സിനിമ ഇത്തിരി മാറിപ്പോയെന്നേയുള്ളു.
കിന്നാരത്തുമ്പികൾ കാണാൻ ക്ഷണിച്ചാൽ കൗമാരക്കാർ മുതിർന്ന സ്ത്രീകളുമായി പ്രണയ, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അത് പല വൈകാരിക പ്രശ്നങ്ങളിലേക്കും നയിക്കാമെന്ന സന്ദേശം നൽകുന്ന കാണേണ്ട സിനിമയാണെന്ന് അദ്ദേഹം പറയുമായിരിക്കും. ഒരു കലാവിമര്ശകന്റെ സൂക്ഷ്മദൃഷ്ടിയെ സാധാരണക്കാരായ മനുഷ്യർക്ക് എളുപ്പം പിടികിട്ടിയെന്നുവരില്ല. ഇത്രയും ക്ഷമയും വിശാലഹൃദയവുമുള്ളതുകൊണ്ടാണ് ബേബിയും പിണറായിയുമൊക്കെ അദാനിയെപ്പോലുള്ള മുതലാളിമാരോടൊക്കെ ക്ഷമിക്കുന്നത്. സ്നേഹിക്ക ബേബീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ന്നാണല്ലോ ഏതാണ്ട് കൊല്ലത്തിനടുത്തുണ്ടായിരുന്നൊരു കവി പാടിയത്.












Click it and Unblock the Notifications